നീതു ചന്ദ്രൻ
അഹമ്മദാബാദിലെത്തുമ്പോൾ വിദൂരമായ ചിന്തകളിൽ പോലും മൊഠേരയുണ്ടായിരുന്നില്ല. ഗുജറാത്തിലൂടെയുള്ള യാത്രയിൽ ഒരിക്കലെങ്കിലും കാണേണ്ട ഇടമാണ്, അതിമനോഹരമായൊരു അനുഭവമായിരിക്കും, പറ്റുമെങ്കിൽ ഒന്നു ശ്രമിക്കൂവെന്ന വാക്കുകളിൽ തടഞ്ഞ് മുൻപേയെടുത്ത തീരുമാനങ്ങളെയെല്ലാം ഒന്നുകൂടി അടുക്കിപ്പെറുക്കി. പുലരിയിലെ ഉറക്കം ഒഴിവാക്കി കിട്ടിയ ഇത്തിരി സമയം കൊണ്ട് പെട്ടെന്നൊരു സന്ദർശനം... കടുകു പൂത്തു നിൽക്കുന്ന മഞ്ഞപ്പാടങ്ങൾ കടന്ന് മൊഠേരയിലെ ചരിത്രമുറങ്ങുന്ന സൂര്യക്ഷേത്രത്തിലേക്ക്...
പേരറിയാ മരങ്ങൾ അതിരിട്ട മൈതാനത്തിനരികിലൂടെ അകത്തേക്ക് നടക്കുമ്പോൾ തന്നെ ചരിത്രത്തിൽ നിന്ന് കീറിയെടുത്ത നിറം മങ്ങാത്തൊരു താളെന്ന പോലെ സൂര്യക്ഷേത്രം തെളിഞ്ഞു വന്നു. അടുത്തു ചെല്ലും തോറും കൂടുതൽ മിഴിവാർന്നു വരുന്ന ശിൽപ്പചാതുര്യം, കാണാൻ ഇരു കണ്ണുകൾ മതിയാകില്ലെന്ന മട്ടിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നയിക്കുന്ന അനേകം സൂക്ഷ്മമായ കൊത്തുപണികൾ. ത്രികോണാകൃതിയിൽ കൊത്തിയെടുത്ത കൽപ്പടവുകൾ കൊണ്ട് കണ്ണുകളെ ഭ്രമിപ്പിക്കുന്ന, പച്ച നിറമുള്ള വെള്ളം തുളുമ്പുന്ന ക്ഷേത്രക്കുളം...കല്ലിൽ കൊത്തിവച്ച ചരിത്രമെന്ന പോലെയുള്ള ക്ഷേത്രസമുച്ചയത്തിന്റെ ദൂരെ നിന്നുള്ള കാഴ്ച മാത്രം മതിയായിരുന്നു മണിക്കൂറുകൾ നീണ്ട യാത്രയുടെ മടുപ്പും ക്ഷീണവും ഇല്ലാതാക്കാൻ
കല്ലിൽ കൊത്തിയെടുത്ത കമഴ്ത്തി വച്ച താമരപ്പൂവിനു മുകളിൽ ഒരായിരം ചരിത്രസത്യങ്ങൾ ഉള്ളിലടക്കി നിൽക്കുന്ന സൂര്യമന്ദിരം. തൊട്ടരികേ ശാന്തമായി ഒഴുകുന്ന പുഷ്പാവതി നദി. പടിക്കെട്ടുകൾ കയറുമ്പോഴേക്കും മഞ്ഞുപാളികളെ തുളച്ചു കൊണ്ട് പ്രഭാതത്തിന്റെ കിരണങ്ങൾ കൽഭിത്തികളിലേക്ക് പതിച്ചു. ഇളം വെയിലിൽ ക്ഷേത്രസമുച്ചയമാകെ ഇളംചുവപ്പാർന്ന് തുടുത്തു. നഗ്നനാരികളും ആനകളും ദേവതകളും നർത്തകിയും താമരയും മഹാഭാരതത്തിലെയും രാമായണത്തിലെയും അസംഖ്യം കഥകളും.. അങ്ങനെ അങ്ങനെ ഓരോ മതിലിലും ഓരോ തൂണുകളിലും കൊത്തുപണികളുടെ സമൃദ്ധി. ഏഴു കുതിരകളെ പൂട്ടിയ പന്ത്രണ്ട് ചത്രങ്ങളുള്ള സൂര്യരഥത്തെയാണ് ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നത്. പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ച പ്രദേശവാസികൾ ക്ഷേത്ര സന്ദർശനം കഴിഞ്ഞു മടങ്ങുന്നു.. തൊട്ടടുത്ത നഗരത്തിലെ സ്കൂൾ കുട്ടികളുടെ ഒരു വലിയ കൂട്ടം ഒഴിച്ചാൽ ഏറെക്കുറേ ക്ഷേത്രപരിസരം നിശബ്ദമാണ്. പൂജാ വസ്തുക്കളുടെ ഗന്ധമോ, മന്ത്രധ്വനികളോ മണിയൊച്ചകളോ ഇല്ല... കാലങ്ങൾക്കു മുൻപേ തന്നെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായിരുന്ന സൂര്യവിഗ്രഹം നഷ്ടപ്പെട്ടു. അതു കൊണ്ട് തന്നെ ക്ഷേത്രത്തിൽ ഇപ്പോൾ ആരാധനയുമില്ല
ആയിരം വർഷങ്ങൾക്കു മുൻപ് ശാസ്ത്രത്തിന്റെ സാധ്യതങ്ങളെല്ലാം ഉപയോഗപ്പെടുത്തി കണക്കുകൾ ഒന്നും പിഴക്കാതെ നിർമിച്ചെടുത്ത അപൂർവ മന്ദിരമാണ് മൊഠേരയിലെ സൂര്യക്ഷേത്രം. പകലും രാത്രിയും തുല്യമായ വിഷുവ ദിനത്തിൽ (Equinox) ക്ഷേത്രത്തിന്റെ നിഴൽ താഴെ പതിക്കില്ല. ക്ഷേത്രത്തിന്റെ മാത്രമല്ല ആ ദിവസം ക്ഷേത്രത്തിൽ നിൽക്കുന്നവരുടെയും നിഴൽ താഴെ പതിക്കില്ല. അവ്വിധം കടുകിട വ്യതിയാനം വരാതെ ഉത്തരായന രേഖയിലാണ് (tropic of cancer)ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കർക്കടക വൃത്തത്തിൽ ഒരിഞ്ച് പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ കൃത്യം കിഴക്കു പടിഞ്ഞാറായാണ് ക്ഷേത്രം നിർമിച്ചിരുന്നത്. സ്വർണത്തിൽ തീർത്ത സൂര്യവിഗ്രഹത്തിലേക്ക് വിഷുവ ദിനത്തിലെ ആദ്യ സൂര്യരശ്മി പതിച്ച് തിളങ്ങുന്ന വിധത്തിൽ... കൂട്ടത്തിലൊരാളുടെ മൊബൈലിൽ നിന്ന് കോമ്പസ് ആപ്പ് തുറന്ന് ഞങ്ങളത് ഒന്നു കൂടി ഉറപ്പാക്കി... ക്ഷേത്രത്തിനു പുറത്തുള്ള ഭിത്തിയിൽ12 മാസങ്ങളെ കുറിക്കുന്ന വിധം സൂര്യന്റെ 12 ഭാവങ്ങളാണ് കൊത്തിയിരിക്കുന്നത്. സാൻഡ്സ്റ്റോണിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. സ്വർണത്തിൽ തീർത്ത വിഗ്രഹത്തിൽ സൂര്യകിരണങ്ങളാണ് ആദ്യം അഭിഷേകം നടത്തുന്നതെന്നാണ് വിശ്വാസം. സൂര്യമണ്ഡപം അഥവാ ഗുഡമണ്ഡപം എന്നറിയപ്പെടുന്ന പ്രധാനക്ഷേത്രത്തിലേക്ക് നടക്കുന്നതിനിടെ വിഷു സംക്രമദിനത്തിൽ പകർത്തിയൊരു ചിത്രം ഞങ്ങൾക്കു നേരെ നീട്ടിക്കൊണ്ട് പ്രദേശവാസിയായ വഴികാട്ടി തുടർന്നു...
