കുട്ടി മരിച്ച കേസിൽ ആരോപണം നേരിട്ട ഡോക്‌റ്റർക്ക് സർക്കാർ ആശുപത്രിയിൽ ജോലി

ആരോഗ്യരംഗം തകിടംമറിയുമ്പോഴും വീഴ്ചകൾ തുടരുന്നു: ആരോപണവിധേയയായ ഡോക്റ്റർക്ക് സ്വകാര്യ പ്രാക്റ്റീസും; സൗന്ദര്യ മത്സരത്തിലും സജീവം
Tainted doctor inducted in government service

ഡോ. മീനു പ്രസന്നൻ

Updated on

തൃശൂർ: സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ ആരോഗ്യ വകുപ്പിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. മൂന്ന് വർഷം മുൻപ് ദന്ത ശസ്ത്രക്രിയയ്ക്കിടെ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണം നേരിടുന്ന ഡോക്‌റ്റർ ഇപ്പോൾ തൃശൂർ ജനറൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു.

കേരളത്തിന്‍റെ വൈദ്യശാസ്ത്ര ചരിത്രത്തിൽ തന്നെ അത്യപൂർവമായ സംഭവമായിരുന്നു ദന്ത ചികിത്സയ്ക്കിടെ രോഗി മരിച്ചത്, അതും ഒരു പിഞ്ചുകുഞ്ഞ്. അത്ര അനിവാര്യമായ സാഹചര്യമല്ലെങ്കിൽ, മുതിർന്നവർക്കു നൽകുന്നതു പോലെ കുട്ടികൾക്ക് ജനറൽ അനസ്തീഷ്യ നൽകാറില്ല. ഈ അപകട സാധ്യത പോലും കണക്കിലെടുക്കാതെ നടത്തിയ ചികിത്സയാണ് ആരോപണത്തിന് അടിസ്ഥാനമായത്.

അത്രയും ഗുരുതരമായൊരു കേസിൽ ആരോപണം നേരിട്ട ഡോ. മീനു പ്രസന്നൻ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനൊപ്പം നിയമവിരുദ്ധമായി സ്വകാര്യ പ്രാക്റ്റീസ് നടത്തുന്നതായും ആക്ഷേപമുണ്ട്.

ആരോണിന്‍റെ അകാല മരണം

മുണ്ടൂർ സ്വദേശികളായ കെവിൻ-ഫെൽജ ദമ്പതികളുടെ മകൻ ആരോൺ മരിച്ച സംഭവത്തിലാണ് ഡോ. മീനു പ്രസന്നനെതിരേ ചികിത്സാ പിഴവ് സംബന്ധിച്ച ആരോപണമുയർന്നത്. കുന്നംകുളത്ത് മലങ്കര മിഷൻ ആശുപത്രിയിലാണ് ഡോ. മീനു അന്നു ജോലി ചെയ്തിരുന്നത്. കുട്ടിയുടെ പല്ലിലെ അണുബാധ നീക്കം ചെയ്യാൻ ജനറൽ അനസ്തീഷ്യ നൽകി നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലിരിക്കെയാണ് ആരോൺ മരിച്ചത്.

ആദ്യം കുട്ടിയെ കാണാൻ ബന്ധുക്കളെ അനുവദിച്ചില്ല. തുടർന്ന് ബലമായി തീവ്രപരിചരണ വിഭാഗത്തിൽ കയറിയ ബന്ധു കാണുന്നത് മൂക്കിലൂടെയും വായിലൂടെയും രക്തം വരുന്ന കുട്ടിയെയാണ്. ആ സമയത്ത് ആശുപത്രി ജീവനക്കാർ കുട്ടിക്ക് സിപിആർ നൽകുകയായിരുന്നു.

Tainted doctor inducted in government service

ദന്ത് ശസ്ത്രക്രിയയെത്തുടർന്ന് മരിച്ച ആരോൺ.

എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം താൻ ആശുപത്രി വിട്ടെന്നും തുടർന്നുള്ള പരിചരണം ആശുപത്രിയുടെ ഉത്തരവാദിത്വമാണെന്നുമാണ് ഡോ. മീനു അന്ന് നൽകിയ വിശദീകരണം. കുട്ടി മരിക്കാൻ കാരണമായത് മുൻപേ തന്നെ ഉണ്ടായിരുന്ന ഹൃദ്‌രോഗമാണെന്നും പറയുന്നു.

