സ്വർണവിലയിൽ വീണ്ടും ഇടിവ്; നിരക്കറിയാം!
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 1040 രൂപയുടെ കുറവാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 1,11,280 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്.
ഗ്രാമിന് 130 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വില 13,910 രൂപയാണ്. തിങ്കളാഴ്ച 4 തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കുമായി 10,000 രൂപയ്ക്കടുത്ത് കുറവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ വൈകിട്ടോടെ 2 തവണ വർധനവ് രേഖപ്പെടുത്തുകയായിരുന്നു.
ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായതിനാൽ ഇന്നലത്തെ പോലെ ഇന്നും ബൈ ദ ഡിപ് ട്രന്‍ഡ് (കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാനുള്ള നിക്ഷേപകരുടെ തിരക്ക്) തുടരാനുള്ള സാധ്യത കുറവാണ്. ഇറാനും അമെരിക്കയും തമ്മിൽ വെള്ളിയാഴ്ച ആണവ കരാറിൽ ചർച്ചയിലേക്ക് പോകുമെന്നതും ഇന്ത്യയും അമെരിക്കയും തമ്മിൽ വ്യാപാര തർക്കത്തിൽ ഉണ്ടായ സമവായവും ഓഹരി വിപണിയ്ക്ക് ആശ്വാസം നൽകുന്നുണ്ട്.