ജോ റൂട്ട്

 
Sports

ഇനിയെത്രകാലം! ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് സെഞ്ചുറിക്കായുള്ള റൂട്ടിന്‍റെ കാത്തിരിപ്പ് നീളുന്നു

ഓസീസിനെതിരേ ഓസ്ട്രേലിയയിൽ ജോ റൂട്ട് എന്ന് സെഞ്ചുറി നേടും?

Aswin AM

50.94 ശരാശരിയിൽ 13,551 റൺസ്. 39 സെഞ്ചുറിയും 66 അർധസെഞ്ചുറികളും. ഇതിഹാസ താരം സച്ചിൻ ടെൻഡുൾക്കറുടെ റെക്കോഡ് തകർക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകർ ആവർത്തിച്ചു പറയുന്ന താരം. പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച താരമായ ജോ റൂട്ടിനെപ്പറ്റിയാണ്. ഇത്രയധികം നേട്ടങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ പൂർത്തിയാക്കിയിട്ടും കരുത്തരായ കംഗാരുപ്പടയ്ക്കെതിരേ അവരുടെ നാട്ടിൽ ഒരു സെഞ്ചുറിപ്പോലും നേടാൻ സാധിച്ചിട്ടില്ലെന്നു പറഞ്ഞാൽ അതിനോളം നാണക്കേട് വേറെയാന്നുമില്ല.

ജോ റൂട്ട് ഓസീസിനെതിരേ ആഷസ് പരമ്പരയിൽ സെഞ്ചുറി അടിച്ചില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ നഗ്നമായി നടക്കുമെന്നായിരുന്നു മുൻ ഓസ്ട്രേലിയൻ താരം മാത‍്യു ഹെയ്‌ഡൻ പ്രസ്താവനയിറക്കിയിരുന്നത്. അത് സംഭവിക്കുമെന്നാണ് കാര‍്യങ്ങളുടെ പോക്ക് കണ്ടിട്ട് തോന്നുന്നത്.

ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ചുറിയില്ലെന്ന പരിഹാസത്തിന് മറുപടി നൽകാൻ ബാറ്റിങ്ങിനിറങ്ങിയ ജോയ് റൂട്ട് രണ്ടു ഇന്നിങ്സുകളിലും നിരാശപ്പെടുത്തുന്ന ദയനീയ കാഴ്ചയാണ് പെർത്തിൽ കാണാൻ സാധിച്ചത്. ഇതോടെ ഓസീസിനെതിരേ ഓസ്ട്രേലിയയിൽ 29 ഇന്നിങ്സുകൾ കളിച്ചിട്ടും സെഞ്ചുറി നേടാനാവാത്ത ഏക താരമായി ജോ റൂട്ട് മാറി.

ആദ‍്യ ഇന്നിങ്സിൽ ഡക്കിന് പുറത്തായ താരം രണ്ടാം ഇന്നിങ്സിൽ 8 റൺസ് മാത്രം നേടി ആരാധകരെ നിരാശപ്പെടുത്തി. രണ്ടു ഇന്നിങ്സുകളിലും മിച്ചൽ സ്റ്റാർക്കിനു തന്നെയായിരുന്നു വിക്കറ്റ്. ഓസ്ട്രേലിയയിൽ സെഞ്ചുറി നേടിയാൽ മാത്രമെ ജോ റൂട്ടിനെ ടെസ്റ്റ് ക്രിക്കറ്റിൽ ഏക്കാലത്തെയും മികച്ച താരമായി കാണാൻ സാധിക്കുകയുള്ളൂയെന്നാണ് ഒരു കൂട്ടം ആളുകളുടെ വാദം.

15 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ജോ റൂട്ട് ഓസീസിനെതിരേ കളിച്ചിട്ടുള്ളത്. അതിൽ 900 റൺസ് മാത്രമാണ് താരം അടിച്ചെടുത്തിട്ടുള്ളത്. മുൻപ് 2021-22 ആഷസ് പരമ്പരയിൽ 5 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 322 റൺസ് ജോ റൂട്ട് നേടിയിരുന്നു. പരമ്പര‍യിൽ നാലു മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. അതിൽ ജോ റൂട്ട് കന്നി സെഞ്ചുറി തികയ്ക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഓരോ ജില്ലയിലും തടങ്കൽ കേന്ദ്രങ്ങൾ; അനധികൃത കുടിയേറ്റക്കാർക്കെതിരേ നടപടിക്കൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ

ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

യുഡിഎഫിന് തിരിച്ചടി; മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തളളി

നൈജീരിയയിൽ 300ലേറെ സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സംഘടനകൾ