ബസുമതി അരിയുടെ വില ഇടിയുന്നു.
MV Graphics
ഇറാനിലെ ആഭ്യന്തര കലാപവും, ഇറാനുമായി വ്യാപാരം നടത്തുന്നവർക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തീരുമാനവും ഇന്ത്യൻ അരി കയറ്റുമതിക്ക് വെല്ലുവിളിയാകുന്നു. ഇറാനിൽ നിന്നുള്ള പണം ലഭിക്കാൻ വൈകുന്നതും കയറ്റുമതി കുറഞ്ഞതും കാരണം ഇന്ത്യയിൽ ബസുമതി വില ഇടിഞ്ഞു. ബദൽ വിപണികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കയറ്റുമതിക്കാർ.
ഇന്ത്യൻ ബസുമതി അരിയുടെ പ്രധാന വിപണികളിലൊന്നായ ഇറാനിലെ ആഭ്യന്തര സംഘർഷങ്ങളും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ സാമ്പത്തിക നയങ്ങളും അരി കയറ്റുമതി മേഖലയിൽ കനത്ത ആശങ്ക സൃഷ്ടിക്കുന്നു.
ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് അമേരിക്കയിൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനമാണ് ഇന്ത്യൻ കയറ്റുമതിക്കാരെ വെട്ടിലാക്കിയിരിക്കുന്നത്.
ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങൾ
ഇറാനിൽ തുടരുന്ന ആഭ്യന്തര അസ്വാസ്ഥ്യങ്ങളും വൻതോതിലുള്ള പ്രതിഷേധങ്ങളും ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയെ നേരിട്ട് ബാധിച്ചുതുടങ്ങി. ഓർഡറുകൾ നടപ്പിലാക്കുന്നതിലെ കാലതാമസം, പണം ലഭിക്കാനുള്ള തടസ്സങ്ങൾ, ഷിപ്പിംഗ് ഷെഡ്യൂളുകളിലെ അനിശ്ചിതത്വം എന്നിവ കയറ്റുമതിക്കാരെ കുഴപ്പിക്കുകയാണ്.
ഇറാനിലെ പ്രാദേശിക വിപണികളിലുണ്ടായ തടസ്സങ്ങൾ കാരണം ഇറക്കുമതിക്കാർക്ക് ഇന്ത്യയിലേക്ക് പണം അയക്കാൻ സാധിക്കുന്നില്ലെന്ന് ഇന്ത്യൻ റൈസ് എക്‌സ്‌പോർട്ടേഴ്‌സ് ഫെഡറേഷൻ (IREF) വ്യക്തമാക്കി.
ട്രംപിന്‍റെ താരിഫ് പ്രഖ്യാപനം
ഇറാനുമായി വ്യാപാരം നടത്തുന്ന ഏത് രാജ്യവും അമേരിക്കയുമായി നടത്തുന്ന ബിസിനസിന് 25 ശതമാനം അധിക താരിഫ് നൽകേണ്ടി വരുമെന്നാണ് ട്രംപ് സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. നിലവിൽ തന്നെ അമേരിക്കയിലേക്കുള്ള ഇന്ത്യൻ അരി കയറ്റുമതിക്ക് 50 ശതമാനം നികുതിയുണ്ട്.
ഇതിന് പുറമെ പുതിയ താരിഫ് കൂടി വരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ടെങ്കിലും, അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ബസുമതിക്ക് പകരമായി മറ്റൊരു അരി ലഭ്യമല്ലാത്തതിനാൽ വലിയ ഇടിവുണ്ടാകില്ലെന്നാണ് ഐആർഇഎഫ് കണക്കുകൂട്ടുന്നത്.
ഇന്ത്യയുടെ അരിക്കലം തട്ടിമറിക്കാൻ ഡോണൾഡ് ട്രംപ്.
ആഭ്യന്തര വിപണിയിൽ വിലയിടിയുന്നു
കയറ്റുമതി രംഗത്തെ ഈ അനിശ്ചിതത്വം ഇന്ത്യയിലെ ആഭ്യന്തര വിപണിയെയും ബാധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബസുമതി അരിയുടെ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതിക്കാർ പുതിയ കരാറുകളിൽ നിന്ന് വിട്ടുനിൽക്കുന്നതും വിപണിയിൽ ജാഗ്രത പുലർത്തുന്നതുമാണ് വില കുറയാൻ കാരണം.
ഇറാനെ മാത്രം ആശ്രയിക്കാതെ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കും ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും വിപണി വ്യാപിപ്പിക്കാൻ കയറ്റുമതിക്കാർക്ക് ഐആർഇഎഫ് നിർദേശം നൽകിയിട്ടുണ്ട്.
കർഷകരെയും കയറ്റുമതിക്കാരെയും സംരക്ഷിക്കുന്നതിനായി നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രതയോടെയുള്ള നീക്കങ്ങൾ അത്യാവശ്യമാണെന്നും ഫെഡറേഷൻ പ്രസിഡന്‍റ് ഡോ. പ്രേം ഗാർഗ് അറിയിച്ചു.