വൈഭവ് സൂര്യവംശി 
Sports

13 വയസിൽ അവൻ ഹോംവർക്ക് ചെയ്യുകയല്ല, ഐപിഎൽ കളിക്കാൻ റെഡിയാകുകയാണ് | VIDEO

ക്രിക്കറ്ററാകാൻ ശ്രമിച്ച് പരാജയപ്പെട്ട് പരിശീലകനായി മാറിയ അച്ഛനായിരുന്നു വൈഭവിന്‍റെ ആദ്യ ഗുരു. എന്തേ, 1983 സിനിമയിലെ നിവിൻ പോളിയെയും മകനെയും ഓർമ വരുന്നുണ്ടോ?

വി.കെ. സഞ്ജു

പതിമൂന്ന് വയസുള്ളപ്പോൾ നിങ്ങളൊക്കെ എന്തു ചെയ്യുകയായിരുന്നു? എട്ടിലോ ഒമ്പതിലോ പഠിക്കുകയായിരുന്നിരിക്കും. ഈ സമയത്താണെങ്കിൽ, വരാനിരിക്കുന്ന ക്രിസ്മസ് പരീക്ഷയെക്കുറിച്ച് ടെൻഷനടിച്ച് തുടങ്ങുന്ന സമയം. എന്നാൽ, വൈഭവ് സൂര്യവംശി എന്ന പതിമൂന്നുകാരന്‍റെ ടെൻഷൻ ഐപിഎൽ ലേലത്തെക്കുറിച്ചായിരുന്നു. നമ്മളെ പോലെ ഋഷഭ് പന്തും കെ.എൽ. രാഹുലും ഏതു ടീമിലേക്കു പോകുന്നു എന്നറിയാനുള്ള കാത്തിരിപ്പായിരുന്നില്ല അവന് ഐപിഎൽ ലേലം. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ചരിത്രത്തിൽ തന്നെ ലേലത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററാണ് അവൻ.

ലേലത്തിൽ പങ്കെടുത്തതിന്‍റെ റെക്കോഡ് മാത്രമല്ല, ഐപിഎൽ കരാർ കിട്ടിയതിന്‍റെ റെക്കോഡും ഇപ്പോൾ ഈ ബിഹാറുകാരൻ പയ്യന്‍റെ പേരിലായിക്കഴിഞ്ഞിരിക്കുന്നു, 13 വയസും 243 ദിവസവും മാത്രം പ്രായമുള്ളപ്പോൾ! ഈ പ്രായത്തിൽ ഇന്ത്യയുടെ അണ്ടർ-19 ടീമിൽ കളിച്ചു കഴിഞ്ഞു വൈഭവ്. കഴിഞ്ഞ വർഷം രഞ്ജി ട്രോഫിയിൽ അരങ്ങേറ്റവും കുറിച്ചു. ഒന്നര മാസം മുൻപ് ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരേ ചെന്നൈയിൽ നേടിയ സെഞ്ചുറിയാണ് വൈഭവിനെ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നത്.

മിഡിൽ സ്കൂൾ പ്രായത്തിൽ രഞ്ജി ട്രോഫി കളിച്ചത് ബിഹാർ ക്രിക്കറ്റ് അസോസിയേഷനിലെ പടലപ്പിണക്കം കാരണം അവരുടെ ടീം പിളർന്നതുകൊണ്ടാണെന്നു കരുതിയവരുടെ കണ്ണു തള്ളിയ പ്രകടനമായിരുന്നു വൈഭവിന്‍റെ സെഞ്ചുറി. 58 പന്തിൽ നൂറു കടന്നാൽ പിന്നെ കണ്ണുതള്ളാതിരിക്കുന്നതെങ്ങനെ! അന്താരാഷ്ട്ര യൂത്ത് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോഡും ഇതോടെ അവനു സ്വന്തമായി. ഇപ്പോഴത്തെ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോ പതിനാലാം വയസിൽ സ്ഥാപിച്ച റെക്കോഡാണ് അതോടെ പഴങ്കഥയായത്.

30 ലക്ഷം രൂപ എന്ന അടിസ്ഥാന വിലയ്ക്കാണ് ഐപിഎല്ലിൽ വൈഭവിനു വേണ്ടിയുള്ള ലേലം വിളി തുടങ്ങുന്നത്. രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപ്പിറ്റൽസും കൂടി വിളിച്ചു വിളിച്ച് അത് 1.10 കോടി വരെയെത്തിച്ചു. പല കളിക്കാരുടെയും മൂല്യം കുത്തനെ ഉയർത്തിയ ശേഷം നൈസായി പിൻമാറുന്ന ഡൽഹി ക്യാപ്പിറ്റൽസ് തന്ത്രം വൈഭവിന്‍റെ കാര്യത്തിലും ആവർത്തിച്ചു. ഡൽഹി പിൻമാറിയതോടെ വൈഭവ് രാജസ്ഥാൻ റോയൽസിനു സ്വന്തം.

സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറൽ തുടങ്ങിയ പ്രതിഭകളെ ചെറുപ്രായത്തിലേ കണ്ടെത്തിയ രാജസ്ഥാന്‍റെ ടാലന്‍റ് സ്കൗട്ട് നടത്തിയ ഏറ്റവും പുതിയ കണ്ടെത്തലെന്നു വൈഭവിനെ വിശേഷിപ്പിക്കാൻ ഇനിയും സമയമായിട്ടില്ല. എന്നാലും കരീബിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രയൻ ലാറയെ ആരാധിക്കുന്ന ഈ ഇടങ്കയ്യൻ ഓപ്പണർ വലിയൊരു പ്രതീക്ഷ തന്നെയാണ്.

മുൻ ഇന്ത്യൻ ഓപ്പണർ വസിം ജാഫറാണ് ഇപ്പോൾ വൈഭവിന് വിദഗ്ധോപദേശങ്ങൾ നൽകുന്നത്. എന്നാൽ, അവന്‍റെ ആദ്യ പരിശീലകൻ സ്വന്തം അച്ഛൻ തന്നെ- സഞ്ജീവ് സൂര്യവംശി. ക്രിക്കറ്ററാകാൻ ശ്രമിച്ച് പരാജയപ്പെട്ട് പരിശീലകനായി മാറിയ സഞ്ജീവ്, തന്‍റെ സ്വപ്ന സാക്ഷാത്കാരമാണ് മകനിൽ കാണുന്നത്. എന്തേ, 1983 സിനിമയിലെ നിവിൻ പോളിയെയും മകനെയും ഓർമ വരുന്നുണ്ടോ?

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്

വിമാനദുരന്തം: അന്വേഷണ റിപ്പോർ‌ട്ടിനെ വിമർശിച്ച് പൈലറ്റ് അസോസിയേഷൻ

റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

വിഴുങ്ങിയത് അൻപതോളം ലഹരി ഗുളികകൾ; നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