മുംബൈ: ഇന്ത്യയുടെ ടി20 ക്രിക്കറ്റ് സ്പെഷ്യലിസ്റ്റുകളായ സൂര്യകുമാർ യാദവും ശിവം ദുബെയും രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ കളിക്കാനുള്ള മുംബൈ ടീമിൽ. സൂര്യകുമാർ നയിച്ച ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 4-1നു സ്വന്തമാക്കിയിരുന്നു.
ഈ ടീമിൽ ആദ്യം ഉൾപ്പെടാതിരുന്ന ദുബെ, നിതീഷ് കുമാർ റെഡ്ഡിക്കു പരുക്കേറ്റതിനെത്തുടർന്ന് ടീമിലെത്തുകയും രണ്ട് ഇംപാക്റ്റ് ഇന്നിങ്സ് കളിക്കുകയും ചെയ്തിരുന്നു. അതേസമയം, ടൂർണമെന്‍റിൽ ഉടനീളം മോശം ഫോമിലായിരുന്നു സൂര്യ.
ഹരിയാനയാണ് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ മുംബൈയുടെ എതിരാളികൾ. പഞ്ചദിന മത്സരം ഫെബ്രുവരി എട്ടിനു തുടങ്ങും.
2023 ജൂലൈയിലെ ദുലീപ് ട്രോഫി ഫൈനലിനു ശേഷം രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് മുംബൈക്കു വേണ്ടി സൂര്യ കളിച്ചിട്ടുള്ളത്. ഇതിലൊന്ന് ഈ സീസണിലെ രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരേയുള്ള മത്സരവും.
ദുബെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സമീപകാലത്ത് സജീവമല്ല. കഴിഞ്ഞ മാസം ജമ്മു കശ്മീരിനോട് മുംബൈ പരാജയപ്പെട്ട മത്സരത്തിൽ ദുബെ കളിച്ചിരുന്നു. രോഹിത് ശർമയും യശസ്വി ജയ്സ്വാളും ശ്രേയസ് അയ്യരും, അജിങ്ക്യൻ രഹാനെയും കൂടി ഉൾപ്പെട്ട ടീമായിരുന്നു ഇത്. ഈ സീസണിൽ ഈയൊരു മത്സരം മാത്രമാണ് രഞ്ജി ട്രോഫിയിൽ ദുബെ കളിച്ചത്.
ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയെങ്കിലും ഈ സീസണിൽ മുംബൈ ബാറ്റിങ് നിര സ്ഥിരത പുലർത്തിയിരുന്നില്ല. കൗമാര ഓപ്പണർ ആയുഷ് മാത്രെയും വാലറ്റത്ത് ശാർദൂൽ ഠാക്കൂർ, ഷംസ് മുലാനി, തനുഷ് കൊടിയാൻ എന്നിവരുമാണ് പല മത്സരങ്ങളിലും ടീമിനു രക്ഷയായത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്ന സർഫറാസ് ഖാൻ പരുക്കു കാരണവും സഹോദരൻ മുഷീർ ഖാൻ വാഹനാപകടത്തെത്തുടർന്നും പുറത്തിരിക്കുകയാണ്. അച്ചടക്കലംഘനത്തിന്‍റെയും ഫോമില്ലായ്മയുടെ പേരിൽ ഓപ്പണർ പൃഥ്വി ഷായെ നേരത്തെ തന്നെ ടീമിൽനിന്നു പുറത്താക്കിയിരുന്നു.
മുംബൈ ടീം ഇങ്ങനെ:
അജിങ്ക്യൻ രഹാനെ (ക്യാപ്റ്റൻ), ആയുഷ് മാത്രെ, അംഗ്കൃഷ് രഘുവംശി, അമോഗ് ഭട്കൽ, സൂര്യകുമാർ യാദവ്, സിദ്ധേഷ് ലാഡ്, ശിവം ദുബെ, ആകാശ് ആനന്ദ് (വിക്കറ്റ് കീപ്പർ), ഹാർദിക് തമോറെ (വിക്കറ്റ് കീപ്പർ), സൂര്യാംശ് ഷെഡ്ഗെ, ശാർദൂൽ ഠാക്കൂർ, ഷംസ് മുലാനി, തനുഷ് കൊടിയാൻ, മോഹിത് അവസ്ഥി, സിൽവസ്റ്റർ ഡിസൂസ, റോയ്സ്റ്റൺ ഡയസ്, അഥർവ അൻകൊലേക്കർ, ഹർഷ് തന്ന.