ഇന്ത്യൻ സൂചികകൾ നമ്പർ വൺ

 
Business

ഇന്ത്യൻ സൂചികകൾ നമ്പർ വൺ

വിപണി മൂല്യത്തില്‍ 14% വർധനയുമായി ജര്‍മനിയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍.

ബിസിനസ് ലേഖകൻ

കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച മുന്നേറ്റവുമായി ആഗോള വിപണികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ഓഹരി സൂചികകള്‍. മാര്‍ച്ചിനു ശേഷം ഇന്ത്യന്‍ ഓഹരികളുടെ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടി ഡോളറിന്‍റെ (85 ലക്ഷം കോടി രൂപ) വർധനയാണുണ്ടായത്. ലോകത്തിലെ പത്ത് മുന്‍നിര വിപണികളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം കൈവരിച്ചതും ഇന്ത്യന്‍ ഓഹരികളാണ്. നിലവില്‍ ഇന്ത്യയിലെ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 5.33 ലക്ഷം കോടി ഡോളറാണ്.

കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ കനത്ത തകര്‍ച്ച നേരിട്ടതിന് ശേഷമാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ അതിശക്തമായി തിരിച്ചുകയറിയത്. ഇക്കാലയളവില്‍ ഇന്ത്യന്‍ ഓഹരികളുടെ വിപണി മൂല്യത്തില്‍ 21% വർധനയാണുണ്ടായത്. നിലവില്‍ ആഗോള തലത്തില്‍ വിപണി മൂല്യത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അമെരിക്ക, ചൈന, ജപ്പാന്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ ഓഹരികളാണ് ഇന്ത്യയ്ക്ക് മുകളിലുള്ളത്. വിപണി മൂല്യത്തില്‍ 14% വർധനയുമായി ജര്‍മനിയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍. വിപണി മൂല്യത്തില്‍ 11% വർധനയുമായി ക്യാനഡയും 9% നേട്ടവുമായി ഹോങ്കോങും മികച്ച പ്രകടനം കാഴ്ചവച്ചു. ജപ്പാന്‍, യുകെ എന്നിവിടങ്ങളിലെ ഓഹരികളുടെ വിപണി മൂല്യത്തില്‍ 8% വർധനയാണ് ഇക്കാലയളവിലുണ്ടായത്.

അതേസമയം ലോകത്തിലെ ഏറ്റവും വലിയ വിപണിയായ അമെരിക്കയിലെ ഓഹരികളുടെ മൂല്യത്തില്‍ കേവലം രണ്ട് ശതമാനം വളര്‍ച്ച മാത്രമാണ് മാര്‍ച്ചിന് ശേഷമുണ്ടായത്. ഡോണള്‍ഡ് ട്രംപിന്‍റെ വ്യാപാര യുദ്ധ നയങ്ങളും തീരുവ സംബന്ധിച്ച ചാഞ്ചാട്ടങ്ങളും ആഗോള നിക്ഷേപകര്‍ക്ക് അമെരിക്കന്‍ ഓഹരികളോടുള്ള വിശ്വാസ്യതയില്‍ ഇടിവുണ്ടാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയിലെ മുഖ്യ ഓഹരി സൂചികകളായ സെന്‍സെക്സ്, നിഫ്റ്റി എന്നിവ മാര്‍ച്ചിനു ശേഷം യഥാക്രമം 12.5%, 13.5% നേട്ടം വീതമാണുണ്ടാക്കിയത്. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും മികച്ച മുന്നേറ്റമാണുണ്ടായത്.

നിയമസഭയിൽ രാഹുലിന് പ്രത്യേക ബ്ലോക്ക്; സ്പീക്കറുടെ തീരുമാനം പ്രതിപക്ഷ നേതാവിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

ഈരാറ്റുപേട്ടയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

സഹപാഠികൾ കൺപോളകളിൽ പശ തേച്ച് ഒട്ടിച്ചു; 8 വിദ്യാർഥികൾ ആശുപത്രിയിൽ

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു; ആളപായമില്ല