നീതു മറിയം ജോയ് 
Tech

എഐ സംരംഭക നീതു മറിയം ജോയ് ആന്‍റലർ സംരംഭക റസിഡൻസി പരിപാടിയിൽ

മികച്ച ആശയത്തെ ഒന്നുമില്ലായ്മയില്‍ നിന്ന് കമ്പനിയായി വളര്‍ത്തിയെടുക്കാനുള്ള സഹായമാണ് ആന്‍റലര്‍ റസിഡന്‍സി പരിപാടിയിലൂടെ നടക്കുന്നത്

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള ആദ്യ ജനറേറ്റീവ് എഐ വനിതാ സംരംഭകയായ നീതു മറിയം ജോയ് ആന്‍റലര്‍ സംരംഭക റസിഡന്‍സി പരിപാടിയില്‍ പങ്കെടുത്തു. പുതുതലമുറ ഇ-കൊമേഴ്സ് സേവനങ്ങള്‍ക്കുള്ള സെര്‍ച്ച് എന്‍ജിനാണ് നീതു മറിയം ജോയിയുടെ സംരംഭം. ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ കൂടുതല്‍ വ്യക്തിപരമായ ഇടപെടലുകള്‍ നടത്താനും അതുവഴി കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കാനും നീതുവിന്‍റെ ജനറേറ്റീവ് എഐ ഉത്പന്നമായ മില വഴി സാധിക്കും.

ആറ് ഭൂഖണ്ഡങ്ങളിലായി 27 സ്ഥലത്താണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്‍റലര്‍ റസിഡന്‍സി പരിപാടി നടക്കുന്നത്. സംരംഭക ആശയത്തെ ആഗോള അടിസ്ഥാനത്തിലുള്ള ഉത്പന്നമായി മാറ്റുന്നതിനു വേണ്ടി വ്യക്തിപരമായി നല്‍കുന്ന ആക്സിലറേറ്റര്‍ പരിപാടിയാണിത്. ഏകാംഗ സംരംഭക സ്ഥാപകരായ 9,200 അപേക്ഷകരാണ് റസിഡന്‍സി പരിപാടിക്കായി അപേക്ഷിച്ചത്. അതില്‍ നിന്നും തെരഞ്ഞെടുത്ത 110 സ്ഥാപകരെയാണ് റസിഡന്‍സി പരിപാടിയിലേക്കെത്തിയത്.

വ്യക്തിപരമായും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്കും വലിയ പ്രചോദനമാണ് ഈ അംഗീകാരമെന്ന് നീതു മറിയം പറഞ്ഞു. അപേക്ഷിക്കുന്നവരില്‍ നിന്ന് 1.4 ശതമാനം പേരെ മാത്രമേ റസിഡന്‍സിക്കായി തെരഞ്ഞെടുക്കാറുള്ളൂ എന്നതു തന്നെ ഈ പരിപാടിയുടെ പ്രധാന്യം വ്യക്തമാക്കുന്നു.

ഐഐടി മദ്രാസിലെ പിഎച്ച്ഡി പഠനത്തിനിടയിലാണ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് നീതുവിന്‍റെ താത്പര്യം തുടങ്ങുന്നത്. ഇതിനുശേഷം ലണ്ടനിലെ കിങ്സ് കോളെജിലെ പോസ്റ്റ് ഡോക്റ്ററല്‍ പഠനത്തിന്‍റെ ഭാഗമായി ചെയ്ത ഓട്ടൊമാറ്റിക് സ്പീച്ച് റെക്കഗനിഷനിലൂടെയാണ് ഈ താത്പര്യം വളര്‍ന്നതെന്നും അവര്‍ പറഞ്ഞു. മൂന്നര വര്‍ഷത്തോളം രണ്ട് അന്താരാഷ്‌ട്ര കമ്പനികളില്‍ എഐ ശാസ്ത്രജ്ഞയായി നീതു ജോലി ചെയ്തു. 2023 മാര്‍ച്ചിലാണ് ജോലി വിട്ട് എഐ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ആദ്യം കമ്പനികളുടെ വിശദാംശങ്ങള്‍ തെരയാനാണ് മില ആരംഭിച്ചതെങ്കിലും പിന്നീട് അത് ഇ-കൊമേഴ്സിലേക്ക് കടക്കുകയായിരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഈ സ്ഥാപനം 2023 സെപ്റ്റംബറില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ സീഡ് ഫണ്ട് നേടി.

മികച്ച ആശയത്തെ ഒന്നുമില്ലായ്മയില്‍ നിന്ന് കമ്പനിയായി വളര്‍ത്തിയെടുക്കാനുള്ള സഹായമാണ് ആന്‍റലര്‍ റസിഡന്‍സി പരിപാടിയിലൂടെ നടക്കുന്നത്. ആഗോളതലത്തിലുള്ള സംരംഭക സ്ഥാപകര്‍, വിദഗ്ധര്‍, എന്നിവരുമായി ആശയവിനിമയം നടത്തുന്നതിനോടൊപ്പം, വിദഗ്ധോപദേശം, വിപുലീകരണ സഹായം, നിക്ഷേപസമാഹരണം തുടങ്ങിയവയെല്ലാം റസിഡന്‍സി പരിപാടിയുടെ ലക്ഷ്യമാണ്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