ചരിത്ര നിമിഷം; ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി ക്രൂ 11 പേടകം ഭൂമിയിലിറങ്ങി | Video
കാലിഫോര്‍ണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 പേടകം ഭൂമിയിലിറങ്ങി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.12 ഓടെയാണ് പേടകം കാലിഫോർണിയ തീരത്ത് കടലിൽ സ്പ്ലാഷ്ഡൗൺ ചെയ്തത്. ആരോഗ്യ പ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരി അടക്കം 4 പേരാണ് പേടകത്തിലുള്ളത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്ന് പുറപ്പെട്ട് പത്തര മണിക്കൂറോളം സഞ്ചരിച്ചാണ് പേടകം ഭൂമിയിലെത്തിയത്. ഇവരെ പ്രത്യേക ബോട്ടുകളുപയോഗിച്ച് ഡ്രോഗൺ എൻഡലർ പേടകത്തെ വീണ്ടെടുത്ത് 4 പേരെയും സുരക്ഷിതരാക്കും. ഇവരെ വിശദമായ ആരോഗ്യ പരിശോധന നടത്തും.
നാലംഗ സംഘത്തിലെ ഒരാൾക്കാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളത്. സ്വകാര്യത മാനിച്ച് ആർക്കാണ് ആരോഗ്യ പ്രശ്നമെന്ന് നാസ വ്യക്തമാക്കിയിട്ടില്ല. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷൻ ഏജൻസിയുടെ ബഹിരാകാശ സഞ്ചാരിയായ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റെനോവ് എന്നിവരാണ് സംഘത്തിലുള്ളത്. അടുത്ത മാസം തിരിച്ചു വരേണ്ടിയിരുന്ന സംഘത്തെ ആരോഗ്യ പ്രശ്നം മൂലം നേരത്തെ തിരിച്ചെത്തിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു.