സ്റ്റാർഷിപ്പ് പേലോഡുകൾ ഭ്രമണപഥത്തിലേയ്ക്ക്
getty images
സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ പത്താം പരീക്ഷണ വിക്ഷേപണം വിജയകരമായതോടെ ആത്മവിശ്വാസത്തിലാണ് സ്പേസ് എക്സ്. 2026ൽ പേലോഡുകൾ(ഉപഗ്രഹം പോലെ റോക്കറ്റിൽ കൊണ്ടു പോകുന്ന വസ്തുക്കൾ) ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. അടുത്ത വർഷം നടത്തുന്ന സ്റ്റാർഷിപ്പ് വിക്ഷേപണത്തിൽ റോക്കറ്റിനു മുകളിലുള്ള സൂപ്പർ ഹെവി ബൂസ്റ്ററിന്‍റെ സമ്പൂർണ പുനരുപയോഗ ശേഷി വെളിവാക്കുമെന്ന് സ്പേസ് എക്സ് മേധാവി മസ്ക് ഓൾ ഇൻ പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 26 നാണ് സ്റ്റാർഷിപ്പിന്‍റെ പത്താമത് പരീക്ഷണ വിക്ഷേപണ ദൗത്യം പൂർത്തിയായത്.സ്റ്റാർഷിപ്പിന്‍റെ റോക്കറ്റ് ബൂസ്റ്ററിനെ( റോക്കറ്റിനു താഴെയുള്ള ഭാഗം) പുനരുപയോഗിക്കാനാകും വിധം സുരക്ഷിതമായി ഇറക്കിയിരുന്നു. മുകളിലുള്ള സൂപ്പർ ഹെവി ബൂസ്റ്റർ നിയന്ത്രിതമായി ഇന്ത്യൻ മഹാസമുദ്രത്തിൽ വിജയകരമായി ഇറക്കുകയും ചെയ്തു. എന്നാൽ ഇത് വീണ്ടെടുക്കുക പ്രയാസമാണ്. അടുത്ത തവണ ഇതു വീണ്ടെടുക്കാനാകും വിധം ലാൻഡിങ് സോണുകളിൽ ഇറക്കാനായിരിക്കും പദ്ധതി. ബഹിരാകാശ യാത്രികരെ തിരിച്ചിറക്കാൻ സ്റ്റാർഷിപ്പുകൾക്ക് ഈ ശേഷിയുണ്ടാണം.
നിരവധി പരാജയങ്ങൾക്കൊടുവിലാണ് സ്റ്റാർഷിപ്പിന്‍റെ ഒടുവിലത്തെ വിക്ഷേപണം വിജയകരമാക്കിയത്.പേ ലോഡുകൾ ഭ്രമണ പഥത്തിൽ വിന്യസിക്കുന്നതും നിയന്ത്രിതമായി സമുദ്രത്തിൽ ഇറക്കുന്നതും വിജയകരമാക്കി.
സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് ബൂസ്റ്ററുകളുടെ ലാൻഡിങ് രീതിയിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകം യന്ത്രക്കൈകൾ ഉപയോഗിച്ചാണ് സ്റ്റാർഷിപ്പിന്‍റെ റോക്കറ്റ് ബൂസ്റ്റർ സുരക്ഷിതമായി താഴെയിറങ്ങുന്നത്. പത്താം പരീക്ഷണ ദൗത്യത്തിൽ സെക്കൻഡ് സ്റ്റേജ് എന്നു വിളിക്കുന്ന സ്റ്റാർഷിപ്പ് ഭാഗം കടലിൽ ഇടിച്ചിറക്കുകയായിരുന്നു. ഇതിനു പകരം ബൂസ്റ്ററിനെ പോലെ തന്നെ സ്റ്റാർഷിപ്പും പ്രത്യേക യന്ത്രക്കൈകളിൽ പിടിച്ചിറക്കാനായിരിക്കും സ്പേസ് എക്സിന്‍റെ പദ്ധതി.
ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും മനുഷ്യരെ എത്തിക്കുന്ന ദൗത്യങ്ങൾക്കും ഭൂഖണ്ഡങ്ങളിൽ നിന്നു ഭൂഖണ്ഡങ്ങളിലേയ്ക്ക സാധാരണക്കാർക്ക് യാത്ര ചെയ്യാൻ വേണ്ടിയും സ്റ്റാർഷിപ്പ് ഉപയോഗിക്കാനും മസ്കിനു പദ്ധതിയുണ്ട്.