ബംഗ്ലാദേശിനു പിന്നാലെ ടി20 ലോകകപ്പിൽ നിന്ന് പാക്കിസ്ഥാനും പിന്മാറുമോ?
ന‍്യൂഡൽഹി: ഫെബ്രുവരി 7ന് ഇന്ത‍്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത‍്യക്കെതിരേയുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കുന്നതിൽ നിന്നും ഒഴിവാകാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നതായി റിപ്പോർട്ട്.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധികൃതരും പാക് സർക്കാരുമായിരിക്കും ഇക്കാര‍്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഒരു ദേശീയ മാധ‍്യമത്തിന്‍റെ റിപ്പോർട്ട് പ്രകാരം പാക്കിസ്ഥാൻ സർക്കാർ പിസിബിയോട് ടൂർണമെന്‍റിൽ നിന്നും പിന്മാറാൻ ആവശ‍്യപ്പെടാൻ സാധ‍്യതയുണ്ടെന്നാണ് വിവരം.
ബംഗ്ലാദേശ് വിഷയത്തിൽ ഐസിസി സ്വീകരിച്ച നിലപാടാണ് ഇതിന് കാരണമായി പാക്കിസ്ഥാൻ ചൂണ്ടിക്കാണിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ബംഗ്ലാദേശിനെ ടി20 ലോകകപ്പിൽ നിന്നും ഐസിസി ഒഴിവാക്കിയത്. ബംഗ്ലാദേശിനു പകരം സ്കോട്ട്ലൻഡാണ് കളിക്കുക. ഇന്ത‍്യയിൽ കളിക്കാൻ സുരക്ഷാപരമായ കാരണങ്ങളാൽ തയാറല്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനും ടൂർണമെന്‍റിൽ നിന്നും പിന്മാറാൻ സാധ‍്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.