ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ മൂന്നിനങ്ങളിൽ സ്വർണം നേടി ഇന്ത്യയുടെ അമ്പെയ്ത്ത് ടീം. ഏറ്റവും ഒടുവിൽ പുരുഷന്മാരുടെ കോംപൗണ്ട് ടീം മത്സരത്തിലാണ് ഇന്ത്യ വിജയിച്ചത്. ഏഷ്യൻ ഗെയിംസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് അമ്പെയ്ത്ത് താരങ്ങൾ കാഴ്ച വച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു നടന്ന മത്സരത്തിൽ ഇന്ത്യക്കു വേണ്ടി അഭിഷേക് വർമ, ഓജസ്, പ്രഥമേഷ് ജൗകർ എന്നിവരാണ് ദക്ഷിണ കൊറിയൻ താരങ്ങളെ 235-230 എന്ന സ്കോറിൽ പരാജയപ്പെടുത്തിയത്.
രാവിലത്തെ മത്സരത്തിൽ ഇന്ത്യൻ വനിതാ സംഘവും സ്വർണം നേടിയിരുന്നു. ബുധനാഴ്ച നടന്ന കോംപൗണ്ട് മിക്സഡ് ടീം മത്സരത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. മിക്സഡ് ടീമിലും, വനിതാ ടീമിലും മികച്ച പ്രകടനം കാഴ്ച വചച ജ്യോതി സുരേഖ കോംപൗണ്ട് വ്യക്തിഗത ഇനത്തിന്‍റെ ഫൈനലിലേക്കും അർഹത നേടിയിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണ കൊറിയയുടെ സോചീവനെയാണ് ജ്യോതി നേരിടേണ്ടത്. പുരുഷന്മാരുടെ വ്യക്തിഗത ഇനം ഫൈനലിലേക്ക് ഇന്ത്യയുടെ ഓജസും അഭിഷേക് വർമയും കൂടി അർഹത നേടിയതോടെ അമ്പെയ്ത്തിൽ ഇന്ത്യ അഞ്ച് മെഡലുകൾ ഉറപ്പിച്ചു കഴിഞ്ഞു.
2014ൽ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യൻ അമ്പെയ്ത്ത് സംഘം സ്വന്തമാക്കിയിരുന്നത്.