ജാക്‌ലിൻ ഫൊറേറോ, ചന്ദൻ
'Hi' എന്നൊരു മെസേജിലായിരുന്നു തുടക്കം. ജാക്‌ലിൻ ഫൊറേറോയുടെ ഇൻസ്റ്റഗ്രാം മെസേജിന് ചന്ദൻ മറുപടി അയച്ചു. പിന്നെയത് ഹൃദ്യമായൊരു സ്നേഹബന്ധമായി വളർന്നു വികസിച്ചു. 14 മാസത്തിനിപ്പുറം ജാക്‌ലിൻ ഇന്ത്യയിലുണ്ട്, ആന്ധ്ര പ്രദേശിലെ ചന്ദന്‍റെ ഗ്രാമത്തിൽ. വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചു കഴിഞ്ഞു.
ഫോട്ടൊഗ്രഫറാണ് ജാക്‌ലിൻ. ചന്ദന്‍റെ ലാളിത്യമാണ് തന്നെ ആകർഷിച്ചതെന്ന് അവർ പറയുന്നു. ഒരുമിച്ചുള്ള 45 സെക്കൻഡ് റീലും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
''ദൈവശാസ്ത്രത്തിൽ അറിവുള്ള ക്രിസ്തുമത വിശ്വാസിയാണെന്ന് ചന്ദന്‍റെ പ്രൊഫൈലിൽനിന്നു മനസിലായി. ഞാനാണ് ആദ്യം അങ്ങോട്ട് മെസേജ് അയച്ചത്'', ജാക്‌ലിൻ വെളിപ്പെടുത്തുന്നു.
എട്ടു മാസത്തെ ഓൺലൈൻ ഡേറ്റിങ്ങിനൊടുവിൽ അമ്മയുടെ അനുവാദം വാങ്ങി, അമ്മയെയും കൂട്ടിയാണ് താൻ ഇന്ത്യയിലെത്തിയിരിക്കുന്നതെന്നും അവർ പറയുന്നു.
ജാക്‌ലിന്‍റെ പോസ്റ്റിനു താഴെ പലതരത്തിലുള്ള കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്. രണ്ടു രാജ്യക്കാരാണ് എന്നതിൽ മാത്രമല്ല പലരും കുറ്റം കണ്ടുപിടിക്കുന്നത്. ജാക്‌ലിന് ചന്ദനെക്കാൾ ഒമ്പത് വയസ് കൂടുതലാണെന്ന കാര്യവും പലർക്കും ഇഷ്ടപ്പെടുന്നില്ല!
യേശുവാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നും അവൻ തന്നെ മുന്നോട്ടു നയിക്കുമെന്നും ഉറച്ച വിശ്വാസിയായ ജാക്‌ലിൻ ആവർത്തിക്കുന്നു.