2013 ൽ അതിരപ്പിള്ളി സന്ദർശിച്ച ബ്രിട്ടിഷ് രാജാവ് ചാൾസിന് കാടാർ സമുദായത്തിലുള്ളവരെ ടിജു പരിചയപ്പെടുത്തുന്നു.
അജയൻ
ആദിവാസി വിഭാഗങ്ങൾക്ക് വനത്തിനു മേലുള്ള അവകാശങ്ങൾ നിയമപരമാക്കിക്കൊടുക്കുന്നതിനുള്ള യാത്ര, കൊടുങ്കാട്ടിലൂടെയെന്ന പോലെ കഠിനമായിരുന്നു എന്നു പറയുന്നു ടിജു ചിറമണ്ണിൽ തോമസ്. ഈ ഉദ്യമത്തിനു നേതൃത്വം വഹിച്ച വേൾഡ് വൈഡ് ഫണ്ട് ഫൊർ നേച്ചർ-ഇന്ത്യയുടെ (ഡബ്ല്യുഡബ്ല്യുഎഫ്-ഐ) പ്രതിനിധിയാണ് ടിജു.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടി അധികമാകും മുൻപേ ടിജു മുതിർന്ന ശാസ്ത്രജ്ഞൻ എസ്. ശങ്കറിന്റെ മേൽനോട്ടത്തിൽ ഔദ്യോഗിക യാത്ര തുടങ്ങിയതാണ്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് (കെഎഫ്ആർഐ) ശങ്കർ അന്നു സേവനമനുഷ്ഠിച്ചിരുന്നത്. അദ്ദേഹത്തിനു കീഴിൽ ചെറിയൊരു ഗവേഷണച്ചുമതല പൂർത്തിയാക്കിയ ശേഷം ടിജു 2008ൽ ഡബ്ല്യുഡബ്ല്യുഎഫ്-ഐയുടെ ഭാഗമായി. വാഴച്ചാലിലെ ആദിവാസി വിഭാഗങ്ങൾക്ക് സുസ്ഥിര വിഭവശേഷി കൈകാര്യം ചെയ്യാനുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു ദൗത്യം. ഈ വിഭാഗങ്ങളിൽ കാടർ, മലയർ സമുദായങ്ങൾ ഉൾപ്പെടുന്നു. പർട്ടിക്കുലർലി വൾനറബിൾ ട്രൈബൽ ഗ്രൂപ്പ് (പിവിടിജി) ഗണത്തിൽപ്പെടുന്നവരാണ് കാടർ. ഇവരുടെ വിശ്വാസം ആർജിക്കുന്നതും ഇവരുടെ ഇടയിലേക്ക് എത്തിപ്പെടുകയുമായിരുന്നു ടിജുവിനു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. അത്രയും ആഴത്തിൽ വേരോടിയ കീഴ്വഴക്കങ്ങളും നിഗൂഢമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ജീവിതരീതികളുമാണ് അവർക്കുള്ളത്.
''ആദ്യ ദിവസങ്ങൾ വലിയ ബുദ്ധിമുട്ടായിരുന്നു. മൂന്നു വശവും ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയാൽ ചുറ്റപ്പെട്ട മുക്കുംപുഴ എന്ന വിദൂര ആദിവാസി ഊരിലുള്ളവർ എന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ തന്നെ പരക്കംപായുമായിരുന്നു. സ്ത്രീകൾ വീടുകളിൽ ഒളിക്കും, പുരുഷൻമാർ കാട്ടിൽ അപ്രത്യക്ഷരാകും. പക്ഷേ, ഞാൻ പിൻമാറാൻ തയാറായിരുന്നില്ല'', ടിജു ഓർത്തെടുക്കുന്നു. ക്ഷമാപൂർണമായ നിരവധി മാസങ്ങളുടെ പ്രയത്നത്തിനൊടുവിൽ ഊര് മൂപ്പൻ അൽപ്പമൊന്ന് അയഞ്ഞുതുടങ്ങി. അദ്ദേഹം ഒന്നും സംസാരിച്ചില്ലെങ്കിലും, ടിജു വരുമ്പോൾ കുറച്ച് പുരുഷൻമാർ ഓടിയൊളിക്കാതെ ചുറ്റുവട്ടത്തുതന്നെ നിന്നു തുടങ്ങി. കുഴപ്പക്കാരനല്ലെന്ന വിശ്വാസം മെല്ലെ വേരോടിത്തുടങ്ങി. എന്നാൽ, അർഥവത്തായ ആശയവിനിയമങ്ങൾ ആരംഭിക്കാൻ ഒരു വർഷമെടുത്തു. വാഴച്ചാൽ ഡിവിഷനിലെ ഒമ്പത് ഊരുകളിലും ടിജു എത്തി. ഗ്രാമവാസികളുമായി സംസാരിച്ചു. അവർ വനവിഭവങ്ങൾ ശേഖരിക്കുന്ന പരമ്പരാഗത രീതികൾ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു. ജിപിഎസ് ഉപയോഗിച്ച് ഈ വിഭവങ്ങൾ മാർക്ക് ചെയ്തു. വിഭവങ്ങൾ തരംതിരിക്കാൻ ആദിവാസികൾക്കും അത് ഉപകരിച്ചു. എന്നാൽ, സുസ്ഥിരത ഉറപ്പിക്കാനാവാത്ത വിളവെടുപ്പ് ഘടനയും അതിലുണ്ടെന്ന് ടിജു കണ്ടെത്തി. പുതിയ രീതികളിലൂടെ ഇതു മാറ്റിയെടുക്കാൻ ശ്രമിച്ചു. അദ്ദേഹം തയാറാക്കിയ സീസണൽ കലണ്ടർ ഉപയോഗിച്ച്, വിളവെടുപ്പ് രീതികൾ കൂടുതൽ ഫലപ്രദവും സുസ്ഥിരവുമാക്കാനും, വിപണിയിൽ ആവശ്യം കൂടുതലുള്ള സമയം തിരിച്ചറിഞ്ഞ് വിറ്റഴിക്കാനും ആദിവാസികൾക്കു സാധിച്ചു. അവർ ശേഖരിക്കുന്ന വിഭവങ്ങളുടെ ഒരു പങ്ക് ഗിരിജൻ കോഓപ്പറേറ്റിവ് സൊസൈറ്റിയിലാണ് നൽകിയിരുന്നത്. ബാക്കി ചാലക്കുടി ചന്തയിലും വിൽക്കും. ചൂഷണം കാരണം അധ്വാനത്തിന്റെ വളരെ ചെറിയൊരു ഫലം മാത്രമാണ് അവർക്കു കിട്ടിയിരുന്നത്.
ടിജു സി. തോമസ്
സംസ്കരിക്കാത്ത ഒരു കിലോഗ്രാം തേനിന് 2008ൽ ആദിവാസികൾക്കു കിട്ടിയിരുന്നത് വെറും 90 രൂപയാണ്. വിപണി മൂല്യം തീരെ പ്രതിഫലിക്കാത്ത വില. തേൻ സംസ്കരിക്കുന്നതിന്റെയും മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ ടിജു, നീലഗിരിയിലെ കോതഗിരിയിലുള്ള ഒരു ഏജൻസിയുമായി ബന്ധപ്പെട്ടു. അവർ വാഴച്ചാലിൽ തേൻ സംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. ഇതോടെ ആദിവാസികൾ ശേഖരിക്കുന്ന തേനിന്റെ നിലവാരം മെച്ചപ്പെട്ടു, വിലയും കൂടി. 150 രൂപയിലേക്കുയർന്ന വില ക്രമേണ വർധിച്ച് ഇപ്പോൾ 700 രൂപയിൽ എത്തിനിൽക്കുന്നു. ഇത് ആദിവാസികളുടെ ഉപജീവനത്തിന് കൂടുതൽ സഹായകമാകുന്നു. എംജി യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്നതിനു വേണ്ടി ടിജു കുറച്ചുകാലം മാറിനിന്നു. വൈൽഡ്ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയിലെ ഹ്രസ്വകാല സേവനത്തിനു ശേഷം അദ്ദേഹം 2012ൽ ഡബ്ല്യുഡബ്ല്യുഎഫിലേക്ക് മടങ്ങിവന്നു. മുതുമല കടുവ സങ്കേതത്തിൽ വനാവകാശ നിയമം നടപ്പാക്കുന്നതിനു വേണ്ടി വനമേഖലകൾ മാപ്പ് ചെയ്യുന്നതിലും ടിജുവിന്റെ സംഭാവനകളുണ്ടായി. എന്നാൽ, വാഴച്ചാലിനോടുള്ള ആഴമേറിയ പ്രതിബദ്ധത അദ്ദേഹത്തെ ഒടുവിൽ അവിടെ തന്നെ തിരിച്ചെത്തിച്ചു.
