കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് പലിശത്തുകയുടെ അഞ്ച് ശതമാനം ഇന്‍സെന്‍റീവ്.
തിരുവനന്തപുരം: കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് പലിശത്തുകയുടെ അഞ്ച് ശതമാനം ഇന്‍സെന്‍റീവ് നല്‍കാന്‍ കേരള ബാങ്ക് തീരുമാനം. സംഘങ്ങള്‍ക്ക് അനുവദിക്കുന്ന ജനറല്‍ ബാങ്കിങ് ക്യാഷ് ക്രെഡിറ്റ് വായ്പകളുടെ പലിശ 10.25 ശതമാനത്തില്‍ നിന്ന് 9.75 ശതമാനമായി കുറച്ചിട്ടുമുണ്ട്. ഗോള്‍ഡ് ലോണ്‍ ക്യാഷ് ക്രെഡിറ്റ് വായ്പ പലിശ ഒമ്പത് ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായും കുറച്ചു.
സംഘങ്ങളുടെയും വ്യക്തികളുടെയും 15 ലക്ഷം രൂപക്കു മുകളിലുള്ള ബള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് 0.5 ശതമാനം അധിക പലിശ നല്‍കിവരുന്നു. 2020 നവംബറില്‍ ചുമതലയേറ്റ കേരള ബാങ്കിന്‍റെ തെരഞ്ഞെടുത്ത ആദ്യ ഭരണസമിതിയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കും. അഞ്ച് വര്‍ഷം കൊണ്ട് ബാങ്കിന്‍റെ ബിസിനസില്‍ 19,912 കോടി രൂപയാണ് വര്‍ധിച്ചത്. 2019-20ല്‍ 1,01,194 കോടി രൂപയായിരുന്ന ബിസിനസ് 2024-25 ല്‍ 1,21,106 കോടിയായി ഉയർന്നു.
ബാങ്കിന്‍റെ വായ്പാ ബാക്കിനിൽപ്പ് 51,000 കോടി രൂപയ്ക്ക് മുകളിലാണ്. ഇതില്‍ 27 ശതമാനം തുക അഞ്ചര ലക്ഷത്തിലധികം വരുന്ന കർഷകർക്കാണ് വിതരണം ചെയ്യുന്നത്. 12 ശതമാനം തുക സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭ മേഖലയ്ക്കും 25 ശതമാനം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കുമാണ് അനുവദിച്ചിട്ടുള്ളതെന്നും കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു.