സൂര‍്യകുമാർ യാദവ്, ശ്രേയസ് അയ്യർ
ന‍്യൂഡൽഹി: ടി20 ലോകകപ്പ് നേടികൊടുത്തതിനു പിന്നാലെ ഇന്ത‍്യൻ ടീമിൽ നിന്നും പുറത്താക്കപ്പെട്ടതിൽ പ്രതികരണവുമായി മുൻ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ്. തന്‍റെ പേര് ടീമിലില്ലെന്ന് വാർത്ത കണ്ടപ്പോൾ ചിരികുകയായിരുന്നുവെന്നും കരിയറിൽ സമ്മർദ ഘട്ടങ്ങൾ നേരിട്ടപ്പോൾ ചിരിയോടെ തന്നെയാണ് നേരിട്ടിട്ടുള്ളതെന്നും അദ്ദേഹം ആകാശ് ചോപ്രയുടെ യൂട‍്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോഴുള്ള സാഹചര‍്യം പോലെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരതിയിരുന്നില്ല. 2026ന് ശേഷം രണ്ട് വർഷത്തേക്ക് ടീമിനെ മുന്നോട്ട് കൊണ്ട് പോകാനാകുമെന്നാണ് കരുതിയത്. ഒളിംപിക്സ് വരും. അടുത്ത ടി20 ലോകകപ്പ് ഉണ്ടാകും. എന്നാൽ നിങ്ങൾ ചിന്തിക്കുന്നതും മറ്റൊരാൾ ചിന്തിക്കുന്നതും രണ്ട് വ‍്യത‍്യസ്ത കാര‍്യങ്ങളാണ്. അവർക്ക് അവരുടെ ചിന്തകളെ ബഹുമാനിക്കേണ്ടത് പ്രധാനമാണ്. ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് അവർക്ക് തോന്നി. അവർ ആ തീരുമാനമെടുത്തു. പക്ഷേ ഞാൻ പ്രതികരിച്ചില്ല.
സൂര‍്യകുമാർ പറഞ്ഞു. അവർ തെരഞ്ഞെടുത്ത ടീമിനെ ഞാൻ കണ്ടു. ഞാൻ ശ്രേയസുമായി ഒരുപാട് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവൻ മികച്ച താരമാണെന്ന് എനിക്കറിയാം, നല്ലൊരു മനുഷ‍്യനും മികച്ച ക‍്യാപ്റ്റനുമാണ്. അവനെ എന്തിനാണ് ക‍്യാപ്റ്റനാക്കിയതെന്ന് ഞാൻ ചിന്തിച്ചില്ല.
പക്ഷേ എനിക്ക് നിരാശ തോന്നി. കാരണം രണ്ടു വർഷമായി ഒരു പരമ്പര പോലും പരാജയപ്പെട്ടിട്ടില്ല. ലോകകപ്പും ഏഷ‍്യ കപ്പും വിജയിച്ചു. എല്ലാം ശരിയായി മുന്നോട്ടു പോകുമ്പോൾ എന്തിന് ആ മാറ്റം കൊണ്ടു വന്നു. ഇത് തന്നെയായിരുന്നു എന്‍റെ മനസിൽ. ഞാൻ വീട്ടിൽ ഒന്നര മാസത്തോളം ഇരുന്നു. സ്കൈ പറഞ്ഞു.
ഞാൻ ആഗ്രഹിച്ചതു പോലെയായിരുന്നില്ല ഐപിഎൽ സീസൺ. ഞങ്ങൾ വീട്ടിലിരിക്കുമ്പോൾ സുഹൃത്തുക്കളും കുടുംബവും വന്നു. എല്ലാവരും പറഞ്ഞു ജീവിതത്തിന്‍റെ ഭാഗമാണിതെന്ന്. എന്നാൽ അവർ വീട് വിട്ട് പോകുമ്പോൾ ഞാൻ വീട്ടിൽ ഒറ്റയ്ക്കാകും. ടീം പ്രഖ‍്യാപിക്കുന്നതിന് രണ്ടു ദിവസം മുൻപ് സെലക്റ്റർമാർ തന്നെ വിളിച്ച് പുതിയൊരാളിലേക്ക് വഴിമാറാനുള്ള സമയമായെന്ന് പറഞ്ഞെന്നും അപ്പോൾ താൻ പ്രതികരിച്ചില്ലെന്നും അത് തന്‍റെ തെറ്റല്ലെന്നും ടീമിന് നല്ലതെന്ന് തോന്നിയാണ് അവർ ആ തീരുമാനമെടുത്തതെന്നും സൂര‍്യ പറഞ്ഞു. അവർ എന്നെ വിളിച്ചു കാര‍്യം പറഞ്ഞു.
അതിൽ യാതൊരു പ്രശ്നവുമില്ല. എപ്പോൾ വേണമെങ്കിലും ടീമിലേക്ക് തിരിച്ചുവരാൻ ഞാൻ തയാറാണ്. സൂര‍്യകുമാർ വ‍്യക്തമാക്കി. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അയർലൻഡ്- ഇംഗ്ലണ്ട് പരമ്പരകൾക്കായി സൂര‍്യയ്ക്ക് പകരം ശ്രേയസ് അയ്യരെയാണ് ക‍്യാപ്റ്റനാക്കിയത്. ബാറ്ററെന്ന നിലയിൽ മോശം ഫോമിലായിരുന്നതിനാലാണ് സെലക്റ്റർമാർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. എന്നാൽ മോശം ഫോമിൽ തുടരുമ്പോഴും ക‍്യാപ്റ്റനെന്ന നിലയിൽ ടീമിനെ വിജയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.