ഒലയുടെ തുടക്കം ഒരു ക്യാബ് ഷെയറിങ് അഗ്രഗേറ്റര്‍ എന്ന നിലയിലായിരുന്നു

 
Business

നാലു ചക്രത്തിൽനിന്ന് രണ്ടു ചക്രത്തിലേക്കുള്ള ഒലയുടെ വളർച്ച

ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിപണിയിലെ മുന്‍നിരക്കാരാണ് ഇന്ന് ഒല. എന്നാല്‍ ഒലയുടെ തുടക്കം ഒരു ക്യാബ് ഷെയറിങ് അഗ്രഗേറ്റര്‍ എന്ന നിലയിലായിരുന്നു

ആ‌ന്‍റണി ഷെലിൻ

ബംഗളൂരുവില്‍ നിന്ന് ബന്ദിപ്പൂരിലേക്കു നടത്തിയ ഒരു വിനോദയാത്രയില്‍ ഭവീഷ് അഗര്‍വാളെന്ന യുവാവിനു നേരിട്ട ദുരനുഭവമാണ് രാജ്യത്തെ ഏറ്റവും വലിയ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ഒലയുടെ രൂപീകരണത്തിലേക്കു നയിച്ചത്. നഗര ഗതാഗതത്തെ മാറ്റിമറിക്കുക മാത്രമല്ല, മനക്കരുത്തിന്‍റെയും, ഇന്നവേഷന്‍റെയും, സ്ഥിരോത്സാഹത്തിന്‍റെയും ഒരു വലിയ മാതൃക കൂടി സമ്മാനിക്കുകയും ചെയ്തു ഒല.

ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിപണിയിലെ മുന്‍നിരക്കാരാണ് ഇന്ന് ഒല. എന്നാല്‍ ഒലയുടെ തുടക്കം ഒരു ക്യാബ് ഷെയറിങ് അഗ്രഗേറ്റര്‍ എന്ന നിലയിലായിരുന്നു. ഒരു മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ടാക്‌സി സര്‍വീസ് ലഭ്യമാക്കുകയാണ് ഒല ചെയ്യുന്നത്. ഭവീഷ് അഗര്‍വാള്‍ സ്ഥാപകനും സിഇഒയുമായി 2010 ഡിസംബറില്‍ മുംബൈ കേന്ദ്രീകരിച്ചാണ് കമ്പനി ആരംഭിച്ചത്.

ക്യാബുകളില്‍ നിന്ന് ഒല ഇലക്‌ട്രിക്കിലേക്ക്

ഒല ക്യാബ്‌സില്‍ ഒതുങ്ങിക്കൂടാന്‍ ഭവീഷ് ഒരുക്കമായിരുന്നില്ല. ഒലയുടെ വിജയത്തെത്തുടര്‍ന്നു ഭവീഷ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു. 2021ല്‍ ഒല ഇലക്‌ട്രിക്കിലൂടെ ഇലക്‌ട്രിക് വാഹന വിഭാഗത്തിലേക്കും ഭവീഷ് പ്രവേശിച്ചു. വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 2,39,000ത്തിലധികം ഇലക്‌ട്രിക്കല്‍ സ്‌കൂട്ടറുകള്‍ വിറ്റു. അതിലൂടെ ഇന്ത്യയിലെ ഇവി വിപണിയുടെ 38% പങ്ക് ഒലയ്ക്ക് സ്വന്തമാക്കാനും സാധിച്ചു.

മൈക്രോസോഫ്റ്റില്‍ നിന്ന് സംരംഭകനിലേക്ക്

ഭവിഷ് അഗർവാൾ

ബോംബെ ഐഐടിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം നേടിയ ഭവീഷ് അഗര്‍വാള്‍ മൈക്രോസോഫ്റ്റില്‍ റിസര്‍ച്ച് ഇന്‍റേണ്‍ ആയിട്ടാണ് കരിയർ ആരംഭിച്ചത്. 2007ലായിരുന്നു ഇത്. ജോലിയില്‍ പ്രകടിപ്പിച്ച അസാധാരണമായ കഴിവിന്‍റെ അടിസ്ഥാനത്തില്‍ ഭവീഷിന് അസിസ്റ്റന്‍റ് ഗവേഷകനായി സ്ഥാനക്കയറ്റം ലഭിച്ചു. അന്താരാഷ്‌ട്ര ജേണലുകളില്‍ മൂന്ന് പ്രബന്ധങ്ങള്‍ രചിക്കുകയും രണ്ട് പേറ്റന്‍റുകള്‍ ഫയല്‍ ചെയ്യുകയുമുണ്ടായി.

ഇത്തരത്തില്‍ നേട്ടങ്ങള്‍ പലതുണ്ടായെങ്കിലും ഭവീഷിന്‍റെ ഉള്ളില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണുണ്ടായിരുന്നത്. ഒടുവില്‍ മൈക്രോസോഫ്റ്റിലെ ജോലി രാജിവച്ച് നാട്ടില്‍ തിരിച്ചെത്തി സുഹൃത്തായ അങ്കിത് ഭാട്ടിക്കൊപ്പം ഒരു ട്രാവല്‍ പ്ലാനിങ് കമ്പനിക്ക് രൂപം കൊടുത്തു. ഒല ട്രിപ്പ് ഡോട്ട് കോം എന്ന വെബ്‌സൈറ്റും ഇതിനായി ക്രിയേറ്റ് ചെയ്തു. മൈക്രോസോഫ്റ്റ് ജോലി രാജിവച്ച് ട്രാവല്‍ ഏജന്‍സി തുടങ്ങിയ തീരുമാനത്തില്‍ ഭവീഷിന്‍റെ മാതാപിതാക്കള്‍ ഒട്ടും തൃപ്തരായിരുന്നില്ല. ഇതിന്‍റെ പേരില്‍ ഭവീഷിന്‍റെ പിതാവ് ആറ് മാസത്തേക്ക് അദ്ദേഹത്തോട് ഒന്നും സംസാരിച്ചിരുന്നില്ല.

ജീവിതം മാറ്റിമറിച്ച ട്രിപ്പ്

ട്രാവല്‍ കമ്പനി വിചാരിച്ച പോലെ മുന്നേറിയില്ല. ഇതില്‍ നിരാശനായ ഭവീഷ് ബംഗളൂരിവില്‍ നിന്ന് ബന്ദിപ്പൂരിലേക്ക് ഒരു ട്രിപ്പ് പോകാന്‍ തീരുമാനിച്ചു. ട്രിപ്പിനിടെ ടാക്‌സി ഡ്രൈവര്‍ ഭവീഷുമായി ടാക്‌സി നിരക്കിന്‍റെ പേരില്‍ തര്‍ക്കിച്ചു. ആ തര്‍ക്കമാണ് ഇന്ന് ഇന്ത്യയുടെ ഇവി വിപണിയിലെ മുന്‍നിരക്കാരായ ഒല സ്‌കൂട്ടറിനെയും ഒല ടാക്‌സി സര്‍വീസിനെയും സൃഷ്ടിച്ചത്.

ടാക്‌സി ഡ്രൈവറുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കസ്റ്റമര്‍ ഫ്രണ്ട്‌ലിയായ, വിശ്വസനീയമായ, കാര്യക്ഷമമായൊരു ക്യാബ് സര്‍വീസിന്‍റെ ആവശ്യകത ഇന്ത്യയിലുണ്ടെന്നു ചിന്തിക്കാന്‍ ഭവീഷിനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് 2010ല്‍ സുഹൃത്ത് അങ്കിത് ഭാട്ടിയുമൊത്ത് ഒല ക്യാബ്‌സിനു തുടക്കമിട്ടത്.

ചെറിയ തുടക്കം, വലിയ വളർച്ച

മുംബൈയിലെ പൊവൈയിലുള്ള ഒരു ഫ്‌ളാറ്റിലായിരുന്നു ഒലയുടെ ഓഫിസ്. ഒല ക്യാബ്‌സിന്‍റെ ആദ്യ ദിനങ്ങള്‍ കഠിനമായിരുന്നു. നിക്ഷേപകരെയും ഡ്രൈവര്‍മാരെയും ഉപയോക്താക്കളെയും പുതിയ ആശയം പറഞ്ഞ് വിശ്വസിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു.

ആദ്യകാലങ്ങളില്‍ ഫോണിലൂടെ ടാക്‌സികള്‍ ബുക്ക് ചെയ്യാന്‍ കസ്റ്റമേഴ്‌സിന് ഒല സൗകര്യം ചെയ്തു. 2012 ആയപ്പോഴേക്കും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് പുറത്തിറക്കി. അത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. 2014ല്‍ 100 നഗരങ്ങളിലായി 2 ലക്ഷം കാറുകള്‍ ഒല ശൃംഖലയില്‍ ചേര്‍ന്നു.

2014 നവംബറില്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ഊർജിതമാക്കി. 2014 ഡിസംബറോടെ ഡല്‍ഹി, പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാരംഭിച്ചു. 2015 ഡിസംബറോടെ ചണ്ഡിഗഢ്, ഇന്‍ഡോര്‍, ജൈപൂര്‍, ഗോഹട്ടി, വിശാഖപട്ടണം എന്നിവിടങ്ങളിലും വ്യാപിച്ചു.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