ഒന്നിലധികം ആക്രമണങ്ങളുടെയും ചെറുത്തു നിൽപ്പിന്റെയും ചരിത്രമുണ്ട് മൊധേറ ക്ഷേത്രത്തിലെ കൽച്ചുമരുകളിൽ. അത്രയധികം തന്നെ തർക്കങ്ങളും ക്ഷേത്രത്തിന്റെ ഉത്പത്തിയെ ചുറ്റിപ്പറ്റിയുണ്ട് നൂറ്റാണ്ടുകൾക്കു മുൻപേയുണ്ടായ ആക്രമണത്തിൽ പാതി തകർന്ന കൊത്തുപണികൾ ഇപ്പോഴും ചരിത്ര രേഖയെന്ന പോലെ ക്ഷേത്രച്ചുമരുകളിൽ തെളിഞ്ഞു നിൽക്കുന്നു. ചരിത്രത്തിന്റെ വലിയൊരു അറയിലേക്കാണ് സൂര്യക്ഷേത്രത്തിന്റെ കമാനങ്ങൾ തുറക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ സോളങ്കി രാജാവായ ഭീമ ദേവൻ ഒന്നാമനാണ് ക്ഷേത്രം നിർമിച്ചതെന്നാണ് കരുതുന്നത്. ഭീമദേവൻ ശിവഭക്തനായിരുന്നുവെങ്കിലും സോളങ്കി രാജവംശം സൂര്യ ഭക്തരായിരുന്നു. 1024-1025 കാലഘട്ടത്തിൽ മഹ്മൂദ് ഗസ്നി സോളങ്കി രാജവംശത്തെ ആക്രമിച്ചു. പക്ഷേ കാര്യമായ വിജയം നേടാൻ ഗസ്നിക്ക് സാധിച്ചില്ല. ഒരു വർഷത്തിനു ശേഷം സോളങ്കി രാജവംശം വീണ്ടും ഇവിടെ അധികാരം പിടിച്ചെടുത്തു. അന്നത്തെ വിജയകരമായ പ്രതിരോധത്തിന്റെ സ്മരണയ്ക്കായാണ് സൂര്യഭഗവാന്റെ സ്വർണവിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമിച്ചതെന്നാണ് ചരിത്രഗ്രന്ഥങ്ങളിലുള്ളത്. പക്ഷേ ഏറെക്കാലം കഴിയും മുൻപേ വീണ്ടും ക്ഷേത്രം ആക്രമണത്തിന് ഇരയായി. ക്ഷേത്രത്തിലെ വിഗ്രഹം മാത്രമല്ല അതിനു താഴെ വില മതിക്കാനാകാത്തത്ര സ്വർണനാണങ്ങളും രത്നങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന അഭ്യൂഹമാണ് അലാവുദ്ധീൻ ഖിൽജിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.1300കളിൽ ഖിൽജിയുടെ ആക്രമണത്തോടെ ക്ഷേത്രത്തിലെ വിഗ്രഹം അപ്രത്യക്ഷമായി. ഖിൽജിയുടെ പടയാളികൾ വിഗ്രഹം കവർച്ച ചെയ്തതാണോ അതോ ക്ഷേത്ര പൂജാരികളും വിശ്വാസികളും ചേർന്ന് വിഗ്രഹം അതീവ രഹസ്യമായി ഒളിപ്പിച്ചതാണോ എന്നതിൽ ഇപ്പോളും ദുരൂഹത തുടരുകയാണ്. എന്തു തന്നെയായാലും വിഗ്രഹം പിന്നീട് തിരിച്ചു കിട്ടിയില്ല. അതോടെ പൂജയും മുടങ്ങി. പിന്നീട് 1802ൽ ബ്രിട്ടീഷുകാരാണ് ക്ഷേത്രത്തെ വീണ്ടും കണ്ടെത്തിയത്. നിലവിൽ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം.
