വി.കെ. സഞ്ജു
ലോകകപ്പ് ടീം തെരഞ്ഞെടുക്കാൻ കൂടിയ സെലക്ഷൻ കമ്മിറ്റിക്കു മുന്നിലേക്കു ഒരു ബാറ്ററുടെ പേര് വരുകയാണ്:
രാജ്യത്തിനു വേണ്ടി ഈ വർഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസെടുത്തയാൾ (637); ഈ വർഷത്തെ ബാറ്റിങ് ശരാശരി 79.6 റൺസ്; സ്ട്രൈക്ക് റേറ്റ് 104. അങ്ങനെയൊരാളെ ടീമിൽ നിലനിർത്താൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമുണ്ടാകില്ല, ഒരു സെലക്ഷൻ കമ്മിറ്റിക്കും. ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ സെലക്റ്റർമാരും അതേ ചെയ്തുള്ളൂ.
അതെ, ടെംബ ബവുമ എന്നായിരുന്നു ആ ബാറ്ററുടെ പേര്. ഈ വർഷത്തെ കണക്ക് മാത്രമല്ല, ബവുമയുടെ ഏകദിന കരിയര്‍ ആവറേജ് നോക്കിയാലും 45 റൺസിനു മുകളിലാണ്, സ്‌ട്രൈക്ക് റേറ്റ് തൊണ്ണൂറിനടും.
പക്ഷേ, ബവുമ എങ്ങനെ ടീമിലെത്തിയെന്ന് അദ്ഭുതം കൂറുന്നവർ അതിനു കണ്ടെത്തിയ ഉത്തരം വേറെയാണ്- സംവരണം! ദക്ഷിണാഫ്രിക്കൻ ടീമിൽ രണ്ടു സ്ഥാനങ്ങൾ കറുത്ത വർഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ടെന്നത് വസ്തുത തന്നെയാണ്. പക്ഷേ, ബവുമ ക്യാപ്റ്റനായിരിക്കുന്നത് കറുത്തവനായതുകൊണ്ടല്ല, ക്യാപ്റ്റന്‍സിയില്‍ അങ്ങനെയൊരു ക്വോട്ടയും അവിടെയില്ല.
ഈ ലോകകപ്പിൽ ബവുമയുടെ പ്രകടനം ശരാശരിക്കു താഴെയാണെന്നത് വസ്തുതയാണ്. 8, 35, 16, 28, 24, 11, 0 എന്നിങ്ങനെയാണ് ഏഴു മത്സരങ്ങളിലെ സ്കോർ. മൂന്നു മത്സരങ്ങളിലെങ്കിലും മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാവാതെ പോയി. പ്രകടനം മോശമാകുന്ന കളിക്കാരെ വിമർശിക്കുന്നതിൽ തെറ്റൊന്നുമില്ല. സച്ചിൻ ടെൻഡുൽക്കർ മുതൽ വിരാട് കോലി വരെയുള്ളവർ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, വിമർശനത്തിന് അടിസ്ഥാനമാകുന്നത് ഒരാളുടെ നിറമോ ഉയരവും രൂപമോ ഒക്കെയാവുമ്പോൾ അതിൽ വളരെ വലിയ തെറ്റുണ്ട്.
മറ്റൊരു രാജ്യം, മറ്റൊരു ക്യാപ്റ്റൻ
ബവുമയെ വിമർശിക്കുന്നതിൽ വംശീയതയില്ലെന്നു കരുതുന്നവർക്കു മറ്റൊരു ക്യാപ്റ്റനെ പരിചയപ്പെടുത്താം, പേര് അവസാനം പറയാം, ആദ്യം കണക്ക്:
ലോകകപ്പിൽ കളിച്ചത് ഒമ്പത് മത്സരങ്ങൾ; നേടിയ സ്കോർ: 43, 20, 9, 15, 8, 10, 1, 5, 27.
കൂട്ടി നോക്കിയാൽ, ബവുമ ഏഴു കളിയിൽ നേടിയ റൺസിനെക്കാൾ കുറവ്. ഇനി പേരു പറയാം- ജോസ് ബട്‌ലർ. ടൂർണമെന്‍റിൽ ഏഴാം സ്ഥാനക്കാരായി തിരിച്ചുപോയ നിലവിലുള്ള ചാംപ്യൻമാരുടെ ക്യാപ്റ്റൻ!
പക്ഷേ, ബട്‌ലറെ വിമർശിക്കുന്നവർ എവിടെയും സഹതാരങ്ങളുമായി അയാളുടെ ഉയരം താരതമ്യം ചെയ്യുന്നില്ല; അയാളുടെ വിചിത്രമെന്നു തോന്നിക്കുന്ന അംഗവിക്ഷേപങ്ങളുടെയും ചിത്രങ്ങളും ഷെയർ ചെയ്യുന്നില്ല.
കുറേ രാജ്യങ്ങൾ, കുറേ ക്യാപ്റ്റൻമാർ
2011ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ എം.എസ്. ധോണി തന്‍റെ ടീമിലെ റൺ സ്കോറർമാരിൽ ആറാം സ്ഥാനത്തായിരുന്നു, ബാറ്റിങ് ശരാശരിയിൽ നാലാമതും സ്ട്രൈക്ക് റേറ്റിൽ ഒമ്പതാമതുമായിരുന്നു. 2019ല്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടുമ്പോള്‍ അവരുടെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ റണ്‍ സ്‌കോറര്‍മാരില്‍ അഞ്ചാമതും ബാറ്റിങ് ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും ആറാമതുമായിരുന്നു. 2015ല്‍ ഓസ്‌ട്രേലിയ കപ്പ് നേടുമ്പോള്‍ മൈക്കല്‍ ക്ലാര്‍ക്ക് യഥാക്രമം അഞ്ചും ഏഴും അഞ്ചും സ്ഥാനങ്ങളിലായിരുന്നു. പക്ഷേ, അതിന്‍റെ പേരിൽ ആരും അവരുടെ നിറത്തെയോ ഉയരത്തെയോ രൂപത്തെയോ പരാമർശിച്ചു കണ്ടിട്ടില്ല.
വൈ നോട്ട് ഹെൻഡ്രിക്സ്
ടെംബ ബവുമയ്ക്കു പകരം റീസ ഹെന്‍ഡ്രിക്‌സ് ഓപ്പണറാകണമെന്ന മുറവിളി ഇക്കഴിഞ്ഞ ട്വന്‍റി20 ലോകകപ്പില്‍ പ്രസക്തമായിരുന്നു. കാരണം, അതിനു മുന്‍പുള്ള നാലു കളികളില്‍ 53 മുതല്‍ 74 വരെയുള്ള സ്‌കോറുകള്‍ ഹെൻഡ്രിക്സ് കണ്ടെത്തിയിട്ടുണ്ട്. ബവുമ ഫോം ഔട്ടുമായിരുന്നു. എന്നാല്‍, ഏകദിന ലോകകപ്പില്‍ ആ കണക്കിനു പ്രസക്തിയില്ല. ഈ വര്‍ഷം മൂന്ന് ഏകദിനങ്ങളാണ് ഹെന്‍ഡ്രിക്‌സ് ആകെ കളിച്ചത്. അതിലെ സ്‌കോറുകള്‍ 52, 29, 28. ഇംഗ്ലണ്ടിനെതിരേ ബവുമയ്ക്കു പകരം കളിച്ച ഹെന്‍ഡ്രിക്‌സ് 75 പന്തില്‍ 85 റണ്‍സെടുത്തു. പക്ഷേ, തൊട്ടടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ 12 റണ്‍സിനു പുറത്താകുകയും ചെയ്തിരുന്നു.
സംവരണത്തിന്‍റെ യാഥാർഥ്യം
ദക്ഷിണാഫ്രിക്കൻ ടീമിൽ ക്വോട്ട സിസ്റ്റം ഉണ്ടെന്നതു യാഥാർഥ്യം തന്നെയാണ്. വെള്ളക്കാരല്ലാത്ത ആറു പേർ ടീമിലുണ്ടാകണമെന്നാണ് ചട്ടം. അതിൽ രണ്ടു പേരെങ്കിലും കറുത്ത വർഗക്കാരായിരിക്കണം.
ദക്ഷിണാഫ്രിക്കൻ ജനതയിൽ 80 ശതമാനവും കറുത്ത വർഗക്കാരാണ്, പക്ഷേ, സംവരണമില്ലെങ്കിൽ ആ ടീമിൽ തെരഞ്ഞെടുക്കപ്പെടുന്ന മുഴുവനാളുകളും എട്ടു ശതമാനം വരുന്ന വെള്ളക്കാരിൽനിന്നായിരിക്കും. മഖായ എൻടിനിയെപ്പോലൊരു വേൾഡ് ക്ലാസ് ബൗളർ വരെ സംവരണമില്ലെങ്കിൽ ആ ടീമിന്‍റെ പരിസരത്തുപോലും എത്തുമായിരുന്നോ എന്നു സംശയമാണ്. വർണ വിവേചനം നിയമപരമായിരുന്ന ഭൂതകാലം അത്ര വിദൂരമൊന്നുമല്ലാത്ത ആ രാജ്യത്ത്, ബവുമ സംവരണമില്ലാതെ ആ ടീമിന്‍റെ ക്യാപ്റ്റൻസി വരെയെത്തണമെങ്കിൽ, അയാളെ എവിടെനിന്നെങ്കിലും നൂലിൽ കെട്ടിയിറക്കിയതാണെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
സംവരണത്തിലൂടെ വരുന്നവർ പൊതുവേ മെറിറ്റ് ഇല്ലാത്തവരാണെന്ന വരേണ്യ ബോധ്യം അടിച്ചേൽപ്പിക്കാനുള്ള ഉദാഹരണമായി കേരളത്തിൽ പോലും ടെംബ ബവുമ ഉദാഹരിക്കപ്പെടുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കാണുന്നത്. അയാൾ ഉറങ്ങുന്ന ചിത്രം ചിലരെ സംബന്ധിച്ച് സംവരണത്തിന്‍റെ ദൂഷ്യവശമത്രെ. ക്വോട്ട സമ്പ്രദായത്തോടു കലഹിച്ച് 'പ്യുവര്‍' വൈറ്റ് രാജ്യത്തേക്കു കുടിയേറിയ, വെളുത്ത നിറമുള്ള കെവിന്‍ പീറ്റേഴ്‌സണെപ്പോലുള്ളവരാണ് അങ്ങനെയുള്ളവരുടെ ഹീറോ!