സിഎംഎസ് 03 ഭ്രമണപഥത്തിൽ.
ഭാവനാ ചിത്രം.
ശ്രീഹരിക്കോട്ട: ഇന്ത്യൻ മണ്ണിൽ നിന്നു വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ കമ്യൂണിക്കേഷൻ ഉപഗ്രഹം സിഎംഎസ്-03 ഭ്രമണപഥത്തിൽ. ബഹിരാകാശ ദൗത്യങ്ങളിൽ "ബാഹുബലി' എന്നു വിശേഷിപ്പിക്കപ്പെടുന്ന എൽവിഎം3-എം 5 റോക്കറ്റ് ഇസ്രൊ നിശ്ചയിച്ച പ്രകാരം അതീവ കൃത്യതയോടെ ഉപഗ്രഹത്തെ ഭൂസ്ഥിര മാറ്റ ഭ്രമണപഥത്തിൽ (ജിടിഒ) എത്തിച്ചു. 4410 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം. ജിസാറ്റ് 7 പരമ്പരയിൽ 2013ൽ വിക്ഷേപിച്ച ഉപഗ്രഹത്തിനു പകരം ഇനി സിഎംഎസ് 03 വിശാലമായ സമുദ്രമേഖലയെക്കുറിച്ചു തൽസമയ വിവരങ്ങൾ നൽകും. ഇന്ത്യയുടെ കരയും അതിർത്തികളുമെല്ലാം ഉപഗ്രഹം നിരീക്ഷിക്കും. 15 വർഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവധി.
ഞായറാഴ്ച വൈകിട്ട് 5.26നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്ന് ഉപഗ്രഹവും വഹിച്ച് ബാഹുബലി റോക്കറ്റ് കുതിച്ചുയർന്നത്. 20 മിനിറ്റിനുള്ളിൽ താത്കാലിക ഭ്രമണപഥത്തിലെത്തി. ഉപഗ്രഹം ഇനി സ്വയം ബൂസ്റ്ററുകൾ പ്രവർത്തിപ്പിച്ച് ഭൂമിയിൽ നിന്ന് 29,970 കിലോമീറ്റർ പരമാവധി അകലവും 170 കിലോമീറ്റർ അടുത്തും വരുന്ന വിധത്തിലുള്ള ദീർഘവൃത്താകൃതിയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു മാറും.
2018 ഡിസംബർ അഞ്ചിനാണ് ഇസ്രൊയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമുള്ള കമ്യൂണിക്കേഷൻ ഉപഗ്രഹം ജിസാറ്റ് 11 വിക്ഷേപിച്ചത്. 5854 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഫ്രഞ്ച് ഗയാനയിൽ നിന്ന് ഏരിയൻ 5 വിഎ 246 റോക്കറ്റിലായിരുന്നു വിക്ഷേപിച്ചത്.
സൈനിക സേവനത്തിനുള്ളതെന്നു സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച ഉപഗ്രഹം. നിർമാണവും വിക്ഷേപണവുമടക്കം ചെലവുകൾ (1589 കോടി രൂപ) പൂർണമായി വഹിക്കുന്നത് പ്രതിരോധ മന്ത്രാലയം. നാവികസേനയ്ക്കു വേണ്ടി വിക്ഷേപിച്ച ഉപഗ്രഹം ഇന്ത്യൻ സമുദ്ര മേഖലയിലാകെ സുരക്ഷിതമായ മൾട്ടിബാൻഡ് കമ്യൂണിക്കേഷൻ സൗകര്യം ലഭ്യമാക്കും. 2013ൽ വിക്ഷേപിച്ച ജിസാറ്റ് 7 (രുക്മിണി)ക്കു പകരമാണ് സിഎംഎസ് 03 ദൗത്യം ഏറ്റെടുക്കുന്നത്.
സമുദ്ര സുരക്ഷയും നിരീക്ഷണവുമാണ് ഉപഗ്രഹത്തിന്‍റെ പ്രാഥമിക ദൗത്യം. കപ്പലുകൾ, അന്തർവാഹിനികൾ, സേനാ വിമാനങ്ങൾ എന്നിവ തമ്മിലുള്ള ശബ്ദ, ഡേറ്റാ, വിഡിയൊ വിനിമയം കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും സാധ്യമാക്കാൻ സിഎംഎസ് 03നു കഴിയും.
സിഎംഎസ് 03, ജിസാറ്റ് 7, ജിസാറ്റ് 7എ എന്നിവയാണു നിലവിൽ സൈനിക സേവനത്തിനു മാത്രമായുള്ള ഇന്ത്യൻ ഉപഗ്രഹങ്ങൾ. ഇതിൽ 2018ൽ വിക്ഷേപിച്ച ജിസാറ്റ് 7എ പ്രധാനമായി വ്യോമസേനയുടെ ഉപഗ്രഹമാണ്. 30 ശതമാനത്തോളം ശേഷി കരസേനയ്ക്കു വേണ്ടിയും വിനിയോഗിക്കുന്നു.
ഇസ്രൊയുടെ ബാഹുബലി, ജിഎസ്എൽവി എംകെ3 എന്നും അറിയപ്പെടുന്നു.
പൂർണമായി തദ്ദേശീയമായി വികസിപ്പിച്ച വിക്ഷേപണ വാഹനം
മൂന്നു പരീക്ഷണമുൾപ്പെടെ ഇതുവരെ എട്ടു ദൗത്യങ്ങൾ, 100 ശതമാനം വിജയം
കുതിപ്പിന് ഊർജം രണ്ട് എസ് 200 ബൂസ്റ്ററുകൾ, ഇവ രണ്ടും നിർമിച്ചത് തിരുവനന്തപുരം വിഎസ്എസ്‌സി
4000 കിലോഗ്രാമിലധികം ഭാരമുള്ള ഉപഗ്രഹങ്ങളെ ജിടിഒയിൽ എത്തിക്കും.
ഞായറാഴ്ച ഭ്രമണപഥത്തിലെത്തിച്ചത് ഇന്ത്യയിൽ നിന്നു വിക്ഷേപിച്ച ഏറ്റവും ഭാരമുള്ള ഉപഗ്രഹത്തെ
മുൻ ദൗത്യം ചന്ദ്രയാൻ 3, അന്ന് വഹിച്ചത് 3841.4 കിലോഗ്രാം ഭാരമുള്ള പേടകം