ഏഷ്യ കപ്പ്
File
ന്യൂഡൽഹി: ദുബായിൽ നടത്താനിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം നടക്കുമോ എന്ന കാര്യത്തിൽ തുടരുകയായിരുന്ന അനിശ്ചിതാവസ്ഥ കേന്ദ്ര കായിക മന്ത്രാലയം അവസാനിപ്പിച്ചു. പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര കായികബന്ധം സംബന്ധിച്ച നിയന്ത്രണങ്ങൾ ബഹുരാഷ്ട്ര ടൂർണമെന്‍റുകൾക്ക് ബാധകമല്ലെന്നാണ് വിശദീകരണം.
ഇതോടെ, ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽനിന്ന് ഇന്ത്യൻ ടീം പിൻമാറുകയോ, പാക്കിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പായി. അതേസമയം, പാക്കിസ്ഥാനുമായി നേരിട്ടുള്ള ഉഭയകക്ഷി കായിക മത്സരങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്നും സ്പോർട്സ് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ പാക്കിസ്ഥാനിൽ പോയി മത്സരങ്ങളിൽ പങ്കെടുക്കില്ല; ഇന്ത്യയിൽ പാക് ടീമുകളെയും കളിക്കാൻ അനുവദിക്കില്ല- മന്ത്രാലയം വിശദീകരിക്കുന്നു.
നേരത്തെ, വിരമിച്ച താരങ്ങൾ പങ്കെടുക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ പാക്കിസ്ഥാനുമായുള്ള ഗ്രൂപ്പ് മത്സരവും സെമി ഫൈനലും യുവരാജ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ബഹിഷ്കരിച്ചിരുന്നു. ഇതോടെയാണ് ഏഷ്യ കപ്പ് മത്സരങ്ങളുടെ കാര്യത്തിലും സംശയമുയർന്നത്. ഇക്കാര്യത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നേരിട്ട് വ്യക്തത വരുത്തിയിരിക്കുന്നത്.
2012-13 സീസണിനു ശേഷം ഇന്ത്യ - പാക്കിസ്ഥാൻ ഉഭയകക്ഷി കായികമത്സരങ്ങൾ നടത്തിയിട്ടില്ല. എന്നാൽ, ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലോ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലോ സംഘടിപ്പിക്കുന്ന ടൂർണമെന്‍റുകളിൽ ഇരു ടീമുകളും പരസ്പരം മത്സരിച്ചിട്ടുമുണ്ട്.
സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന ഏഷ്യ കപ്പിൽ പതിനാലിനാണ് ഇന്ത്യ - പാക്കിസ്ഥാൻ മത്സരം നിശ്ചയിച്ചിരിക്കുന്നത്. വിവിധ മത്സര ഫലങ്ങൾ അനുകൂലമായി വന്നാൽ സൂപ്പർ ഫോറിലും ഫൈനലിലും കൂടി ഇരു ടീമുകളും നേർക്കുനേർ വരാൻ സാധ്യതയുണ്ട്.