വിരാട് കോലി, രോഹിത് ശർമ
മുംബൈ: ഡിസംബർ 24ന് ആരംഭിച്ച വിജയ് ഹസാരെ ട്രോഫി ടൂർണമെന്‍റിലെ ആദ‍്യ ദിനം നിരവധി സെഞ്ചുറികളാണ് താരങ്ങൾ അടിച്ചുകൂട്ടിയത്. അരുണാചൽപ്രദേശിനെതിരായ മത്സരത്തിൽ യുവതാരം വൈഭവ് സൂര‍്യവംശിയുടെ ബാറ്റിൽ നിന്നാണ് ആദ‍്യ സെഞ്ചുറി പിറന്നത്. 36 പന്തിൽ സെഞ്ചുറി നേടിയ താരം 84 പന്തിൽ 190 റൺസ് അടിച്ചെടുത്തു.
ഇതോടെ ഏകദിന ക്രിക്കറ്റിൽ 150 റൺസ് അതിവേഗത്തിൽ നേടുന്ന താരമെന്ന നേട്ടവും വൈഭവിനെ തേടിയെത്തി. 10 റൺസിനാണ് വൈഭവിന് ഇരട്ടസെഞ്ചുറി നഷ്ടമായത്. 15 സിക്സും 16 ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ പ്രകടനം.
എന്നാൽ ഇതിനു പിന്നാലെ 33 പന്തിൽ ഇഷാൻ കിഷാൻ സെഞ്ചുറി നേടി. കർണാടകയ്ക്കെതിരേയായിരുന്നു താരത്തിന്‍റെ സെഞ്ചുറി. 14 സിക്സും 7 ബൗണ്ടറിയും അടക്കം 125 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ഇതോടെ 35 പന്തിൽ സെഞ്ചുറി നേടിയിട്ടുള്ള പഞ്ചാബ് താരം അൻമോൽപ്രീത് സിങ്ങിന്‍റെ റെക്കോഡ് പഴങ്കഥയായി.
എന്നാൽ ഇഷാന്‍റെ റെക്കോഡിന് തകർത്തുകൊണ്ടായിരുന്നു ബിഹാർ താരം സാക്കിബുൾ ഗാനി സെഞ്ചുറി അടിച്ചത്. 32 പന്തുകൾ നേരിട്ടാണ് സെഞ്ചുറി നേടി സാക്കിബുൾ ഗാനി റെക്കോഡ് തിരുത്തിയത്. ബിഹാറിനു വേണ്ടി ആയുഷ് ലോഹ്റുകയും സെഞ്ചുറി അടിച്ചതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന നേട്ടവും ബിഹാറിന്‍റെ പേരിലായി. 574 റൺസാണ് 50 ഓവറിൽ നിന്നും ടീം അടിച്ചെടുത്തത്. ഇവർക്കെല്ലാം പുറമെ ഒഡീശ ഓപ്പണർ സ്വാതിസ് സമാൽ (212) ഇരട്ടസെഞ്ചുറിയും വിഷ്ണു വിനോദ് (102), യാഷ് ദുബെ (102), റിക്കി ഭൂയി (122), ഹിമാൻഷു റാണ (126), രോഹിത് ശർമ (155) വിരാട് കോലി (131) , ദേവ്ദത്ത് പടിക്കൽ (147) എന്നിവരാണ് സെഞ്ചുറി നേടിയ മറ്റു താരങ്ങൾ.