NASA launching the IMAP
ന്യൂഡൽഹി: സൗരയൂഥത്തിന്‍റെ വിദൂരതയുടെ അതിരുകൾ തേടാനായി നാസ പുതിയ ദൗത്യത്തിനൊരുങ്ങുകയാണ്. ഏറെ ലക്ഷ്യങ്ങളോടെ സെപ്റ്റംബർ 23 ന് ഇന്‍റർസ്റ്റെല്ലാർ മാപിങ് ആൻഡ് ആക്സിലറേഷൻ പ്രോബ് അഥവാ ഐഎംഎപി (IMAP) വിക്ഷേപിക്കും . സൂര്യനാൽ രൂപപ്പെടുന്ന കോസ്മിക് വികിരണങ്ങളിൽ നിന്നും സംരക്ഷിക്കുന്ന "ഹീലിയോസ്ഫിയർ' എന്ന പ്രതിരോധ കവചത്തെക്കുറിച്ചുള്ള പഠനം ലക്ഷ്യം വെച്ചാണ് ഈ വിക്ഷേപണം.
സൂര്യന്‍റെ പ്രവർത്തനങ്ങൾ എങ്ങനെ ഹീലിയോസ്ഫിയറിനെ ബാധിക്കുന്നു, അത് ഗ്യാലക്സിയിലെ അന്തരീക്ഷവുമായിഎങ്ങനെ ഇടപെടുന്നു എന്നീ കാര്യങ്ങൾ ദൗത്യം വ്യക്തമാക്കുമെന്നാണ് നാസയുടെ വിശദീകരണം. സൂര്യകിരണങ്ങൾക്ക് ലഭിക്കുന്ന ഊർജത്തിന്‍റെ ഉറവിടം, നക്ഷത്രങ്ങൾക്കിടയിൽ സോളാർ വിന്‍റിന്‍റെ ഇടപെടൽ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതിന് ഐഎംഎപി സഹായകരമാകും.
ഐഎംഎപിൽ പത്ത് പ്രത്യേക ഉപകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കണങ്ങളെ കണ്ടെത്തുക, വികിരണങ്ങളെ നിരീക്ഷിക്കുക,കാന്തിക മണ്ഡലത്തെ അളക്കുക തുടങ്ങിയ വ്യത്യസ്ത ലക്ഷ്യങ്ങളോടെയാണ് പ്രവർത്തനം രൂപപ്പെടുത്തിയിരിക്കുന്നത്. ഐഅലേർട്ട് എന്ന സാങ്കേതിക സംവിധാനത്തിലേക്കാണ് ഐഎംഎപി വഴി ശേഖരിക്കുന്ന വിവരങ്ങൾ എത്തുക. ഇതിലൂടെ ബഹിരാകാശ കാലാവസ്ഥാ പ്രവചനം മെച്ചപ്പെടുമെന്നാണ് നാസയുടെ കണ്ടെത്തൽ.