The moon
The moon 
Tech

പുതുവർഷത്തിൽ ചന്ദ്രനിൽ തിരക്കേറും; ഒരുങ്ങുന്നത് 12 ചാന്ദ്ര ദൗത്യങ്ങൾ

കൊളറാഡോ: പുതുവർഷം പുലരാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. 2024 ചന്ദ്രനിൽ തിരക്കേറുന്ന കാലമാകുമെന്നാണ് ബഹിരാകാശ ഗവേഷകർ പറയുന്നത്. പുതിയ വർഷം തുടങ്ങുന്നതു തന്നെ ഒന്നിലധികം ചാന്ദ്ര ദൗത്യങ്ങളോടെയായിരിക്കും.അടുത്ത 12 മാസത്തിനുള്ളിൽ 12 ചാന്ദ്രദൗത്യങ്ങളാണ് യാഥാർഥ്യമാകാനൊരുങ്ങുന്നത്. അതിൽ മൂന്നെണ്ണം ജനുവരിയിൽ തന്നെ പൂർത്തിയാകും.

റഷ്യ, യുഎസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്കു പിന്നാലെ ചന്ദ്രനിൽ പേടകം ഇറക്കാനുള്ള തയാറെടുപ്പിലാണ് ജപ്പാൻ. സ്ലിം(SLIM) എന്നാണ് ജപ്പാന്‍റെ ചാന്ദ്രദ്യത്തിനു പേരിട്ടിരിക്കുന്നത്. ജനുവരി 19ന് ദൗത്യത്തിന് തുടക്കമാകും. ജപ്പാനു പുറകേ ഇൻറ്യൂറ്റീവ് മെഷീൻസ്, ആസ്ട്രോബോട്ടിക് എന്നീ രണ്ടു കമ്പനികൾ ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ കമേഴ്സ്യൽ ലാൻഡിങ് സ്വന്തമാക്കാനായി ശ്രമിക്കുന്നുണ്ട്. നാസയുടെ കമേഴ്സ്യൽ ലൂണാർ പേലോഡ് സർവീസ്(CLPS) വഴിയാണ് ഈ ശ്രമം.

ബഹിരാകാശ യാത്രയുടെ ചെലവ് വലിയ തോതിൽ കുറഞ്ഞതാണ് ഇത്തരത്തിൽ ചന്ദ്രനിലേക്കുള്ള യാത്രാ തിരക്കു കൂടാൻ പ്രധാന കാരണം. ചാന്ദ്ര ദൗത്യത്തിനായി 100 ദശലക്ഷം യുഎസ് ഡോളറാണ് ചെലവു വരുന്നത്.

2024ലെ ഭൂരിഭാഗം ചാന്ദ്ര ദൗത്യങ്ങളുടെയും പ്രധാന ലക്ഷ്യം ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളാണ്.

മേയിൽ ചൈന ചാങ് ഇ 6 ദൗത്യത്തിനൊരുങ്ങുന്നുണ്ട്. ചന്ദ്രോപരിതലത്തിൽ നിന്ന് സാംപിൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാനാണ് ശ്രമം. ചാങ് 5 ലൂടെ ചൈന വിജയകരമായി സാംപിൾ ശേഖരിച്ചിരുന്നു. ചന്ദ്രനിലെ ഏതു ഭാഗത്തു നിന്നും സാംപിൾ ശേഖരിക്കുവാൻ സാധിക്കുമെന്നുറപ്പാക്കാനാണ് ചാങ് ഇ 6 ലൂടെ ചൈന ശ്രമിക്കുന്നത്. ഇതും വിജയകരമായി പൂർത്തിയാക്കിയാൽ 2030ൽ യാത്രികരുമായി ചന്ദ്രനിലേക്ക് യാത്ര നടത്താനാണ് ചൈനയുടെ ശ്രമം.

നവംബറിൽ യുഎസ് ആർട്ടെമിസ് 2 ദൗത്യത്തിനൊരുങ്ങുന്നുണ്ട്. മനുഷ്യരുമായി ചന്ദ്രനിലേക്ക് യാത്ര തിരിക്കുവാനാണ് യുഎസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു കനേഡിയൻ അടക്കം നാലു പേരാണ് യാത്രക്കാരുടെ കൂട്ടത്തിലുള്ളത്.

നാസയുടെ വൈപ്പർ റോവർ ആണ് മറ്റൊരു പ്രധാനപ്പെട്ട ദൗത്യം. ചന്ദ്രന്‍റെ ദക്ഷിണോപരിതലത്തിലേക്കാണ് റോവർ യാത്ര തിരിക്കുക. ജലം അടക്കമുള്ളവയ്ക്കു വേണ്ടിയുള്ള തെരച്ചിലാണ് പ്രധാനലക്ഷ്യം.

ഐപിഎൽ: കോൽക്കത്ത ഫൈനലിൽ

യുഎസിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് 3 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; സഹകരിക്കില്ലെന്ന് യുഎസ്

മേയർ ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ജഗന്നാഥ സ്വാമി മോദിയുടെ ആരാധകനെന്ന പരാമർശം നാക്കുപിഴ; പ്രായശ്ചിത്തമായി 3 ദിവസം വ്രതമെന്ന് ബിജെപി നേതാവ് സംബിത് പാത്ര