തിളക്കം കുറയുന്ന സ്വർണം; വിലയിടിവ് തുടരുന്നു

 

freepik

Business

തിളക്കം കുറയുന്ന സ്വർണം; വിലയിടിവ് തുടരുന്നു

രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾ ഒഴിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കുറഞ്ഞതാണ് വിലയിടിവ് രൂക്ഷമാക്കുന്നത്

Kochi Bureau

കൊച്ചി: ഇറാനും ഇസ്രയേലിനുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നതും, അമെരിക്കയിൽ പലിശ നിരക്ക് കുറയാനുള്ള സാധ്യതയും രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഇടിയാൻ കാരണമാകുന്നു. സിംഗപ്പുർ വിപണിയിൽ സ്വർണ വില ഔൺസിന് 50 ഡോളർ കുറഞ്ഞ് 3,270 ഡോളറിലെത്തി. രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണിത്.

അന്താരാഷ്‌ട്ര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 440 രൂപ കുറഞ്ഞ് 71,440 രൂപയിലെത്തി. ഗ്രാം വില 55 രൂപ ഇടിഞ്ഞ് 8,930 രൂപയായി. മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചിൽ ഓഗസ്റ്റ് അവധി വില 1,561 രൂപ ഇടിവോടെ പത്ത് ഗ്രാമിന് 95,524 രൂപയായി.

രണ്ടാഴ്ചയായി സ്വർണ വില തുടർച്ചയായി താഴേക്ക് നീങ്ങുകയാണ്. രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾ ഒഴിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കുറഞ്ഞതാണ് വിലയിടിവ് രൂക്ഷമാക്കുന്നത്. അമെരിക്കയും ചൈനയും വ്യാപാര കരാറിന് അന്തിമ രൂപം നൽകിയെന്ന വാർത്തകളും സ്വർണത്തിൽ നിന്ന് പിന്മാറാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു.

അടുത്തയാഴ്ച പുറത്തുവരുന്ന അമെരിക്കയിലെ തൊഴിൽ കണക്കുകളും സാമ്പത്തിക വളർച്ചാ സൂചികകളും സ്വർണത്തിന്‍റെ തുടർന്നുള്ള നീക്കത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതിനാൽ ബദൽ നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പണമൊഴുകുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾ പുലർത്തുന്നത്. ഇതോടെ സ്വർണ വില തിരിച്ചുകയറാൻ ഇടയുണ്ട്.

വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മരവിപ്പിച്ചതിന്‍റെ കാലാവധി ജൂലൈ ഒൻപതിന് അവസാനിക്കുകയാണ്. ഇതിനുള്ളിൽ യൂറോപ്യൻ യൂണിയനുമായും ഇന്ത്യയുമായും ക്യാനഡയുമായും അമെരിക്ക വ്യാപാര കരാർ ഒപ്പുവെക്കുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.

പകരച്ചുങ്കം നടപ്പാക്കുന്നതിൽ നിന്ന് അമെരിക്ക പിന്മാറിയാൽ സ്വർണവില ഇനിയും താഴേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്.

ജൂൺ 14ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 74,560 രൂപയിൽ നിന്ന് 3,120 രൂപയുടെ ഇടിവാണ് പവന് രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത്. 28 മാസത്തിനിടെ സ്വർണ വില ഇരട്ടിയിലധികം ഉയർന്നതിന് ശേഷമാണ് തുടർച്ചയായി താഴേക്ക് പോകുന്നത്.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം