ഗോത്രവിഭാഗത്തിൽ നിന്നുള്ളവരുടെ യോഗം
അജയൻ
വാഴച്ചാലിൽ പ്രബലമായ കാടർ സമുദായത്തിലെ അംഗങ്ങൾ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേ കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. അതിനവർക്ക് വ്യക്തമായ കാരണവുമുണ്ട്. കുടിയൊഴിപ്പിക്കലുകളുടെ ദീർഘമായ ചരിത്രം പേറുന്ന സമൂഹമാണ് അവരുടേത്. പറമ്പിക്കുളത്ത് മൂന്ന് ഡാമുകൾ നിർമിച്ചപ്പോഴായിരുന്നു ആദ്യം. അപ്പർ ഷോളയാറിലും ലോവർ ഷോളയാറിലും പൊരിങ്ങൽക്കുത്തിലുമായി അന്നവർ അഭയം തേടി. മേഖലയിൽ പുതിയ ഡാമുകൾ വന്നപ്പോഴൊക്കെ വീണ്ടും കുടിയിറക്കം.
ഷോളയാറിലേതു പോലുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾ നിർദേശിക്കപ്പെടുമ്പോൾ ചരിത്രം ആവർത്തിക്കുമെന്ന ആശങ്കയാണവർക്ക്. വൈദ്യുതി ഉത്പാദിപ്പിച്ച ശേഷമുള്ള വെള്ളം ടണൽ വഴി തിരിച്ചുവിട്ട് അധിക വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നിർദേശം കൂടി ഉൾപ്പെടുന്നതാണ് ഷോളയാർ പദ്ധതി. ഈ ഗോത്ര വിഭാഗത്തിന്‍റെ ഭൂമിക്കും ജലത്തിനും മേലുള്ള അവകാശത്തിനും ജൈവ സുരക്ഷയ്ക്കും ഭീഷണിയാണത്.
ടണൽ നിർമിക്കാൻ വ്യാപകമായി പാറ പൊട്ടിക്കേണ്ടിവരും. ഇപ്പോൾ തന്നെ ലോലമായ പരിസ്ഥിതിയെ കൂടുതൽ അപകടത്തിലാക്കാൻ ഇതു ധാരാളം മതിയാകും. 2018, 2019 വർഷങ്ങളിലുണ്ടായ മഹാ പ്രളയങ്ങൾ സൃഷ്ടിച്ച ഭീതിയിൽ നിന്ന് ഈ സമൂഹങ്ങൾ ഇനിയും മുക്തരായിട്ടില്ല.
ടണൽ നിർമിക്കാൻ വ്യാപകമായി പാറ പൊട്ടിക്കേണ്ടിവരും. ഇപ്പോൾ തന്നെ ലോലമായ പരിസ്ഥിതിയെ കൂടുതൽ അപകടത്തിലാക്കാൻ ഇതു ധാരാളം മതിയാകും
നിർദിഷ്ട ടണൽ പദ്ധതിയുടെ ഭാഗമായി മുറിക്കാനുള്ള മരങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. മരങ്ങൾ വ്യാപകമായി വെട്ടിവീഴ്ത്തുന്നത് പരിസ്ഥിതി സന്തുലനത്തെ കൂടുതൽ അപകടത്തിലാക്കും. ഇതെത്തുടർന്നാണ് വനാവകാശ നിയമം നൽകുന്ന അധികാരങ്ങൾ ഉന്നയിച്ച് ആദിവാസി സമൂഹം കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഇത് ഇപ്പോഴും പരിഗണനയിൽ തുടരുകയാണ്. മലക്കപ്പാറ ഊര് മൂപ്പനും സിഎഫ്ആർ ഏകോപന സംഘം അധ്യക്ഷനുമായ മോഹനന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടാണുള്ളത്: ''കാടിന്‍റെ അവകാശികൾ എന്ന നിലയിൽ, ഞങ്ങളുടെ മണ്ണിന്‍റെ സന്തുലിതാവസ്ഥ അപകടത്തിലാക്കുന്ന ഏതു നീക്കത്തെയും ചെറുക്കാൻ ഞങ്ങൾക്കു കഴിയും.'' ജീവന്‍റെ സത്ത കാടുകളിലാണെന്ന കാര്യത്തിൽ മോഹനനു സംശയമേതുമില്ല. കാടുകളില്ലെങ്കിൽ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. ഗോത്രവിഭാഗങ്ങളെ സംബന്ധിച്ച്, കാടുകൾ വെറും ജീവനോപാധി മാത്രമല്ല. അവരുടെ സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സന്ധാരണവുമായി വേർപെടുത്താനാവാത്ത വിധം ഇഴചേർന്നു കിടക്കുന്നതാണ്. അണക്കെട്ടായാലും മറ്റെന്തു പദ്ധതിയായാലും, ഇപ്പോൾ തന്നെ ലോലമായ പരിസ്ഥിതിയെ കൂടുതൽ അസന്തുലിതമാക്കുന്ന തരത്തിലാണെങ്കിൽ സന്ധിയില്ലാതെ പ്രതിരോധിക്കുമെന്ന് വാഴച്ചാൽ ഊരുമൂപ്പത്തി ഗീത.
മാപ്പിങ്ങിൽ പങ്കെടുക്കുന്നവർ
പ്രാദേശികമല്ലാത്ത സസ്യ ഇനങ്ങളുടെ ക്രമാതീതമായ കടന്നുകയറ്റം കടുത്ത പാരിസ്ഥിതിക ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വനവിഭവങ്ങളുടെ നിലവാരവും ലഭ്യതയും കുറയാൻ ഇതിടയാക്കുന്നു. പ്രാദേശിക ഗോത്ര വിഭാഗങ്ങൾ കാടിന്‍റെ സംരക്ഷണം ഏറ്റെടുത്ത സാഹചര്യത്തിൽ, ഇത്തരം ബാഹ്യ ഇനങ്ങളെ ആസൂത്രിതമായി നിർമാർജനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അങ്ങനെ മാത്രമേ വാഴച്ചാലിലെയും പറമ്പിക്കുളത്തെയും പ്രാദേശികമായ ജൈവ വൈവിധ്യം പുനസ്ഥാപിക്കാൻ സാധിക്കൂ.
മേഖലയുടെ ദീർഘകാല ജൈവവൈവിധ്യ സംരക്ഷണത്തിനും, വനത്തെ ആശ്രയിച്ചു ജീവിക്കുന്ന സമൂഹങ്ങളുടെ ഉപജീവനത്തിനും ഈ പ്രക്രിയ അത്യന്താപേക്ഷിതമാണെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (KFRI) സീനിയർ സയന്‍റിസ്റ്റായ ടി.വി. സജീവ് മെട്രൊ വാർത്തയോടു പറഞ്ഞു. WWF-Iയുടെ സഹകരണത്തോടെ KFRI തന്നെ ഗോത്ര സമൂഹങ്ങൾക്ക് അവരുടെ ഗ്രാമപരിധികളിലെ ബാഹ്യ സസ്യ ഇനങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്. ഇതിനായി ഒരു മാപ്പിങ് പ്രക്രിയ തന്നെ സംഘടിപ്പിച്ചിട്ടുമുണ്ട്. കെഎഫ്ആർഐ തന്നെ നിർദേശിച്ച മാർഗങ്ങൾ ഉപയോഗിച്ചാണ് ആദിവാസികൾ ഈ സസ്യങ്ങളെ ഉന്മൂലനം ചെയ്യാനുള്ള പ്രക്രിയയുമായി മുന്നോട്ടുപോകുന്നത്. ഒപ്പം, പ്രാദേശിക സസ്യ ഇനങ്ങളുടെ വിത്തുകളും തൈകളും ശേഖരിച്ച് ഇതേ സ്ഥലങ്ങളിൽ കൂടുതലായി നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു. തൊഴിലുറപ്പ് പദ്ധതി വഴി അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് ഈ പ്രക്രിയയിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ടിജു ചിറമണ്ണിൽ തോമസ് സാക്ഷ്യപ്പെടുത്തുന്നു.
ഭാഗം 1: ഗാഡ്ഗിലിന്‍റെ വാക്കുകൾ ഊർജം പകർന്ന മുന്നേറ്റം
ഭാഗം 2: കാടുകൾ വീണ്ടെടുക്കൽ, അവകാശങ്ങളും
ഭാഗം 3: അണക്കെട്ടുകളും കുടിയൊഴിക്കലും പ്രതിരോധവും