അന്യഗ്രഹജീവികൾക്ക് വെള്ളം വേണ്ടെങ്കിലോ? പുതിയ ആശയവുമായി ഗവേഷകർ
പ്രപഞ്ചത്തിൽ ഭൂമിയല്ലാതെ മറ്റെവിടെയെങ്കിലും ജീവ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. അന്യഗ്രഹ ജീവികൾ എന്ന, സത്യമോ മിഥ്യയോ എന്നറിയാത്ത വിഷയം ചർച്ചകളിൽ സജീവമാണെങ്കിലും, വസ്തുതാപരമായി ഇതു തെളിയിക്കാൻ ഗവേഷകർക്ക് ഇതു വരെ സാധിച്ചിട്ടില്ല. ജീവസാന്നിധ്യം കണ്ടെത്താനായി വ്യത്യസ്തമായ മറ്റൊരു മാർഗം നിർദേശിക്കുകയാണ്. അരിസോണയിലെ ഗവേഷകർ.
ഭൂമിക്ക് പുറത്ത് ഏതെങ്കിലും ഗ്രഹത്തിൽ ജല സാന്നിധ്യമുണ്ടോ എന്നതിലാണ് ജീവസാന്നിധ്യം കണ്ടെത്തുന്നതിനു മുന്നോടിയായി ഗവേഷകർ പഠനം നടത്തിയിരുന്നത്. എന്നാൽ, ജലമില്ലാതെയും ജീവിക്കാൻ സാധിക്കുന്ന ജീവികളുണ്ടെങ്കിലോ എന്നാണ് അരിസോണ സർവകലാശാലയിലെ ആസ്ട്രോ ഫിസിസ്റ്റ് ഡാനിയൽ അപായ് നേതൃത്വം നൽകുന്ന സംഘം ചോദിക്കുന്നത്. ഇതടിസ്ഥാനമാക്കിയ പഠനം അടുത്തിടെ അവർ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഭൂമിയിൽ തന്നെ ചില കാലാവസ്ഥകളിൽ ചില ജീവജാലങ്ങൾക്ക് മാത്രമേ ജീവിക്കാൻ സാധിക്കാറുള്ളൂ എന്നാണ് അപായ് ചൂണ്ടിക്കാണിക്കുന്നത്. ഉദാഹരണത്തിന് അന്‍റാർട്ടിക്കയിൽ ഒരിക്കലും ഒട്ടകത്തിനെ കാണാൻ സാധിക്കാറില്ല. അതിന് ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് ആവശ്യം. അതു പോലെ ജലമില്ലാത്ത സാഹചര്യത്തിൽ ജീവിക്കാൻ മറ്റു ഗ്രഹങ്ങളിലെ ജീവജാലങ്ങൾക്കു സാധിക്കാം എന്നാണ് അപായ് പറയുന്നത്. നാസയുടെ ഏലിയൻ എർത്ത് പ്രോജക്റ്റിന്‍റെ ഭാഗമായാണ് അപായ് പഠനം നടത്തിയിരിക്കുന്നത്.