സാവി ഹെർണാണ്ടസ്
കോൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് സ്ഥാനത്തേക്ക് സ്പാനിഷ് ഇതിഹാസം സാവിയുടെ പേരിൽ വ്യാജ അപേക്ഷ നൽകിയത് പത്തൊമ്പതുകാരൻ എന്ന് സൂചന. സാവിയുടേതെന്നു തോന്നിക്കുന്ന ഇ-മെയ്‌ൽ ഐഡി സൃഷ്ടിച്ചാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) യുവാവ് കബളിപ്പിച്ചത്. എഐഎഫ്എഫിനെ പറ്റിച്ച വ്യാജ മെയ്‌ൽ ഐഡി ഉൾപ്പെടുത്തിയുള്ള വിഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
സ്പെയ്നിന് ലോക കിരീടം നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച താരവും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ഇതിഹാസവുമായ സാവി ഹെർണാണ്ടസ് ഇന്ത്യൻ പരിശീലകനാകാൻ സമർപ്പിച്ച അപേക്ഷ വൻ പണച്ചെലവിന്‍റെ പേരിൽ എഐഎഫ്എഫ് തള്ളിയത് വലിയ വാർത്തയായിരുന്നു. സാവി അപേക്ഷിച്ച കാര്യം ദേശീയ ടീം ഡയറക്റ്റർ സുബ്രത പോൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, സാവി ഇത്തരമൊരു അപേക്ഷ നൽകിയില്ലെന്ന് യൂറോപ്യൻ മാധ്യമങ്ങൾ വെളിപ്പെടുത്തി. കോച്ച് പദവിയുടെ ഡിമാന്‍റ് കൂട്ടാനാണ് എഐഎഫ്എഫ് ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചതെന്നും സ്പാനിഷ് മാധ്യമങ്ങൾ അടക്കം ആരോപിച്ചു. പിന്നാലെ, നിരാകരിച്ച അപേക്ഷകൾ വീണ്ടും പരിശോധിച്ച സെലക്ഷൻ കമ്മിറ്റി സാവിയുടെ പേരിലേത് വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
മനോലൊ മാർക്വസ് രാജിവച്ചതിനെ തുടർന്ന് ജൂലൈ നാലിനാണ് പുതിയ കോച്ചിനെ കണ്ടെത്താൻ എഐഎഫ്എഫ് അപേക്ഷ ക്ഷണിച്ചത്. ആകെ 170 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ, സ്റ്റീഫൻ തർക്കോവിക്ക്, ഖാലിദ് ജമീൽ എന്നിവരുടെ ചുരുക്കപ്പട്ടിക തയറാക്കിയിട്ടുണ്ട്. ഇന്ത്യൻ ടീമിന് തദ്ദേശീയ കോച്ച് മതിയെന്ന തീരുമാനത്തിന് മുൻതൂക്കമുള്ളതിനാൽ ഖാലിദ് ജമീലിനാണ് സാധ്യത കൂടുതൽ എന്നറിയുന്നു.