ദുബായ്: ലോകത്തെ ഏറ്റവും സ്മാർട്ട് നഗരമാകാനുള്ള പ്രയാണത്തിൽ റെയിൽ ബസ് എന്ന നവീന ഗതാഗത ആശയം അവതരിപ്പിച്ച് ദുബായ് ആർടിഎ. റെയിൽ ബസിൽ 40 പേർക്ക് ഒരേ സമയം യാത്ര ചെയ്യാനാകും. മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ഗവൺമെന്‍റ് ഉച്ചകോടി 2025 ൽ റെയിൽ ബസിന്‍റെ മാതൃക പ്രദർശിപ്പിച്ചിട്ടുണ്ട്.
ബസിന്‍റെ പുറം ഭാഗത്ത് സ്വർണവും കറുപ്പും ചേർന്ന നിറമാണ് ഉള്ളത്. സീറ്റുകൾക്ക് ഓറഞ്ച് നിറമാണ്. പ്രത്യേക ശേഷിയുള്ളവർക്ക് സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. സീറ്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനുകൾ അടുത്ത സ്റ്റോപ്പുകൾ, കാലാവസ്ഥ, സമയം എന്നിവ ഉൾപ്പെടെ യാത്രയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകും. യാത്രക്കാരുടെ സുരക്ഷാ നിർദേശങ്ങൾ ബസിന്‍റെ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്.
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വാഹനം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ്. എലിവേറ്റഡ് ട്രാക്കുകളിലാണ് റെയിൽ ബസ് സഞ്ചരിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ബസിന് 2.9 മീറ്റർ ഉയരവും 11.5 മീറ്റർ നീളവും ഉണ്ടാകും,
തടസങ്ങളില്ലാത്ത യാത്ര ഉറപ്പാക്കാൻ റെയിൽ ബസ് മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിക്കും. യുഎഇ നെറ്റ് സീറോ 2050 നയം , ദുബായുടെ സീറോ-എമിഷൻ പബ്ലിക് ട്രാൻസ്‌പോർട്ട് നയം 2050, ദുബായ് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് നയം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ദേശീയ നയ സമീപനങ്ങൾക്ക് അനുയോജ്യമാണ് 'സ്വയം പ്രവർത്തിക്കുന്ന' റെയിൽ ബസ്.
3ഡി പ്രിന്‍റഡ് ഘടന ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതി ആഘാതം കുറവായിരിക്കും. റെയിൽ ബസ് എന്ന് മുതൽ ഓടിത്തുടങ്ങുമെന്ന കാര്യം അധികൃതർ അറിയിച്ചിട്ടില്ല.