അജദ് റിയൽ എസ്റ്റേറ്റിന്‍റെ ഓഹരി ബിസിസി ഏറ്റെടുക്കുന്ന ചടങ്ങ്.
ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ഉടമസ്ഥതയിലുള്ള ബിസിസി ഗ്രൂപ്പ് ഇന്‍റർനാഷണൽ യുഎയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്‍റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു.
ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ ചടങ്ങിൽ അജദ് റിയൽ എസ്റ്റേറ്റ് സി ഇ ഒ ഹമാദ് മുഹമ്മദ് അബ്ദുല്ല അൽ കത്ബിയും ബിസിസി ഗ്രൂപ്പ് ഇന്‍റർനാഷണൽ ചെയർമാൻ അംജദ് സിത്താരയും പങ്കെടുത്തു.
ഇതോടൊപ്പം ആദ്യമായി റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർക്ക് 100 ശതമാനം കമ്മീഷൻ നൽകുന്ന നൂതനമായൊരു മോഡൽ നടപ്പിലാക്കുമെന്ന് ബി സി സി ഗ്രൂപ്പ് പ്രഖ്യാപിച്ചു.
ഏജന്‍റുമാരെ സ്വതന്ത്ര സംരംഭകർ ആയി മാറാൻ സഹായിക്കുന്ന ഈ പുത്തൻ ആശയത്തിലൂടെ അവരുടെ കഠിനാധ്വാനത്തിന് പൂർണ പ്രതിഫലം ലഭിക്കുകയും മികച്ച പ്രതിഭകളെ ആകർഷിക്കാൻ സാധിക്കുകയും ചെയ്യുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
2012ൽ സ്ഥാപിതമായ ബി ബി സി ഗ്രൂപ്പിന് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. യുഎഇ, ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലായി നിർമാണം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഐടി തുടങ്ങിയ മേഖലകളിൽ 20,000-ലധികം പ്രൊഫഷണലുകൾ ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നുണ്ട്.