വാഴച്ചാൽ, പറമ്പിക്കുളം മേഖലകളിൽ വനാവകാശ നിയമം നടപ്പിൽ വരുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി വരെ ഔദ്യോഗികമായി അദ്ദേഹം ആ ജനതയ്ക്കു നടുവിലുണ്ടായിരുന്നു. ആദിവാസി സമൂഹങ്ങൾ പിന്തുടരുന്ന ചില പരമ്പരാഗത സംരക്ഷണ രീതികൾ ടിജു നിരീക്ഷിച്ചിട്ടുണ്ട്. കടൽ മത്സ്യങ്ങളുടെ പ്രജനന കാലത്ത് സർക്കാർ ട്രോളിങ് നിരോധിക്കുന്നതിനു സമാനമായ ചില മാർഗങ്ങൾ ഒരു ഉത്തരവിന്റെയും അടിസ്ഥാനത്തിലല്ലാതെ ആദിവാസികൾ തലമുറകളായി കാട്ടിൽ പിന്തുടർന്നു പോരുന്നുണ്ട്. നദികളിലെ മത്സ്യ പ്രജനന കാലം തിരിച്ചറിയാൻ ഉപകരിക്കുന്ന പാരമ്പര്യ വിജ്ഞാനം മാത്രമാണ് അവർക്ക് അതിനാശ്രയം. മീൻ കുഞ്ഞുങ്ങൾ കുടുങ്ങാതിരിക്കാൻ വലിയ കണ്ണികളുള്ള വല ഉപയോഗിക്കുന്നതും അവർക്ക് പുറത്തുനിന്ന് ആരും പറഞ്ഞുകൊടുത്തിട്ടല്ല.
രാത്രികാലങ്ങളിൽ മാത്രം തേൻ ശേഖരിക്കുന്നതും ആദിവാസികളുടെ പരിസ്ഥിതിബോധത്തിന്റെയും പാരമ്പര്യ വിജ്ഞാനത്തിന്റെയും ഉദാഹരണമാണ്. സഹോദരീഭർത്താവ്, അല്ലെങ്കിൽ ഭാര്യാസഹോദരൻ എന്ന രീതിയിൽ രണ്ടു പേരായാണ് തേനെടുക്കാൻ പോകുക. ''അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ പെങ്ങളെ അളിയൻ നോക്കിക്കൊള്ളും എന്ന ലളിത യുക്തിയാണ് ഇതിനു പിന്നിൽ'', ടിജു വിശദീകരിക്കുന്നു. അടുത്തൊന്നും ഹൈസ്കൂളുകളില്ലാത്തതിനാൽ ആ പ്രായത്തിലുള്ള കുട്ടികൾ ദൂരെയുള്ള ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠിക്കുന്നത്. അവധിക്കാലത്തു മാത്രമാണ് ഊരിലെത്തുക.
പുതു തലമുറയ്ക്ക് അവരുടെ വേരുകളുമായുള്ള ബന്ധം നഷ്ടമാകുമെന്ന ആശങ്കയ്ക്ക് ഇതു കാരണമാകുന്നുണ്ട്. ഇതിനു പരിഹാരമെന്നോണം വേനൽക്കാല ക്യാംപുകൾ സംഘടിപ്പിച്ചുവരുന്നു. കാടുകളെക്കുറിച്ചും കാട്ടറിവുകളെക്കുറിച്ചുമുള്ള പാഠങ്ങളാണ് ഇവിടെ പ്രധാനമായും പകർന്നു നൽകുക. മാർച്ച് മുതൽ ടിജു ഔദ്യോഗികമായി വാഴച്ചാലിൽ ഇല്ല. എന്നാൽ, അവിടെയുള്ളവരുമായി സ്ഥാപിച്ച ബന്ധത്തിന്റെ കെട്ടുകൾ ശക്തമായി തന്നെ ശേഷിക്കുന്നുണ്ട്. ഏതാവശ്യത്തിനും മാർഗനിർദേശങ്ങൾ തേടി അവരിപ്പോഴും ടിജുവിനെ തന്നെയാണ് സമീപിക്കുന്നതും.
(അവസാനിച്ചു)
ഭാഗം 1: ഗാഡ്ഗിലിന്റെ വാക്കുകൾ ഊർജം പകർന്ന മുന്നേറ്റം
ഭാഗം 2: കാടുകൾ വീണ്ടെടുക്കൽ, അവകാശങ്ങളും
ഭാഗം 3: അണക്കെട്ടുകളും കുടിയൊഴിക്കലും പ്രതിരോധവും
ഭാഗം 4: അവകാശങ്ങൾക്കു വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടം