Representative image 
Business

നിരക്ക് കൂട്ടാന്‍ മൊബൈൽ ഫോൺ കമ്പനികളുടെ ആലോചന

ജൂൺ 4ന് പൊതു തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിന് ശേഷം നിരക്കുകൾ 30 ശതമാനം വരെ ഉയർത്താനാണ് കമ്പനികൾ ധാരണയിലെത്തിയിരിക്കുന്നത്.

Ardra Gopakumar

കൊച്ചി: മൊബൈൽ ഫോൺ ചാർജുകൾ കുത്തനെ ഉയർത്താതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ടെലികോം കമ്പനികൾ. സ്പെക്‌ട്രം ചാർജുകൾ, ലൈസൻസ് ഫീസ്, സാങ്കേതിക വിദ്യ മെച്ചപ്പെടുത്താൻ അധിക നിക്ഷേപം എന്നിവയ്ക്ക് ഗണ്യമായ തുക ചെലവഴിക്കുമ്പോഴും വരുമാനം കൂടുന്നില്ല എന്നതാണ് കമ്പനികളുടെ പ്രധാന പ്രതിസന്ധി. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പ്രമുഖ ടെലികോം കമ്പനികളുടെ വരുമാനത്തിലും ലാഭക്ഷമതയിലും ഇടിവുണ്ടായിരുന്നു.

മൊബൈൽ ചാർജുകൾ അനുവദനീയമായതിലും ഒരുപാട് താഴെയായതിനാൽ നിരക്കിൽ വൻവർധന ഒഴിവാക്കാൻ കഴിയില്ലെന്ന് എയർടെൽ സിഇഒ ഗോപാൽ വിറ്റൽ പറഞ്ഞു.

ജൂൺ 4ന് പൊതു തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിന് ശേഷം നിരക്കുകൾ 30 ശതമാനം വരെ ഉയർത്താനാണ് മുൻനിര മൊബൈൽ സേവനദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വി) തുടങ്ങിയ കമ്പനികൾ ധാരണയിലെത്തിയിരിക്കുന്നത്.

സ്പെക്‌ട്രം ലേലത്തിൽ കമ്പനികൾക്ക് മേൽ അധിക ഫീ ബാധ്യത കൂടി വരുന്നതിനാൽ നിലവിലുള്ള നിരക്കുകൾ ഉയർത്താതെ മാർഗമില്ലെന്ന് ടെലികോം കമ്പനികൾ പറയുന്നു. ലോകത്തെ മറ്റ് പ്രമുഖ വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഉപയോക്താവിൽ നിന്നുള്ള പ്രതി ഓഹരി വരുമാനം (എആർപിയു) ഏറ്റവും കുറവ് ഇന്ത്യയിലാണ്. താരിഫ് വർധിപ്പിച്ചില്ലെങ്കിൽ ടെലികോം കമ്പനികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്നും അവർ പറയുന്നു.

ഇന്‍റർനെറ്റ് ഉപഭോഗം തുടർച്ചയായി കൂടുന്നതിനാൽ താരിഫ് കൂട്ടിയില്ലെങ്കിൽ പോലും ടെലികോം നിരക്കുകൾ 10 മുതൽ 15 ശതമാനം വരെ ഉയരാനിടയുണ്ട്. പ്രതി ഓഹരി വരുമാനം 300 രൂപയിലധികമാകാതെ ഇന്ത്യയിലെ ടെലികോം സേവനങ്ങൾ ലാഭകരമാകില്ലെന്ന് അനലിസ്റ്റുകൾ പറയുന്നു.

രാജ്യം ഡിജിറ്റൽവത്കരണം വേഗത്തിലാക്കുമ്പോഴും അഞ്ചാം തലമുറ (5ജി) നേവനങ്ങൾ വ്യാപകമാക്കുന്നതിൽ മുൻനിര ടെലികാം കമ്പനികൾ മെല്ലെപ്പോക്കു നയമാണ് സ്വീകരിക്കുന്നത്. 5ജി സേവനങ്ങൾ ലഭ്യമാക്കാൻ അധിക നിക്ഷേപം ആവശ്യമാണെങ്കിലും വരുമാനം കാര്യമായി കൂടാത്തതാണ് മുൻനിര ടെലികോം കമ്പനികൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ജിയോയും എയർടെല്ലും 5ജി വ്യാപകമാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഇക്കാര്യത്തിൽ വലിയ ആവേശം ദൃശ്യമല്ല.

അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഏറ്റവും ഉയർന്ന മൂലധന നിക്ഷേപം ആവശ്യമുള്ള ടെലികോം വിപണിയിൽ നിന്ന് കൂടുതൽ പണം ഊറ്റിയെടുക്കാൻ സ്പെക്‌ട്രം ലേലത്തുകയ്ക്കൊപ്പം അധിക ഫീ കൂടി ഈടാക്കുന്നതിനാൽ കമ്പനികൾ വലിയ ബാധ്യതയാണ് നേരിടുന്നത്.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി