വനിതാ ലോകകപ്പ് ഫൈനലിൽ പേശിവലിവിന്‍റെ വേദനയിൽ ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ.

 
Sports

ഷഫാലി വർമ: പകരം വയ്ക്കാനില്ലാത്ത പകരക്കാരി

ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട തീരുമാനമായിരുന്നു ഷഫാലിയെ പുറത്തിരുത്തിയത്

VK SANJU

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ 299 റൺസ് വിജയലക്ഷ്യം ഉയർത്തുമ്പോൾ മുന്നിൽ നിന്നു പട നയിച്ചത് പകരക്കാരി ഓപ്പണർ ഷഫാലി വർമ. ലോകകപ്പിനുള്ള പതിനഞ്ചംഗം ടീമിൽ ഇല്ലാതിരുന്ന ഷഫാലി, സ്ഥിരം ഓപ്പണർ പ്രതീക റാവലിനു പരുക്കേറ്റതോടെയാണ് ടീമിലെത്തിയതും സ്മൃതി മന്ഥനയുടെ ഓപ്പണിങ് പങ്കാളിയായതും. സെമി ഫൈനലിൽ നേരിട്ട് പ്ലെയിങ് ഇലവനിലെത്തിയ ഷഫാലി അന്ന് ഓസ്ട്രേലിയക്കെതിരേ നേടിയത് 10 റൺസ് മാത്രം. എന്നാൽ, ഫൈനലിൽ സമ്മർദം കാണിക്കാതെ മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ 21 വയസുകാരി 78 പന്തിൽ ഏഴ് ഫോറും രണ്ടു കൂറ്റൻ സിക്സറുകളും സഹിതം 87 റൺസെടുത്തു.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട തീരുമാനമായിരുന്നു ഷഫാലിയെ പുറത്തിരുത്തിയത്. ടി20 ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമായ ഷഫാലിക്ക് ഏകദിന ക്രിക്കറ്റിലെ സ്ഥിരതയില്ലായ്മയാണ് വിനയായത്. 22.55 റൺസ് മാത്രമാണ് ഏകദിന ക്രിക്കറ്റിൽ ഷഫാലിയുടെ ബാറ്റിങ് ശരാശരി. എന്നാൽ, ഒറ്റയ്ക്ക് കളിയുടെ ഗതി തിരിക്കാൻ ശേഷിയുള്ള ഷഫാലിയുടെ എക്സ് ഫാക്റ്റർ കണക്കിലെടുത്ത് ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എന്ന് അന്നു തന്നെ ശക്തമായ വാദങ്ങൾ ഉയർന്നിരുന്നു.‌

എന്നാൽ, ഷഫാലിയെക്കാൾ പരിചയസമ്പത്ത് വളരെ കുറവാണെങ്കിലും, കിട്ടിയ അവസങ്ങളിൽ സ്ഥിരതയോടെ കളിച്ച പ്രതീകയുടെ അമ്പതിനു മുകളിലുള്ള ബാറ്റിങ് ശരാശരി സ്മൃതി മന്ഥനയെക്കാൾ മുകളിലാണ്. ഇതിനു പുറമേ ഓപ് സ്പിൻ ഓപ്ഷൻ ആണെന്നതും ബാക്ക്‌വേഡ് പോയിന്‍റ് പോലെ നിർണായക പൊസിഷനുകളിൽ മികച്ച ഫീൽഡറാണെന്നതും പ്രതീകയ്ക്കു നറുക്ക് വീഴാൻ കാരണമായി. പക്ഷേ, ബാക്കപ്പ് വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഉമ ഛേത്രിയെയും പ്ലെയിങ് ഇലവനിൽ ഇടം ഉറപ്പില്ലാത്ത അരുന്ധതി റെഡ്ഡിയെയും ടീമിൽ ഉൾപ്പെടുത്തിയപ്പോൾ, അവരിൽ ഒരാൾക്കു പകരമായെങ്കിലും ഷഫാലിയെ ഉൾപ്പെടുത്താനുള്ള സാധ്യത നീതു ഡേവിഡ് അധ്യക്ഷയായ സെലക്ഷൻ കമ്മിറ്റി അവഗണിച്ചു. ഡബ്ല്യുപിഎൽ, എ ടീം പര്യടനങ്ങൾ, ആഭ്യന്തര ക്രിക്കറ്റ് എന്നിവയിലെല്ലാം നടത്തിയ പ്രകടനങ്ങളും ഷഫാലിയെ തുണച്ചില്ല.

പക്ഷേ, പ്രതീക അപ്രതീക്ഷിതമായി ടൂർണമെന്‍റിൽനിന്നു തന്നെ പുറത്തായപ്പോൾ യസ്തികയെയോ ഉമയെയോ പകരം പരീക്ഷിക്കുകയല്ല, പുറത്തിരുന്ന ഷഫാലിയെ തിരിച്ചുവിളിക്കുകയാണ് സെലക്റ്റർമാർ ചെയ്തത്. സ്ഫോടനാത്മകമായ തുടക്കങ്ങൾ നൽകാനുള്ള ശേഷി തന്നെയായിരുന്നു ഇതിനു കാരണം. ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരേ തന്‍റെ പവർ ഹിറ്റിങ് ശേഷി മുഴുവൻ ഷഫാലി പുറത്തെടുക്കുകയും ചെയ്തു. മോശം ഷോട്ട് സെലക്ഷനുകളിലൂടെ വിക്കറ്റ് വലിച്ചെറിയുന്നു എന്ന വിമർശനം നിരന്തരം കേൾക്കാറുള്ള ഷഫാലി ഇക്കുറി ഉത്തരവാദിത്വത്തോടെ ബാറ്റ് വീശി. കളിച്ച ഒരേയൊരു മോശം ഷോട്ട്, 87 റൺസെടുത്തു നിൽക്കെ മിഡ് ഓഫിൽ ക്യാച്ച് നൽകി പുറത്തായ ഷോട്ടായിരുന്നു.

എന്നാൽ, ഷഫാലി ക്രീസിലുള്ളപ്പോൾ അനായാസം 350 റൺസ് കടക്കുമെന്ന പ്രതീതിയുണർത്തിയ ഇന്ത്യൻ ഇന്നിങ്സിന്‍റെ ഗതിവേഗം ഷഫാലി മടങ്ങിയ ശേഷം കുത്തനെ കുറഞ്ഞു. ദീപ്തി ശർമയും റിച്ച ഘോഷും പരമാവധി പരിശ്രമിച്ചിട്ടും സ്കോർ 300 പോലുമെത്തിക്കാനും സാധിച്ചില്ല.

പക്ഷേ, അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല ലോകകപ്പ് ഫൈനലിലെ ഷഫാലി വർമയുടെ റോൾ. സ്പെഷ്യലിസ്റ്റ് സ്പിന്നർ രാധ യാദവിനും മുൻപേ അപ്രതീക്ഷിതമായി ഫഷാലിയെ പന്തേൽപ്പിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ പ്രതീക്ഷയ്ക്ക് അപ്പുറത്തായിരുന്നു ആ പാർട്ട് ടൈം ബൗളറുടെ പ്രകടനം.

25 റൺസെടുത്ത് സെറ്റായിരുന്ന സൂൻ ലൂസിനെ സ്വന്തം ബൗളിങ്ങിൽ പിടിച്ചു പുറത്താക്കി ഷഫാലി. പിന്നാലെ, അപകടകാരിയായ മരിസാൻ കാപ്പും (4) ഷഫാലിയുടെ ഇരയായി. രാധ യാദവും അമൻജോത് കൗറും ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ കടുത്ത ശിക്ഷ ഏറ്റുവാങ്ങിയപ്പോൾ, ഏഴോവറിൽ 36 റൺസ് മാത്രം വഴങ്ങിയ ഷഫാലി അവരുടെ ഓവർ കൂടി കവർ ചെയ്താണ് തന്‍റെ മികവ് തെളിയിച്ചത്.

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

അനിൽ അംബാനിയുടെ 3,000 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു: ട്രംപ്

ലോകകപ്പ് ജേത്രികൾക്ക് സമ്മാനം 51 കോടി രൂപ

കോയമ്പത്തൂരിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി വ്യാപക തെരച്ചിൽ