വർധിച്ചങ്ങനെ... 
Business

മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്തിയില്‍ 17 ലക്ഷം കോടി രൂപയുടെ വർധന

നടപ്പുവര്‍ഷം മാത്രം മ്യൂച്വല്‍ ഫണ്ടുകളില്‍ 9.14 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്

ബിസിനസ് ലേഖകൻ

കൊച്ചി: നടപ്പുവര്‍ഷം ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്തിയില്‍ 17 ലക്ഷം കോടി രൂപയുടെ വർധന. ഓഹരി വിപണിയിലെ ആവേശവും മികച്ച സാമ്പത്തിക വളര്‍ച്ചയും ഉയരുന്ന നിക്ഷേപ പങ്കാളിത്തവുമാണ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രകടനം മെച്ചപ്പെടുത്തിയത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ് പദ്ധതികള്‍ക്ക് (എസ്ഐപി) പ്രിയമേറുന്നതും ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തത്തിലെ വർധനയുമാണ് മ്യൂച്വല്‍ ഫണ്ട് മേഖലയ്ക്ക് ആവേശം സൃഷ്ടിക്കുന്നത്. നടപ്പുവര്‍ഷം മാത്രം മ്യൂച്വല്‍ ഫണ്ടുകളില്‍ 9.14 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. 5.6 കോടി പുതിയ നിക്ഷേപകരാണ് കഴിഞ്ഞ വര്‍ഷം ഈ രംഗത്ത് പണം മുടക്കിയത്. എസ്ഐപികളിലൂടെ മാത്രം 2.4 ലക്ഷം കോടി രൂപയാണ് സമാഹരിക്കാനായതെന്ന് അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിക്ഷേപകരുടെ പണമൊഴുക്ക് കൂടിയതോടെ നവംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി സര്‍വകാല റെക്കോഡായ 68 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷം മൊത്തം ആസ്തി 50.78 ലക്ഷം കോടി രൂപയായിരുന്നു. നാല് വര്‍ഷത്തിനിടെ മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്തിയില്‍ 30 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്.

നടപ്പുവര്‍ഷം ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്കാണ് നിക്ഷേപകര്‍ പ്രധാനമായും പണമൊഴുക്കിയത്. ഓഹരി ഫണ്ടുകളില്‍ 3.53 ലക്ഷം കോടി രൂപയും കടപ്പത്ര ഫണ്ടുകളില്‍ 2.88 ലക്ഷം കോടി രൂപയും ഹൈബ്രിഡ് ഫണ്ടുകളില്‍ 1.44 ലക്ഷം കോടി രൂപയും ലഭിച്ചു.

2020 ഡിസംബറില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ കീഴിലുള്ള ആസ്തി 31 ലക്ഷം കോടി രൂപയായിരുന്നു. 2021 ഡിസംബറില്‍ 37.72 ലക്ഷം കോടി രൂപയും 2022 ഡിസംബര്‍ 40 ലക്ഷം കോടി രൂപയുമായി ആസ്തി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 5.78 ലക്ഷം കോടി രൂപയായിരുന്നു ആസ്തി.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി