മീൻ പിടിക്കാനായി പോകുന്നവർ
അജയൻ
അഞ്ഞൂറ് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന വാഴച്ചാൽ - പറമ്പിക്കുളം വനമേഖല. അവിടെ വനാവകാശ നിയമം നടപ്പാക്കിയതിനെ സ്വാതന്ത്ര്യലബ്ധിക്കു തുല്യമായാണ് വാഴച്ചാൽ ഊരുമൂപ്പത്തി ഗീത വിശേഷിപ്പിക്കുന്നത്. പിതൃ ഭൂമിയുടെ യഥാർഥ അവകാശികളായി ഗോത്ര വർഗങ്ങളെ സർക്കാർ ഔദ്യോഗികമായി അംഗീകരിക്കുന്ന ചരിത്രപരമായ നാഴികക്കല്ലായിരുന്നു ഈ നിയമം. പൈതൃകത്തെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങളും വിജയങ്ങളും മുന്നോട്ടുള്ള മാർഗവും വിശദീകരിച്ച്, മെട്രൊ വാർത്ത പ്രതിനിധി അജയൻ തയാറാക്കിയ പരമ്പര....
2012, നിർദിഷ്ട വാഴച്ചാൽ-അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേ പ്രതിഷേധം കൊടുമ്പിരിക്കൊണ്ട കാലം. സമരത്തിന്‍റെ മുന്നണിയിലുണ്ടായിരുന്ന ഗോത്ര വിഭാഗങ്ങൾക്ക് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ ഉറച്ച പിന്തുണ പ്രഖ്യാപിക്കുന്നു. വാക്കുകൾകൊണ്ടുള്ള വെറും പിന്തുണയായിരുന്നില്ല അത്, മുന്നോട്ടുള്ള മാർഗത്തെക്കുറിച്ച് വ്യക്തമായ രൂപരേഖ നൽകുന്ന വിശദമായ പ്രസ്താവന തന്നെയായിരുന്നു. അതിൽ ഗാഡ്ഗിൽ ഇങ്ങനെ പറഞ്ഞു: ''ഈ പദ്ധതി നടപ്പാക്കുന്നതു തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം 2006ലെ വനാവകാശ നിയമം കർക്കശമായി നടപ്പാക്കുക എന്നതാണ്.
അതുവഴി കാടിന്‍റെ കാവലിനുള്ള അവകാശം നിയമപരമായി തന്നെ നിങ്ങൾക്കു കിട്ടും. അതോടെ, നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളുടെ പൈതൃക ഭൂമിയിൽ ഒരു വികസന പ്രവർത്തനവും നടപ്പാക്കാൻ സാധിക്കാതെ വരും.'' ഈ വാക്കുകൾ അതിരപ്പിള്ളി സമരത്തിന്‍റെ അടിത്തറ തന്നെയായി മാറുകയായിരുന്നു പിന്നീട്. വനാവകാശ നിയമം നടപ്പാക്കിയ ശേഷം 2014ൽ വാഴച്ചാലിലെ ഒമ്പത് ആദിവാസി ഊരുകൾ ചേർന്നെടുത്ത ആദ്യത്തെ തീരുമാനം ജലവൈദ്യുത പദ്ധതി നിരാകരിക്കുക എന്നതായിരുന്നു.
നിലവിൽ ഏകദേശം 400 ചതുരശ്ര കിലോമീറ്റർ വനഭൂമിയുടെ ഔദ്യോഗിക സംരക്ഷകർ ഈ ആദിവാസികളാണ്. മാറിമാറിവന്ന സംസ്ഥാന സർക്കാരുകളുടെ നഷ്ടസ്വപ്നമായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇന്നും തുടരുന്നതിനു കാരണവും അതുതന്നെ. ''ഗാഡ്ഗിൽ സാറിന്‍റെ വാക്കുകൾ ഞങ്ങൾക്കു വലിയ പ്രചോദനമായിരുന്നു. അന്നു മുതൽ ഞങ്ങൾ നടത്തിയ സന്ധിയില്ലാ സമരം നേടിത്തന്നതു സ്വാതന്ത്ര്യമാണ്'', വാഴച്ചാൽ ഊരുമൂപ്പത്തി ഗീത പറഞ്ഞു.
ഗ്രാമസഭാ യോഗം
''സൂര്യനു താഴെയുള്ള ജീവന്‍റെ നിലനിൽപ്പിന് അടിസ്ഥാനം കാടുകളാണ്. ഞങ്ങളുടെ അതിജീവനവും കാടുകളുമായി ഇഴചേർന്നു കിടക്കുന്നതാണ്, കാരണം, ഞങ്ങൾ ജീവിക്കുന്നത് ഇതിനുള്ളിലാണ്, ഞങ്ങൾ ജീവിക്കുന്നത് ഈ കാട് കാരണമാണ്.
വാഴച്ചാൽ ഡിവിഷനു പിന്നാലെ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രവും സമാന മുന്നേറ്റത്തിനു സാക്ഷ്യം വഹിച്ചു. 2019ൽ അവിടെയും വനാവകാശ നിയമം നടപ്പാക്കി. 500 ചതുരശ്ര കിലോമീറ്റർ വനഭൂമിയിൽ ഗോത്ര വർഗങ്ങളുടെ അവകാശം അംഗീകരിക്കപ്പെട്ടു. ജൈവവൈവിധ്യത്തിന്‍റെയും പൈതൃകത്തിന്‍റെയും കാവലാളുകളായി അവരിന്നു പ്രവർത്തിക്കുന്നു. 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ മറ്റൊരു നിർദേശം കൂടി ഉയർന്നു വന്നു- ഷോളയാറിൽ ഒരു ചെറുകിട വൈദ്യുത പദ്ധതി. എന്നാൽ, ഇതും കാടിന്‍റെ യഥാർഥ അവകാശികളുടെ കൂട്ടായ ചെറുത്തുനിൽപ്പിനു മുന്നിൽ അനിശ്ചിതത്വത്തിലായി.