കുട്ടിക്ക് അപസ്മാരം പോലുള്ള പ്രശ്നങ്ങൾ ഉണ്ടെന്നും അതിനു മരുന്നു കഴിക്കുന്നതായും ഡോക്റ്ററെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്ന് മാതാപിതാക്കൾ പറയുന്നു. ഇങ്ങനെയുള്ള കുട്ടിക്ക് അനസ്തീഷ്യ നൽകുന്നതിലെ അപകട സാധ്യതയെക്കുറിച്ച് ആദ്യമേ ചോദിച്ചിരുന്നതായി നഴ്സ് കൂടിയായ കുട്ടിയുടെ അമ്മ ഫെൽജയും അന്ന് പറഞ്ഞിരുന്നു.

എന്നാൽ, കുട്ടിയുടെ മാതാപിതാക്കൾക്ക് താൻ രണ്ട് ഓപ്ഷൻ നൽകിയിരുന്നു എന്നും, ജനറൽ അനസ്തീഷ്യ നൽകാതെ ഘട്ടം ഘട്ടമായി ചികിത്സിക്കുന്നതും, അനസ്തീഷ്യ നൽകി ഒറ്റയടിക്ക് പൂർത്തിയാക്കുന്നതുമായിരുന്നു ഓപ്ഷനുകൾ എന്നും ഡോക്റ്റർ വാദിച്ചു.

തുടർക്കഥയാകുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ചതു പോലുള്ള ഞെട്ടിക്കുന്ന മെഡിക്കൽ അനാസ്ഥകൾ കേരളത്തിൽ തുടർക്കഥയാകുമ്പോഴാണ്, കുട്ടി മരിച്ച കേസിൽ പ്രതിക്കൂട്ടിലായ ദന്ത ഡോക്‌റ്റർക്ക് പിന്നീട് മലങ്കര മിഷൻ ആശുപത്രിയിൽ നിന്നു മാറേണ്ടി വന്നു. എന്നാൽ, ഇപ്പോഴവർക്ക് തൃശൂർ ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ ജോലി ചെയ്യാൻ സാധിക്കുന്നത് വലിയ വിമർശനങ്ങൾക്കു കാരണമാകുന്നുണ്ട്.

സർക്കാർ സർവീസിലുള്ള ഡോക്‌റ്റർമാർക്ക് കേരളത്തിൽ സ്വകാര്യ പ്രാക്റ്റീസ് അനുവദനീയമല്ല. എന്നാൽ, ഡോ. മീനു തന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ താൻ സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്നതായി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തൃശൂർ ജനറൽ ആശുപത്രിയിലെ ദന്ത ഡോക്‌റ്റർ ആണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

ഇവർ സ്ഥിരം ജീവനക്കാരിയായാലും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്താലും, ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരെ സർക്കാർ സംവിധാനത്തിന്‍റെ ഭാഗമാക്കുന്നത് എത്രത്തോളം ഉചിതമാണെന്ന ചോദ്യവും ബാക്കിയാണ്.

Tainted doctor inducted in government service

മിസ്സിസ് കേരള മത്സരത്തിൽ കിരീടം ചൂടിയ ഡോ. മീനു പ്രസന്നൻ.

വാണിജ്യ മത്സരങ്ങളും ചട്ടലംഘനവും

കഴിഞ്ഞ വർഷം മിസ്സിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ഡോ. മീനു വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇവർ സർക്കാർ ഉദ്യോഗസ്ഥയാണെങ്കിൽ, സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം വാണിജ്യ മത്സരങ്ങളിലോ ഗ്ലാമർ ഷോകളിലോ പങ്കെടുക്കുന്നത് ചട്ടലംഘനമാണ്. എന്നാൽ, കേസിൽ പുരോഗതി ഉണ്ടാവാത്തതും, ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാൻ ഇവർക്ക് സാധിച്ചതും ഉന്നത സ്വാധീനം മൂലമാണെന്ന ആരോപണം ശക്തമാണ്.

കേരളത്തിലെ പൊതുജനാരോഗ്യ രംഗം താറുമാറാണെന്നും സർക്കാർ ആശുപത്രികൾ മരണക്കെണികളായി മാറുന്നുവെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ സംഭവം. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ വീഴ്ചകൾ സാധാരണക്കാരായ രോഗികളുടെ ജീവനെടുക്കുമ്പോഴും, കുറ്റാരോപിതർക്ക് സർക്കാർ തണലിൽ സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കുന്നത് ഭരണകൂടത്തിന്‍റെ പരാജയമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊലീസ് കേസെടുത്തിട്ടും ആരോണിന്‍റെ മരണത്തിൽ ഇനിയും നീതി കിട്ടാത്തതും, ആരോപണവിധേയയായ ഡോക്‌റ്റർ പിന്നീട് പൊതുസംവിധാനത്തിന്‍റെ ഭാഗമായി മാറിയതും ആരോഗ്യവകുപ്പിനു മറ്റൊരു നാണക്കേടായി മാറിയിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com