ബഹിരാകാശത്തോട് വിട ചൊല്ലി സുനിതയും ബുച്ചും; ഭൂമിയിലേക്ക് യാത്ര തിരിച്ചു

 
Tech

ബഹിരാകാശത്തോട് വിട ചൊല്ലി സുനിതയും ബുച്ചും; ഭൂമിയിലേക്ക് യാത്ര തിരിച്ചു

ഇരുവർക്കുമൊപ്പം നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ യാത്രികരുമുണ്ട്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ദീർഘമായ ഒമ്പത് മാസങ്ങൾ‌ക്കൊടുവിൽ ബഹിരാകാശത്തോട് വിട ചൊല്ലി ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമറും. ചൊവ്വാഴ്ച രാവിലെ സ്പേസ് എക്സിൽ ഇരുവരും ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു. കാലാവസ്ഥ അനുകൂലമെങ്കിൽ ബുധനാഴ്ച പുലർച്ചയോടെ ഇരുവരും ഭൂമിയിലെത്തും. ഇരുവർക്കുമൊപ്പം നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ യാത്രികരുമുണ്ട്.

ഡ്രാഗൺ പേടകത്തെ ഐഎസ്ഐയുമായി ബന്ധിപ്പിക്കുന്ന കവാടം അടയ്ക്കുന്ന ഹാച്ചിങ്ങിനു ശേഷം ചൊവ്വാഴ്ച ഇന്ത്യൻ സമയം 10 മണിയോടെ അൺഡോക്കിങ്ങും വിജയകരമായി പൂർത്തിയാക്കി. അതിനു ശേഷമാണ് അനിശ്ചിതമായി നീണ്ടു പോയിരുന്ന ബഹിരാകാശ ജീവിതം താത്കാലികമായി അവസാനിപ്പിച്ച് യാത്രികർ മടക്കയാത്ര ആരംഭിച്ചത്. ബുധനാഴ്ച പുലർച്ചയോടെ വേഗം കുറിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം പ്രവേശിക്കും. പിന്നീട് സ്ഥിരവേഗം കൈവരിച്ച ശേഷം 3.30 ഓടെ ഭൂമിയിൽ ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷ. അറ്റ്ലാന്‍റിക് സമുദ്രത്തിലോ മെക്സിക്കൻ ഉൾക്കടലിലോ പതിക്കുന്ന പേടകത്തിൽ നിന്ന് യാത്രികരെ കരയ്ക്കെത്തിക്കാനാണ് നീക്കം. പിന്നീട് നാസയുടെ ജോൺസൺ‌ സ്പെയ്സ് സെന്‍ററിലെത്തിച്ച് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.

2006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശയാത്ര നടത്തിയിരുന്നു സുനിത. 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു. ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശ നടത്തത്തിലും പങ്കെടുത്തു.ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്‍റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്‍റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്‍റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണിത്.

ബോയിങ് നിർമിത സ്റ്റാർലൈനറിനുണ്ടായ സാങ്കേതിക തകരാറുകൾ വലിയ അപകീർത്തിയിലേക്ക് നാസയെ നയിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ കടുത്ത വിമർശനങ്ങളാണ് നാസയ്ക്കെതിരെ ഉയർന്നത്. ബഹിരാകാശ സഞ്ചാരികളെ സ്ഥിരമായി ഭ്രമണപഥത്തിലേക്കും തിരിച്ചും കൊണ്ടുപോകാൻ വാഹനം സുരക്ഷിതമാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള ഒരു നിർണായക പരീക്ഷണമായിരുന്നു സുനിതയുടെയും വിൽമോറിന്‍റെയും ദൗത്യം.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച