Business

അന്ന് വിപ്ലവം, ഇന്ന് മനുഷ്യന്‍റെ എല്ലാം എല്ലാം....; മൊബൈൽ ഫോണിന് ഇന്ന് 50 വയസ്

ഇന്ന് നിസാരമായി പോക്കറ്റിലും കയ്യിലും പിടിച്ചുനടക്കുന്ന മനുഷ്യന്‍റെ എല്ലാമെല്ലാമായി കൊണ്ടു നടക്കുന്ന മൊബൈൽ ഫോണിന്‍റെ ചരിത്രത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇന്നത്തെ തലമുറ എന്തായാലും ചിന്തിച്ചിരിക്കാൻ വഴിയില്ല. മൊബൈൽ ഫോണില്ലാതെ ജീവിക്കാൻ പറ്റുമോ എന്ന പുതുതലമുറയുടെ ചോദ്യത്തിന് മൊബൈൽ ഫോണിന് വെറും 50 വയസ് പ്രായമേ ഉള്ളു എന്നു പറയട്ടേ.., അതെ ഇന്ന് മൊബൈൽ ഫോണിന്‍റെ 50-ാം പിറന്നാളാണ്.

ഇന്ന് മൊബൈൽ ഫോണെന്ന് കേൾക്കുമ്പോൾ തന്നെ ഓപ്പോ, വിവോ, സാംസങ്.. ഇങ്ങനെ നീളും പട്ടിക. എന്നാൽ 50 വർഷങ്ങൾ പിറകോട്ട് ചിന്തിക്കുമ്പോൾ മൊബൈൽ ഫോൺ എന്ന ഒരു സംഭവത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ലാത്ത ഒരു സമൂഹം ഉണ്ടായിരുന്നു. 1973 ൽ മൊബൈൽ ഫോണിന്‍റെ കണ്ടു പിടുത്തം സൃഷ്ടിച്ച വിപ്ലവം നിസാരമായിരുന്നില്ല.....

90 കൾക്ക് ശേഷമാണ് ഇന്നു നാം അപൂർവമായി കാണുന്ന കീപാഡ് ഫോണുകൾ പോലും വിപണിയിലേക്കെത്തുന്നത്. 2005 ന് ശേഷമാണ് ഇന്ന് കാണുന്ന സ്മാർട്ട് ഫോണുകളുടെ തുടക്കകാലം. വരും കാലങ്ങളിൽ ഫോണുകൾക്കുണ്ടാവാൻ പോവുന്ന മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നതാണ് വാസ്തവം...

ചരിത്രത്തിലേക്ക്.................

1973 കളിലാണ് മാർട്ടിൻ കൂപ്പർ മൊബൈൽ ഫോൺ കണ്ടെത്തിയത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. ന്യൂയോർക്കിലെ സിക്സ്ത് അവന്യുവിൽ നിന്നുകൊണ്ട് പോക്കറ്റിൽ‌ നിന്ന് ഒരു സാധനം പുറത്തെടുത്തു. ക്രീം നിറത്തിലെ ആ വലിയ ഉപകരണത്തിലേക്ക് അയാൾ ഒരു നമ്പറടിച്ചു. എന്നിട്ടത് ചെവിയിൽ വച്ചു. നിരത്തിലൂടെ നടന്നുനീങ്ങിയവർ കൂപ്പറിനെ തുറിച്ചുനോക്കി. മോട്ടറോളയുടെ എൻജിനീയറായിരുന്ന കൂപ്പർ എതിരാളികളായ എടി ആൻഡ് ടി കമ്പനി മേധാവി ഡോക്ടർ ജോയലിനെ വിളിച്ചു. എന്നിട്ട് പറഞ്ഞു "കൈയിലൊതുങ്ങുന്ന, കൊണ്ടുനടക്കാവുന്ന, സ്വന്തം ഫോണിൽ നിന്നാണ് ഞാൻ വിളിക്കുന്നത്" എന്ന്. അതായിരുന്നു മൊബൈൽ ഫോണിലെ ആദ്യ സംഭാഷണം.

ലോകത്തിൽ വിപ്ലവം സൃഷ്‌ടിച്ച മോട്ടോറോള ഡൈന ടിഎസി 8000 എക്സ് ഫോൺ ആണ് ആദ്യത്തെ സെല്ലുലാർ ഫോൺ. 10 ഇഞ്ച് നീളവും ഒന്നര കിലോ ഭാരവുമുണ്ടായിരുന്നു ആ അത്ഭുത കണ്ടുപിടുത്തതിന്. 10 മണിക്കൂറോളം ചാർജ് ചെയ്യുന്ന ഫോണിന്‍റെ ചാർജ് 25 മിനിറ്റ് നേരത്തെക്ക് മാത്രമാണ് നീണ്ടുനിന്നത്. 10 വർഷങ്ങൾക്ക് ശേഷം 1983ലാണ് ഫോൺ വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറക്കിയത്. 1995 ജൂലൈയിൽ ഇന്ത്യയിലും പിറ്റേ വർഷം സെപ്റ്റംബറിൽ കേരളത്തിലും മൊബൈൽ ഫോൺ എത്തി.

1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ടായിരുന്നു. 20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്‍റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്‍റെ എണ്ണം വർദ്ധിച്ചിരിക്കുന്നു.

എന്നാൽ തനിക്ക് ഒരിക്കലും തന്‍റെ മക്കളും കൊച്ചുമക്കളും ഉപയോഗിക്കുന്നതുപോലെ മൊബൈൽ ഫോൺ ഉപയോഗിക്കാനാവില്ലെന്ന് മാർട്ടിൻ കൂപ്പർ വ്യക്തമാക്കുന്നു. പുതുതലമുറയുടെ മൊബൈൽ ഉപയോ​ഗം കണ്ട് തനിക്ക് സങ്കടം വരാറുണ്ടെന്നാണ് കൂപ്പർ അടുത്തിടെ പറഞ്ഞത്. ആളുകൾ ഫോണിൽ നോക്കി റോഡ് മുറിച്ച് കടക്കുന്നത് കാണുമ്പോൾ സഹതാപം തോന്നാറുണ്ട്. അവരുടെ കണ്ണും മനസും അതിനുള്ളിലാണെന്നു അദ്ദേഹം പറയുന്നു.

നാളെ ഒരു കാലത്ത് മൊബൈൽ ഫോൺ ആരോ​ഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും വിപ്ലവം സൃഷ്ടിച്ചേക്കാം. ഈ തലമുറ അല്ലെങ്കിൽ അടുത്ത തലമുറ അത്തരം ഒരു വിപ്ലവത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു..................

201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി

സിപിഐക്കും അതൃപ്തി മുന്നണിയിൽ ഒറ്റപ്പെട്ട് കൺവീനർ

മുന്നൊരുക്കങ്ങളായില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അനിശ്ചിതത്വത്തിൽ

18.5 അടി ഉയരത്തിൽ ആദിപരാശക്തി; പൗർണമിക്കാവിലേക്ക് ജയ്പുരിൽ നിന്ന് വിഗ്രഹം

സുരേഷ് ഗോപി ജയിക്കില്ല, എൻഡിഎ കൂടുതൽ വോട്ടു നേടും: വെള്ളാപ്പള്ളി നടേശൻ