വാഴച്ചാൽ ഡിവിഷനിൽ വനാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്ന ഒമ്പത് ആദിവാസി ഊരുകളിലൊന്നായ മലക്കപ്പാറയിലെ മൂപ്പൻ മോഹനൻ ചരിത്രപരമായ അംഗീകാരം നൽകുന്ന ഈ നിയമത്തെ വിശേഷിപ്പിക്കുന്നത് വിപ്ലവകരമായ ചുവടെന്നാണ്. കാടിനുള്ളിൽ ജീവിക്കുന്നവർക്കാണ് അതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഗോത്ര വർഗങ്ങൾക്ക് തങ്ങൾ ജീവിക്കുന്ന പരിസ്ഥിതിയുമായുള്ള അഭേദ്യ ബന്ധത്തെക്കുറിച്ചും അദ്ദേഹം മെട്രൊ വാർത്തയോടു സംസാരിച്ചു: ''സൂര്യനു താഴെയുള്ള ജീവന്‍റെ നിലനിൽപ്പിന് അടിസ്ഥാനം കാടുകളാണ്. ഞങ്ങളുടെ അതിജീവനവും കാടുകളുമായി ഇഴചേർന്നു കിടക്കുന്നതാണ്, കാരണം, ഞങ്ങൾ ജീവിക്കുന്നത് ഇതിനുള്ളിലാണ്, ഞങ്ങൾ ജീവിക്കുന്നത് ഈ കാട് കാരണമാണ്.
അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അതിനുവേണ്ടി എന്താണു ചെയ്യേണ്ടതെന്ന അറിവ് ഞങ്ങൾക്കു മാത്രമാണുള്ളത്. കാടുകൾ ഞങ്ങളുടെ ജീവനാണ്, ഞങ്ങളതു സംരക്ഷിക്കും.'' ഒമ്പത് ഊരുകളെ പ്രതിനിധീകരിക്കുന്ന ഏകോപന സംവിധാനത്തിന്‍റെ അധ്യക്ഷനും മോഹനൻ തന്നെയാണ്. വനാവകാശ നിയമം എല്ലാ കാടുകളിലും നടപ്പാക്കിയാൽ ഇപ്പോഴത്തെ മനുഷ്യ - വന്യജീവി സംഘർഷവും പരിഹരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാരണം, വന്യമൃഗങ്ങൾ എങ്ങനെ പെരുമാറുമെന്നും പ്രതികരിക്കുമെന്നുമുള്ള പരമ്പരാഗത വിജ്ഞാനം തലമുറകളായി അവർക്കു കൈമാറി കിട്ടിയിട്ടുണ്ട്. വാഴച്ചാലിൽ വനാവകാശ നിയമം നടപ്പിൽ വരുത്തിയതിനു പിന്നിൽ വേൾഡ് വൈഡ് ഫണ്ട് ഫൊർ നേച്ചർ-ഇന്ത്യയും (WWF-India) അതിന്‍റെ പ്രതിനിധി ടിജു ചിറമണ്ണിൽ തോമസും വഹിച്ച പങ്ക് വലുതാണ്.
വ്യക്തിഗത അവകാശങ്ങൾ, സാമുദായിക അവകാശങ്ങൾ, വികസന അവകാശങ്ങൾ എന്നിവയാണ് വനാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്നത്. 2008ൽ ഡബ്ല്യുഡബ്ല്യുഎഫ് രംഗത്തെത്തുകയും തയാറെടുപ്പുകൾ തുടങ്ങുകയും ചെയ്തതോടെ പട്ടികവർഗ വകുപ്പ് ഇതിൽ ആദ്യത്തേത് നടപ്പാക്കി- വ്യക്തിഗത അവകാശങ്ങൾ. എന്നാൽ, കൈവശാവകാശത്തോടെ കൈമാറുന്ന ഭൂമിയുടെ പരിമിതി അടക്കമുള്ള പ്രശ്നങ്ങൾ അപ്പോഴും തുടർന്നു.
വനാവകാശ നിയമത്തിന്‍റെ യഥാർഥ കാഴ്ചപ്പാട് യാഥാർഥ്യമാക്കാനുള്ള പ്രയത്നം വലിയ അളവിൽ വിജയിച്ചു എന്നാണ് ടിജു മെട്രൊ വാർത്തയോടു പറഞ്ഞത്. സാമുദായിക അവകാശങ്ങളിലേക്കു വരുമ്പോൾ, വാഴച്ചാലിലെ ജനങ്ങളുടെ പ്രത്യേകമായ ആവശ്യങ്ങളിലും അവർക്ക് അവരുടെ ഭൂമിയുമായുള്ള ബന്ധത്തിന്‍റെ പ്രത്യേകതകളിലുമാണ് ശ്രദ്ധയൂന്നേണ്ടതെന്നും ടിജു.
ഭാഗം 1: ഗാഡ്ഗിലിന്‍റെ വാക്കുകൾ ഊർജം പകർന്ന മുന്നേറ്റം
ഭാഗം 2: കാടുകൾ വീണ്ടെടുക്കൽ, അവകാശങ്ങളും