ചൗധരി ചരൺ സിങ്, പി.വി. നരസിംഹ റാവു, ഡോ. എം.എസ്. സ്വാമിനാഥൻ.
ചൗധരി ചരൺ സിങ്, പി.വി. നരസിംഹ റാവു, ഡോ. എം.എസ്. സ്വാമിനാഥൻ.

മൂന്നു പേർക്കു കൂടി ഭാരത രത്ന

പി.വി. നരസിംഹ റാവു, എം.എസ്. സ്വാമിനാഥൻ, ചരൺ സിങ് എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി പരമോന്നത സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഈ വർഷം ഭാരത രത്നയ്ക്ക് അർഹരായവരുടെ എണ്ണം അഞ്ചായി.

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ഈ വർഷം ലഭിച്ചവരുടെ എണ്ണം അഞ്ചായി. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങ്, പി.വി. നരസിംഹ റാവു എന്നിവർക്കും കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥനുമാണ് മരണാനന്തര ബഹുമതിയായി ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിക്കും നേരത്തെ ഇതേ ബഹുമതി ഈ വർഷം പ്രഖ്യാപിച്ചിരുന്നു. എല്ലാ വർഷവും പ്രഖ്യാപിക്കണമെന്നു നിഷ്കർഷയില്ലാത്ത ഭാരത രത്ന തെരഞ്ഞെടുപ്പ് വർഷം അഞ്ച് പേർക്ക് പ്രഖ്യാപിച്ചുകൊണ്ട് അമ്പരപ്പുളവാക്കിയിരിക്കുകയാണ് ബിജെപി സർക്കാർ.

ഈ വർഷം ഭാരത രത്ന പ്രഖ്യാപിക്കപ്പെട്ടവരിൽ അഡ്വാനി മാത്രമാണ് ബിജെപി നേതാവ് എന്നതും ശ്രദ്ധേയമാണ്. കർപ്പൂരി ഠാക്കൂറും ചരൺ സിങ്ങും സോഷ്യലിസ്റ്റ് നേതാക്കളായിരുന്നുവെങ്കിൽ നരസിംഹ റാവു കോൺഗ്രസ് നേതാവായിരുന്നു. സ്വാമിനാഥൻ പൊതു ജീവിതത്തിൽ രാഷ്‌ട്രീയ ആഭിമുഖ്യം പ്രദർശിപ്പിച്ചിട്ടുമില്ല.

പി.വി. നരസിംഹ റാവു

PV Narasimha Rao
PV Narasimha Rao

ഇന്ത്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രി. 1991 മുതൽ 1996 വരെയാണ് തൽസ്ഥാനത്തിരുന്നത്. ആന്ധ്ര പ്രദേശിൽനിന്നുള്ള റാവുവാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി.

രാഷ്‌ട്രീയക്കാരനല്ലാത്ത സാമ്പത്തിക വിദഗ്ധൻ മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കുകയും, അദ്ദേഹത്തിലൂടെ ഇന്ത്യയെ ഉദാരീകരണത്തിന്‍റെയും ആഗോളീകരണത്തിന്‍റെയും മാർഗത്തിലേക്കു തിരിച്ചുവിടുകയും ചെയ്ത ഭരണാധികാരി. രാജ്യത്തിന്‍റെ സാമ്പത്തിക നയത്തിൽ നിർണായക മാറ്റം വരുത്തിയതിലൂടെ ഇന്ത്യയുടെ ചരിത്രത്തിൽ മായാ മുദ്ര പതിപ്പിച്ചു. രാഷ്‌ട്രീയത്തിലുപരി രാജ്യത്തെ സേവിച്ച ഭരണകർത്താവ് എന്നാണ് നരസിംഹ റാവുവിനെ മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾ കലാം അനുസ്മരിച്ചിട്ടുള്ളത്.

1998ൽ എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഇന്ത്യ നടത്തിയ ആണവായുധ പരീക്ഷണത്തിന് കളമൊരുങ്ങിയത് റാവുവിന്‍റെ ഭരണകാലത്തായിരുന്നു. ഇതെക്കുറിച്ച് റാവു നേരിട്ടാണ് വാജ്പേയിക്ക് വിവരങ്ങൾ കൈമാറിയത്. 1991ലെ സാമ്പത്തിക മാന്ദ്യ കാലഘട്ടത്തിൽ അടക്കം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ചു നിർത്തിക്കൊണ്ട് റാവു നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങൾ പിന്നീട് വാജ്പേയിയും അതിനു ശേഷം മൻമോഹൻ സിങ്ങും മുന്നോട്ടു കൊണ്ടുപോയി.

1992 ഡിസംബർ ആറിന് കർ സേവകർ അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കുന്നതു തടയാൻ സാധിക്കാതിരുന്നതാണ് റാവുവിന്‍റെ പ്രധാനമന്ത്രി പദത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായി കണക്കാക്കപ്പെടുന്നത്. അങ്ങനെയൊരു കറ ബാക്കി നിൽക്കുമ്പോൾ തന്നെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായി നരസിംഹ റാവു വിശേഷിപ്പിക്കപ്പെടുന്നു.

പ്രധാനമന്ത്രിയാകും മുൻപ് രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും വിദേശകാര്യ മന്ത്രിയായും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചൗധരി ചരൺ സിങ്, പി.വി. നരസിംഹ റാവു, ഡോ. എം.എസ്. സ്വാമിനാഥൻ.
നരസിംഹ റാവു: സാമ്പത്തിക, ആണവ നയങ്ങളിലെ നിശബ്‌ദ വിപ്ലവം

ചൗധരി ചരൺ സിങ്

Chaudhary Charan Singh
Chaudhary Charan Singh

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി. അധികാരത്തിലിരുന്നത് 1979 ജൂലൈ 28 മുതൽ തൊട്ടടുത്ത മാസം 20 വരെ മാത്രം. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിൽ ആകൃ‌ഷ്ടനായി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലൂടെയാണ് രാഷ്‌ട്രീയ പ്രവേശനം. പല തവണയായി വർഷങ്ങളോളം ജയിൽ വാസം അനുഷ്ഠിച്ചു.

രാഷ്‌ട്രീയ ജീവിതത്തിൽ ഏറെയും കോൺഗ്രസ് അംഗമായി തുടർന്ന അദ്ദേഹം പിൽക്കാലത്ത് ഭാരതീയ ക്രാന്തി ദൾ, ലോക്‌ദൾ എന്നീ രാഷ്‌ട്രീയ പാർട്ടികൾ രൂപീകരിച്ചീരുന്നു. ഇന്ത്യൻ കർഷക പ്രസ്ഥാനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ചരൺ സിങ്ങിനെ പ്രസക്തനാക്കിയത്.

അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരമേൽക്കുമ്പോൾ അതിൽ ആഭ്യന്തര മന്ത്രിയായിരുന്നു ചരൺ സിങ്. ദേശായിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചെങ്കിലും ഉപപ്രധാനമന്ത്രിയായി മന്ത്രിസഭയിൽ തിരിച്ചെത്തി.

ജനതാ പാർട്ടിയിലെ ചില അംഗങ്ങളുടെ ആർഎസ്എസ് ബന്ധം പാർട്ടിയിൽ പിളർപ്പിനു കാരണമായതോടെ ഭൂരിപക്ഷം എംപിമാരും ദേശായിയെ കൈവിട്ട് ചരൺ സിങ്ങിനൊപ്പം നിന്നു. 1979 ജൂലൈയിൽ ദേശായി രാജിവച്ചതോടെ ചരൺ സിങ് പ്രധാനമന്ത്രിയായി. കോൺഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കാമെന്ന് ഇന്ദിര ഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും ഉറപ്പു നൽകിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചരൺ സിങ്ങിന്‍റെ സ്ഥാനാരോഹണം. എന്നാൽ, തനിക്കും സഞ്ജയ്ക്കും എതിരായ കേസുകളെല്ലാം പിൻവലിക്കണമെന്ന ഇന്ദിരയുടെ ആവശ്യം സിങ് നിരാകരിച്ചതോടെ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു. 1979 ഓഗസ്റ്റ് 20ന് ചരൺ സിങ് രാജിവച്ചു. 1980 ജനുവരി വരെ അദ്ദേഹം കാവൽ മന്ത്രിസ‍ഭയുടെ തലവനായി തുടർന്നു.

ചൗധരി ചരൺ സിങ്, പി.വി. നരസിംഹ റാവു, ഡോ. എം.എസ്. സ്വാമിനാഥൻ.
ചരൺ സിങ്: പാർലമെന്‍റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി

ഡോ. എം.എസ്. സ്വാമിനാഥൻ

Dr MS Swaminathan
Dr MS Swaminathan

ഹരിത വിപ്ലവത്തിന്‍റെ ആഗോള നേതൃത്വത്തിലെ പ്രമുഖ സാന്നിധ്യമായിരുന്നു മലയാളിയായ ഡോ. എം.എസ്. സ്വാമിനാഥൻ. ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ കാർഷിക ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നു. ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ മുഖ്യ ശിൽപ്പി എന്നു വിശേഷിപ്പിക്കുന്നതും അദ്ദേഹത്തെ തന്നെ. അത്യുത്പാദന ശേഷിയുള്ള അരിയുടെയും ഗോതമ്പിന്‍റെയും ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനു നേതൃത്വം നൽകിയതാണ് ഇന്ത്യൻ കാർഷിക - സാമ്പത്തിക മേഖലയിൽ അദ്ദേഹത്തിന്‍റെ ഏറ്റവും മഹത്തായ സംഭാവനയായി എണ്ണപ്പെടുന്നത്.

1960കളിൽ ഇന്ത്യയും പാക്കിസ്ഥാനും കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്കു വീഴുന്ന സാഹചര്യം ഒഴിവാക്കിയത് നോർമൻ ബോർലോഗുമായി ചേർന്ന് എം.എസ്. സ്വാമിനാഥൻ നടത്തിയ ശാസ്ത്രീയ പ്രയത്നങ്ങളാണ്. ഫിലിപ്പീൻസ് ആസ്ഥാനമായ ഇന്‍റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്റ്റർ ജനറാലിയിരിക്കുമ്പോൾ നടത്തിയ പ്രവർത്തനങ്ങളാണ് വേൾഡ് ഫുഡ് പ്രൈസിന് 1987ൽ അദ്ദേഹത്തെ അർഹനാക്കിയത്. കാർഷിക മേഖലയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ പുരസ്കാരമാണിത്.

ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഏഷ്യൻ വ്യക്തിത്വങ്ങളായി ടൈം മാഗസിൻ തെരഞ്ഞെടുത്ത മൂന്ന് ഇന്ത്യക്കാരിൽ ഒരാൾ ഡോ. എം.എസ്. സ്വാമിനാഥനായിരുന്നു- മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ് ടഗോറുമായിരുന്നു മറ്റു രണ്ടു പേർ. 2007 മുതൽ 2013 വരെ രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായും പ്രവർത്തിച്ചു.

ചൗധരി ചരൺ സിങ്, പി.വി. നരസിംഹ റാവു, ഡോ. എം.എസ്. സ്വാമിനാഥൻ.
ഡോ. എം.എസ്. സ്വാമിനാഥൻ: ഹരിതവിപ്ലവത്തിന്‍റെ നായകൻ

Trending

No stories found.

Latest News

No stories found.