വിൽ പുകോവ്സ്കി
മെൽബൺ: ആറ് വർഷം മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പ്രായം വെറും 21. ഒരു ഓസ്ട്രേലിയൻ അരങ്ങേറ്റക്കാരനെ സംബന്ധിച്ച് നന്നേ ചെറുപ്പം. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരേ ഇന്നിങ്സ് ഓപ്പൺ ചെയ്ത് 62 റൺസും നേടി. എന്നാൽ, ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനം എന്ന വിശേഷിപ്പിക്കപ്പെട്ട ആ ചെറുപ്പക്കാരന്‍റെ കരിയറിൽ പിന്നീട് ഒരു അന്താരാഷ്ട്ര മത്സരം പോലുമുണ്ടായില്ല. ഒന്നര വർഷം മുൻപ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു, ഇപ്പോഴിതാ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു, ഈ ഇരുപത്തേഴാം വയസിൽ.
നിരന്തരം തലയ്ക്കേറ്റ പരുക്കുകളാണ് പുകോവ്സ്കിയുടെ കരിയർ അകാലത്തിൽ അവസാനിപ്പിച്ചത്. പതിമൂന്നാം തവണ തലയ്ക്ക് പന്തുകൊണ്ട് പരുക്കേറ്റതോടെയാണ് ആദ്യം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മതിയാക്കിയത്. ഇപ്പോൾ, ഡോക്റ്റർമാരുടെ ഉപദേശ സ്വീകരിച്ച്, ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും താൻ വിരമിക്കുകയാണെന്ന് റേഡിയൊ അഭിമുഖത്തിലാണ് പുകോവ്സ്കി സ്ഥിരീകരിച്ചിരിക്കുന്നത്.
തലയ്ക്ക് പന്തുകൊണ്ടതിനെത്തുടർന്ന് ചികിത്സ തേടുന്ന വിൽ പുകോവ്സ്കി
അവസാനമായി തലയ്ക്കു പരുക്കേറ്റ ശേഷം രണ്ടു മാസത്തോളം വല്ലാതെ കഷ്ടപ്പെട്ടു. വീടിനുള്ളിൽ നടക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ഉറക്കമായിരുന്നു ഏറെ സമയവും. പരുക്കേറ്റപ്പോൾ പ്രത്യക്ഷമായ പല ലക്ഷണങ്ങളും വിട്ടുമാറുന്നില്ല. അതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഇന്ത്യക്കെതിരായ അരങ്ങേറ്റ ഇന്നിങ്സിനു പിന്നാലെ ഫീൽഡിങ്ങിനെ തോളിനു പരുക്കേറ്റ പുകോവ്സ്കിക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. ആറു മാസത്തോളം വിട്ടുനിന്ന ശേഷം പരിശീലനം പുനരാരംഭിച്ചപ്പോഴാണ് തലയ്ക്ക് ആദ്യമായി പരുക്കേൽക്കുന്നത്. വീണ്ടും മാസങ്ങൾ നീണ്ട ഇടവേള.
വിൽ പുകോവ്സ്കി
ആഗ്രഹിക്കുന്നതു പോലെ ജീവിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ഇനിയെങ്ങനെ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കനാകുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
വിക്റ്റോറിയക്കു വേണ്ടി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച വിൽ പുകോവ്സ്കിക്ക് 45 റൺസിനു മുകളിൽ ബാറ്റിങ് ശരാശരിയുണ്ട്. ഏഴ് സെഞ്ചുറികൾ നേടി. 255 റൺസാണ് ഉയർന്ന സ്കോർ.