ഏഷ്യ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘയ്ക്ക് ഹസ്തദാനം ചെയ്യാതെ മടങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.

 
Sports

സൂര്യകുമാറിന് താക്കീത്, റൗഫിന് പിഴ

രാഷ്ട്രീയ പ്രസ്താവനകൾ നടത്തരുതെന്ന് സൂര്യകുമാർ യാദവിന് ഐസിസി താക്കീത് നൽകി; 6-0 ആഗ്യം കാണിച്ച പാക്കിസ്ഥാൻ താരം ഹാരിസ് റൗഫിന് മാച്ച് ഫീസിന്‍റെ 50% പിഴ

VK SANJU

ഏഷ്യ കപ്പിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയു‌ടെ വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കൾക്കും ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ഇന്ത്യൻ സൈനികർക്കും സമർപ്പിക്കുന്നതായി സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. സാഹിബ്സാദാ ഫർഹാനും ഹാരിസ് റൗഫും പ്രകോപനപരമായ ആംഗ്യങ്ങളും കാണിച്ചു.

ദുബായ്: ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ ( ICC ) താക്കീത്. രാഷ്ട്രീയ പരാമർശങ്ങൾ നടത്തരുതെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

ഏഷ്യ കപ്പിലെ ആദ്യ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിനു ശേഷം, ഈ വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കൾക്കും ഓപ്പറേഷൻ സിന്ദൂറൽ പങ്കെടുത്ത ഇന്ത്യൻ സൈനികർക്കും സമർപ്പിക്കുന്നതായി സൂര്യകുമാർ യാദവ് പറഞ്ഞിരുന്നത്. ഇതിനെതിരേ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ( PCB ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐസിസി നടപടി.

സൂര്യകുമാർ യാദവിനെ മാച്ച് റഫറി റിച്ചി റിച്ചാർഡ്സൺ ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു. സൂര്യകുമാർ ഉപയോഗിച്ച ഓപ്പറേഷൻ സിന്ദൂർ എന്ന പ്രയോഗം രാഷ്ട്രീയസൂചകമാണെന്നാണ് റിച്ചാർഡ്സൺ കണ്ടെത്തിയത്.

അതേസമയം, മത്സരത്തിനിടെ യുദ്ധത്തെ സൂചിപ്പിക്കുന്ന ആംഗ്യങ്ങൾ കാണിച്ച പാക്കിസ്ഥാൻ ഓപ്പണർ സാഹിബ്സാദാ ഫർഹാൻ, ഇന്ത്യയുടെ ആറ് ഫൈറ്റർ വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടു എന്ന അർഥത്തിൽ 6-0 എന്ന് കാണികളെ ആംഗ്യം കാണിച്ച പാക് ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് എന്നിവർക്കെതിരേ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ( BCCI ) ഐസിസിക്കു പരാതി നൽകിയിരുന്നു.

സാഹിബ്സാദാ ഫർഹാൻ, ഹാരിസ് റൗഫ്.

ഇന്ത്യയുടെ ആരോപണം നിഷേധിച്ച ഹാരിസ് റൗഫിനെയും ഫർഹാനെയും ഹിയറിങ്ങിനു വിളിപ്പിക്കുകയും ചെയ്തു. റൗഫിനെതിരായ പരാതിയുടെ സാധുത ബോധ്യപ്പെട്ട റിച്ചാർഡ്സൺ, മാച്ച് ഫീയുടെ 50% പിഴ ചുമത്തിയിട്ടുണ്ട്.

എന്നാൽ, ഫർഹാന് താക്കീത് നൽകുക മാത്രമാണ് ചെയ്തിരിക്കുന്നത്. എകെ 47 തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുന്നതായാണ് ഫർഹാൻ ബാറ്റ് കൊണ്ട് കാണിച്ചത്.

നേരത്തെ, പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘയ്ക്ക് ഹസ്തദാനം ചെയ്യാൻ സൂര്യകുമാർ യാദവ് വിസമ്മതിക്കുകയും, ഇതിനെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പിന്തുണയ്ക്കുകയും ചെയ്തതും പാക്കിസ്ഥാന്‍റെ പരാതിക്കു കാരണമായിരുന്നു.

പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന ആവശ്യം ഐസിസി അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് യുഎഇക്കെതിരായ മത്സരത്തിനിറങ്ങാൻ പാക് താരങ്ങൾ വിസമ്മതിച്ചതും വാർത്തയായിരുന്നു. പിന്നീട് പൈക്രോഫ്റ്റ് ക്ഷമാപണം നടത്തിയെന്നവകാശപ്പെട്ട് പാക്കിസ്ഥാൻ കളിക്കാനിറങ്ങിയെങ്കിലും, ആരും ആരോടും മാപ്പ് ചോദിച്ചിട്ടില്ലെന്ന് ഐസിസി വ്യക്തമാക്കി. തുടർന്നുള്ള മത്സരങ്ങളിലും പൈക്രോഫ്റ്റ് മാച്ച് റഫറിയായി തുടരുകയും ചെയ്തു.

ലൈംഗിക അതിക്രമ കേസ്; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

കോഴിക്കോട്ട് ആറു വയസുകാരനെ കഴുത്തുഞെരിച്ച് കൊന്നു; അമ്മ അറസ്റ്റിൽ

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ മരിച്ചു

ജന്മദിനത്തിൽ അച്ഛന്‍റെ അപ്രതീക്ഷിത വിയോഗം; കരച്ചിലടക്കാനാവാതെ ധ്യാൻ ശ്രീനിവാസൻ

ടി20 ലോകകപ്പിനുള്ള ഇന്ത‍്യൻ ടീം റെഡി; ഗില്ലിനെ പുറത്താക്കി, സഞ്ജു ടീമിൽ