
ഭാരം കുറയ്ക്കാനായി പിന്തുടരുന്ന ഭക്ഷണക്രമീകരണം നിങ്ങളെ വിഷാദരോഗികളാക്കിയേക്കാം!!
അമിത ഭാരം എപ്പോഴും ഒരു തലവേദനയാണ്. ദൈംനദിന ജീവിതത്തെയും ജോലിയെയും ഒക്കെ അത് ബാധിച്ചേക്കാം. അപ്പോൾ നമ്മൾ ഭാരം കുറയ്ക്കാനായി ആലോചിച്ച് തുടങ്ങും. അതിനായുള്ള ഏറ്റവും എളുപ്പവഴി ഡയറ്റാണ്. ഡയറ്റിനായി തെരഞ്ഞെടുക്കുന്നതോ കലോറി കുറഞ്ഞ ഭക്ഷണങ്ങളും. ഇത്തരം ഡയറ്റുകൾ പലപ്പോഴും മികച്ച ഫലം തരാറുമുണ്ട്. എന്നാൽ ഇത്തരം ഡയറ്റുകൾ നമ്മുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ?
ടൊറേന്‍റോ സർവകലാശാലയിലെ ഗബ്രിയേല മെന്നിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ച്, വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്നതിനായി കലോറി കുറവുള്ള ഭക്ഷണക്രമം പിന്തുടരുന്ന വ്യക്തികളിൽ വിഷാദരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു.
2007 നും 2018 നും ഇടയിൽ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ പങ്കെടുത്ത 28,525 പേരുടെ ഡേറ്റ പരിശോധയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. പങ്കെടുക്കുന്നവരെ നാല് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. അതിൽ ഒരു വിഭാഗം യാതൊരു ഭക്ഷണ ക്രമീകരണങ്ങളും ഇല്ലാത്തവർ, രണ്ടാമത്തേത് കലോറി നിയന്ത്രിത ഭക്ഷണങ്ങൾ പിന്തുടരുന്നവർ, മൂന്ന് പോഷക നിയന്ത്രിത ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾ, നാല് മധുരം, ഉപ്പ് മുതലായ നിയന്ത്രിത ഭക്ഷണക്രമം പാലിക്കുന്ന വ്യക്തികൾ.
തുടർന്ന് ഇവരുടെ വിഷാദ രോഗസാധ്യത ചോദ്യാവലിയിലൂടെ അളന്നു. ഇതിൽ 10 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സ്കോറുകൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വിശകലനം ചെയ്തു.
കലോറി നിയന്ത്രിത ഭക്ഷണക്രമം പിന്തുടർന്നവർക്ക് നിയന്ത്രണ ഭക്ഷണക്രമം പാലിക്കാത്തവരെക്കാൾ വിഷാദത്തിന്‍റെ അളവിൽ വളരെ കൂടുതൽ സ്കോർ നേടിയതായി നിരീക്ഷിക്കപ്പെട്ടു. അവരിൽ വിഷാദ രോഗ സാധ്യത കൂടുതലാണെന്ന് സാരം. ക്ഷീണം, ഉറക്ക പ്രശ്നങ്ങൾ, വിശപ്പ് മാറ്റങ്ങൾ തുടങ്ങിയ വിഷാദത്തിന്‍റെ ശാരീരിക ഫലങ്ങൾ പുരുഷന്മാരിലാണ് കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു.