ഇന്ത‍്യൻ യുവതിയും സുഹൃത്തുക്കളും തടാകത്തിനരികെ വിശ്രമിക്കുന്നു
യുകെയിലെ കുട്ടികളിൽ നിന്നും വംശീയാധിക്ഷേപം നേരിട്ടെന്ന് ഇന്ത‍്യൻ യുവതി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് ഇന്ത‍്യൻ യുവതി താൻ നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒരു തടാകത്തിനരികെ വിശ്രമിക്കുകയായിരുന്നു യുവതിയും സുഹൃത്തുക്കളും.
ഇതിനിടെ 13,14 വയസ് മാത്രം പ്രായം വരുന്ന അഞ്ചോ ആറോ കുട്ടികൾ തടാകത്തിനരികെ നീന്തുന്നുണ്ടായിരുന്നു. തന്‍റെയും സുഹൃത്തുക്കളുടെയും വിഡിയോ ചിത്രീകരിക്കാൻ തുടങ്ങിയതോടെ കുട്ടികൾ ചെളി വാരിയെറിയുകയായിരുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്.
കുട്ടികളോട് ഇത് നിർത്തണമെന്ന് ആവശ‍്യപ്പെട്ടിട്ടും അവർ തയാറായില്ലെന്ന് യുവതി കൂട്ടിച്ചേർത്തു. ദയവായി ഇത് ചെയ്യരുത്. ഞങ്ങൾ നിങ്ങളെ ശല‍്യപ്പെടുത്തുന്നില്ല. ഇല്ലെങ്കിൽ ഞങ്ങൾ പൊലീസിനെ വിളിക്കും. യുവതി കുട്ടികളോട് പറഞ്ഞു. എന്നാൽ ഇതിനു പിന്നാലെ നിങ്ങൾ മുസ്‌ലിങ്ങളാണെന്ന് പറയുകയും കുട്ടികൾ വംശീയ പരാമർശങ്ങൾ നടത്താൻ തുടങ്ങിയെന്നും യുവതി പറഞ്ഞു.
താനും തന്‍റെ സുഹൃത്തുക്കളും മുസ്‌ലിംങ്ങളല്ലെന്ന് വ‍്യക്തമാക്കിയ യുവതി ഇവിടെ മതമല്ല പ്രശ്നമെന്നും ലക്ഷ‍്യം വയ്ക്കുന്നതും ഉപദ്രവിക്കുന്നതുമാണ് പ്രശ്നമെന്നും കൂട്ടിച്ചേർത്തു. ഒടുവിൽ യുവതിയുടെ ഭർത്താവ് പൊലീസിനെ വിളിച്ചെങ്കിലും ഒരു മണിക്കൂർ പിന്നിട്ടിട്ടും അവർ സംഭവസ്ഥലത്ത് എത്തിയിരുന്നില്ല.
ഇതോടെ കുട്ടികൾ ഇവർക്കു നേരെയത്തി പൊലീസ് എവിടെയന്ന് ചോദിച്ച് പരിഹസിച്ചെന്നും യുവതി വ‍്യക്തമാക്കുന്നു. പിന്നീട് കുട്ടികൾ സ്ഥലം വിട്ടതായും യുവതി പങ്കുവച്ച വിഡിയോയിൽ പറയുന്നു. രാത്രി 10 മണിയോടെ പൊലീസ് യുവതിയെ വിളിക്കുകയും കുട്ടികളെ തിരിച്ചറിഞ്ഞതായി അറിയിക്കുകയും അവരുടെ മാതാപിതാക്കൾക്ക് കർശനമായ മുന്നറിയിപ്പ് നൽകിയതായും അറിയിച്ചു. വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമത്തിൽ പ്രചരിക്കാൻ തുടങ്ങിയതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്.