അമ്പമ്പോ.... പൊള്ളുന്ന വില! മുരിങ്ങക്ക കിലോയ്ക്ക് 600 കടന്നു
മുരിങ്ങക്ക ഇല്ലാത്ത സാമ്പാറും അവിയലുമൊക്കെ ചിന്തിക്കാൻ തന്നെ വയ്യ... പക്ഷേ ഇനി ഇപ്പോ ചിന്തിക്കാതെയും വയ്യ. രുചി കുറച്ച് കുറഞ്ഞാലും കുഴപ്പമില്ല, മുരിങ്ങക്ക വേണ്ടെന്നാണ് ഇപ്പോൾ വീട്ടമ്മമാരുടെ അഭിപ്രായം. കാര്യം മറ്റൊന്നുമല്ല, പൊള്ളുന്ന വിലയാണ്. കിലോയ്ക്ക് നിലവിൽ 600 രൂപയാണ് മുരിങ്ങക്ക വില.
രണ്ടാഴ്ചയ്ക്ക് മുൻപ് 130-150 രൂപയിൽ നിന്ന മുരിങ്ങക്കാ വിലയാണ് ഒറ്റയടിക്ക് 500 കടന്നത്. വില കൂടിയതോടെ വാങ്ങാനാളില്ലെന്ന് കണ്ട് വലിയ കടകൾ പോലും ഇപ്പോൾ മുരിങ്ങക്ക എടുക്കാത്ത അവസ്ഥ.
തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് മുരിങ്ങക്ക എത്തുന്നത്. സാധാരണയായി വരണ്ട കലാവസ്ഥയിൽ വളരുന്ന ഒന്നാണ് മുരിങ്ങക്ക. എന്നാലിപ്പോൾ തമിഴ്നാട്ടിൽ ഇടയ്ക്കിടയ്ക്കായി ലഭിക്കുന്ന മഴ മുരിങ്ങക്ക കൃഷിയെ വളരെ മോശമായി ബാധിച്ചതായാണ് കർഷകർ പറയുന്നത്. വിളവ് കുറഞ്ഞതോടെയാണ് മുരിങ്ങക്ക വില കുതിച്ചുയർന്നത്.
മുരിങ്ങയ്ക്കയ്ക്ക് മാത്രമല്ല പച്ചക്കറികൾക്കെല്ലാം വില കുതിച്ചുയരുന്നുണ്ട്. 35 രൂപയായിരുന്ന തക്കാളിക്ക് 65 രൂപയായി. 50 രൂപയുടെ കോവക്കയ്ക്ക് 70 രൂപയും 60 രൂപയായിരുന്ന ഉള്ളി വില 80 രൂപയുമായി.