പ്രധാനക്ഷേത്രത്തിനു തൊട്ടു മുൻപിലായി അഷ്ടകോണാകൃതിയിൽ നിർമിച്ച സഭാമണ്ഡപം. അവിടെ പല ഉയരങ്ങളിലുള്ള കൽത്തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. 52 ആഴ്ചകളെ കുറിക്കുന്ന 52 തൂണുകളാണിവിടെ ഉള്ളതെന്നാണ് കരുതുന്നത്. രാജഭരണകാലത്ത് സഭാമണ്ഡപം നൃത്ത വേദിയായി ഉപയോഗിച്ചിരുന്നുവെന്നു വേണം കരുതാൻ. ചുമരുകളിലെ നൃത്തം ചെയ്യുന്ന അപ്സരസുകളുടെ ചിത്രങ്ങളും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവിടെ നിന്നും സൂര്യകുണ്ഡെന്ന സമചതുരത്തിൽ നിരവധി കൽപ്പടവുകളുമായി നിർമിച്ച ക്ഷേത്രക്കുളത്തിലേക്ക് കടക്കാം. നാലു വശങ്ങളിൽ നിന്നും അനവധി കൽപ്പടവുകളോടു കൂടിയ സൂര്യകുണ്ഡിൽ ഓരോ പടിക്കെട്ടിലും ഗോപുരങ്ങൾ നിർമിച്ചിട്ടുണ്ട്. അവിടെയെല്ലാംഗണപതി, ശിവൻ, പാർവതി എന്നിങ്ങനെ വിവിധ ദേവതാ ശിൽപ്പങ്ങളുമുണ്ട്. കുളത്തിനു ചുറ്റുമുയി 108 ശ്രീകോവിലുകളുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പല കാലങ്ങളിലുണ്ടായ ആക്രമണങ്ങളിൽ പലതും ശിഥിലമാക്കപ്പെട്ടു. അവശേഷിക്കുന്നവയിൽ ഇപ്പോഴും ശൈവ, വിഷ്ണു പ്രതിഷ്ഠകളുണ്ട്.
സ്കന്ദ പുരാണത്തിൽ ഭാസ്കര മേഖലയെന്നും ബ്രഹ്മ പുരാണത്തിൽ ധർമാരണ്യമെന്നും പരാമർശിക്കുന്നിടത്താണ് സൂര്യക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. ത്രേതായുഗത്തിൽ രാവണ വധം കഴിഞ്ഞതിനു ശേഷം ബ്രഹ്മഹത്യാ പാപം തീർക്കാനായി പുഷ്പാവതി നദീ തീരത്ത് യജ്ഞം നടത്താനായി വസിഷ്ഠമഹർഷി ശ്രീരാമനോട് നിർദേശിച്ചുവെന്നും അതാണ് പിന്നീട് സൂര്യകുണ്ഡ് ആയി മാറിയതെന്നുമാണ് വിശ്വാസം. പ്രാദേശികമായി ക്ഷേത്രക്കുളം ഇപ്പോഴും രാമകുണ്ഡ് എന്നാണ് അറിയപ്പെടുന്നത്. ആ പ്രദേശത്താണ് സോളങ്കി രാജവംശം ക്ഷേത്രം നിർമിച്ചതെന്നാണ് വിശ്വാസം. വെയിൽ ഉദിക്കുന്നതോടെ സൂര്യകുണ്ഡിൽ സഭാമണ്ഡലത്തിന്റെ വിശാലമായ പ്രതിബിംബം പതിയും. അതിമനോഹരമായ കാഴ്ചയാണിത്. മഞ്ഞുകാലവും വേനൽക്കാലവും മഴക്കാലവുമെല്ലാം പല രീതികളിൽ ക്ഷേത്രത്തിന്റെ മനോഹാരിത വർധിപ്പിക്കാറുണ്ട്.
മൊഠേരയ്ക്കെപ്പോഴും സൗരതേജസ്സുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള സൂര്യക്ഷേത്രത്തിലൂടെ മാത്രമല്ല രാജ്യത്തെ ആദ്യ സമ്പൂർണ സൗരോർജവത്കൃത ഗ്രാമമെന്ന പേരിലും മൊഠേര പ്രശസ്തമാണ്. സൂര്യക്ഷേത്രവും അതിനു ചുറ്റുമുള്ള ഗ്രാമവും സമ്പൂർണമായി സൗരോർജവത്കരിച്ചിരിക്കുകയാണ്. ഗ്രാമത്തിലെ 1300ലധികം വീടുകളുടെ മേൽക്കൂരയിൽ സ്ഥാപിച്ച പാനലുകളിലൂടെ 60 മുതൽ 100 ശതമാനം വരെ വൈദ്യുതി ഉപയോഗം കുറച്ചിട്ടുണ്ട്. സൂര്യക്ഷേത്രവും ഇതിൽ നിന്ന് വിഭിന്നമല്ല. ക്ഷേത്രത്തിലെ പൈതൃക വിളക്കുകളും 3-ഡി പ്രൊജക്ഷനും പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. 18 മിനിറ്റ് വരെയാണ് 3 ഡി പ്രദർശനം.
കൊണാർക്ക്, ഖജുരാഹോ നൃത്തോത്സവങ്ങൾക്കു സമാനമായി മൊധേറയിലും മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നൃത്തോത്സവം നടത്താറുണ്ട്. ഗുജറാത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഉത്തരായനകാലത്ത് ജനുവരിയിലാണ് നൃത്തോത്സവം സംഘടിപ്പിക്കാറുള്ളത്. രാജ്യത്തെ പ്രഗത്ഭരായ നർത്തകരെല്ലാം മൊധേറ സൂര്യക്ഷത്രേത്തിൽ ചുവടുകൾ വയ്ക്കാനായി എത്താറുമുണ്ട്.
മഞ്ഞുകാലത്തിന്റെ തുടക്കത്തിൽ വരാനിരിക്കുന്ന നൃത്തോത്സവത്തിന്റെ ഓർമകൾ അയവിറക്കിയെന്ന പോലെ ക്ഷേത്രം നിശബ്ദതയിലാണ്. ശാന്തമായി ഒഴുകുന്ന പുഷ്പാവതി നദിയ്ക്കരികിലൂടെ ക്ഷേത്രത്തെ ഒന്നു കൂടി പ്രദക്ഷിണം ചെയ്ത് പുറത്തേക്ക്.. അപ്പോഴേക്കും പച്ച നിറമുള്ള ക്ഷേത്രക്കുളത്തിലേക്ക് സഭാമന്ദിരത്തിന്റെ നിഴൽ പതിച്ചു കഴിഞ്ഞിരുന്നു.
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ... ഏകതാ പ്രതിമയുടെ നാട്ടിലേക്കൊരു യാത്ര|ഗുജറാത്ത് ചാപ്റ്റർ -1
രാത്രിയിൽ ചെന്നായ്ക്കൾ ഇറങ്ങുന്ന അതിർത്തി ഗ്രാമം|ഗുജറാത്ത് ചാപ്റ്റർ-3