നിക്ഷേപകര്‍ക്ക് റെക്കോഡ് ലാഭ വിഹിതം നല്‍കി ഇന്ത്യൻ കമ്പനികള്‍
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ നിക്ഷേപകര്‍ക്ക് റെക്കോഡ് ലാഭ വിഹിതം നല്‍കി ഇന്ത്യൻ കമ്പനികള്‍ ചരിത്രം സൃഷ്ടിച്ചു. പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ഓഹരി ഉടമകള്‍ക്കും മുൻപ് ഒരിക്കലുമില്ലാത്ത തരത്തിലാണ് ഇപ്പോള്‍ ലാഭ വിഹിതം നല്‍കുന്നത്. നേരിയ ലാഭം നേടുന്ന കമ്പനികൾ പോലും ഉയര്‍ന്ന ലാഭവിഹിതമാണ് ഓഹരി ഉടമകള്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയത്. ഓഹരി വിലയിലെ മുന്നേറ്റത്തിനൊപ്പം ലാഭവിഹിത ഇനത്തില്‍ അധിക നേട്ടമുണ്ടാക്കാന്‍ ഇതോടെ നിക്ഷേപകര്‍ക്ക് അവസരം ലഭിച്ചു.
കേന്ദ്ര പൊതുമേഖല ബാങ്കുകളാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന ലാഭ വിഹിതം ഓഹരി ഉടമകള്‍ക്ക് ലഭ്യമാക്കിയത്. ലാഭ വിഹിതത്തില്‍ ഗണ്യമായ ഭാഗം ലഭിക്കുമെന്നതിനാൽ കേന്ദ്ര സര്‍ക്കാരും ഈ രീതി പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 75,000 കോടി രൂപയുടെ വരുമാനമാണ് പൊതുമേഖല കമ്പനികളുടെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്.
അംബാനി, അദാനി ഉള്‍പ്പെടെയുള്ള പത്ത് ബിസിനസ് കുടുംബങ്ങള്‍ക്ക് ലാഭ വിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത് 40,000 കോടി രൂപയാണ്. ലാഭവും ധന ശേഖരവും കൂടിയതോടെയാണ് രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെല്ലാം ഓഹരി ഉടമകള്‍ക്ക് റെക്കാഡ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിന്‍റെ വലിയ ശതമാനം നേട്ടവും പ്രൊമോട്ടര്‍ ഗ്രൂപ്പുകള്‍ക്കാണ് ലഭിച്ചത്.
എച്ച്സിഎല്‍ ടെക്നോളജീസിന്‍റെ സ്ഥാപകനായ ശിവ് നാടാറിനാണ് ലാഭവിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. ശിവ് നാടാര്‍ക്ക് 9,902 കോടി രൂപയാണ് ലാഭവിഹിതം ലഭിച്ചത്. ഓഹരി ഒന്നിന് 60 രൂപ വച്ച് മൊത്തം 16,290 കോടി രൂപയുടെ ലാഭവിഹിതമാണ് കമ്പനി നല്‍കിയത്. നാടാര്‍ കുടുംബത്തിന് എച്ച്.സി.എല്ലില്‍ 60.81 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വേദാന്തയുടെ പ്രൊമോട്ടറായ അനില്‍ അഗര്‍വാളിനും കുടുംബത്തിനും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9,591 കോടി രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്. മുകേഷ് അംബാനിയ്ക്കും കുടുംബത്തിനുമായി 3,655 കോടി രൂപ ലാഭവിഹിതമായി കഴിഞ്ഞ വര്‍ഷം ലഭിച്ചു.