ചൈനീസ് ടെക് കമ്പനി ടെൻസെന്‍റ്

 
Business

ശമ്പള വിവരം ചോർന്നു; 4.5 കോടി വാർഷിക പാക്കേജുള്ള ജീവനക്കാരനെ പിരിച്ചുവിട്ട് ചൈനീസ് ടെക് ഭീമൻ

ജീവനക്കാർ ശമ്പള വിവരങ്ങൾ, ആഭ്യന്തര ആശയവിനിമയങ്ങൾ, പ്രസിദ്ധീകരിക്കാത്ത സോഴ്‌സ് കോഡ് എന്നിവ പുറത്തുവിടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും കമ്പനി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്

Sarath Nath MS

ചൈനയിലെ പ്രമുഖ ടെക് കമ്പനിയായ ടെൻസെന്‍റിൽ ഉയർന്ന ശമ്പളം ലഭിച്ചിരുന്ന ഒരു ജീവനക്കാരനെ, വാർഷിക പ്രതിഫല വിവരങ്ങൾ ഓൺലൈനിൽ ചോർന്ന സംഭവത്തെ തുടർന്ന് കമ്പനി പിരിച്ചുവിട്ടു. കമ്പനിയുടെ രഹസ്യ വിവരങ്ങൾ പുറത്തേക്ക് കൈമാറിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി. സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

"യെ' എന്ന കുടുംബപേരിൽ മാത്രം പുറത്ത് അറിയപ്പെട്ടിരുന്ന ജീവനക്കാരൻ ടെൻസെന്‍റിന്‍റെ വീഷിൻ ഗ്രൂപ്പിൽ പ്രോജക്റ്റ് മാനേജറായിരുന്നു. ലോകമെമ്പാടുമായി 130 കോടിയിലധികം ഉപയോക്താക്കളുള്ള വീചാറ്റ് ആപ്പിന്‍റെ വികസന ചുമതല വഹിക്കുന്ന വിഭാഗമാണ് ഇത്. കമ്പനിയുടെ ആഭ്യന്തര പ്ലാറ്റ്ഫോമിൽ നിന്നുള്ളതെന്ന് കരുതുന്ന ഒരു സ്‌ക്രീൻഷോട്ട് പുറത്തായതോടെയാണ് അദ്ദേഹത്തിന്‍റെ വാർഷിക ശമ്പള പാക്കേജ് പൊതുജനങ്ങൾക്ക് മുന്നിലെത്തിയത്.

ചോർന്ന വിവരങ്ങൾ പ്രകാരം യെയുടെ വാർഷിക പ്രതിഫലം 31.7 ലക്ഷം യുവാൻ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 4.5 കോടി രൂപ) ആണ്. ഇതിൽ 8.2 ലക്ഷം യുവാൻ (ഏകദേശം 1.17 കോടി രൂപ) പണമായി ലഭിച്ച ബോണസും 23.5 ലക്ഷം യുവാൻ (ഏകദേശം 3.35 കോടി രൂപ) മൂല്യമുള്ള ഓഹരി ആനുകൂല്യങ്ങളും ഉൾപ്പെട്ടിരുന്നു. ഈ വിവരങ്ങൾ വൈറലായതോടെ കമ്പനിയിലെ ശമ്പള ഘടന, ജീവനക്കാരുടെ സ്വകാര്യത, രഹസ്യ വിവര സംരക്ഷണം എന്നിവയെക്കുറിച്ച് വ്യാപകമായ ചർച്ചകൾ ഉയർന്നു.

ടെൻസെന്‍റിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ, യെ കമ്പനിയുടെ അതീവ രഹസ്യ വിവരങ്ങൾ ബാഹ്യ വ്യക്തികൾക്ക് കൈമാറിയതായും അതുവഴി കമ്പനിക്കുള്ളിലും പുറത്തും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായതായും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതേതുടർന്ന് അദ്ദേഹത്തെ ഉടൻ പുറത്താക്കുകയും ഭാവിയിൽ ടെൻസെന്‍റിൽ വീണ്ടും ജോലി ലഭിക്കാത്തവിധം സ്ഥിരമായി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായി കമ്പനി അറിയിച്ചു.

സമീപ വർഷങ്ങളായി ടെൻസെന്‍റ് ആഭ്യന്തര അച്ചടക്കവും നിയമപാലനവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. 2025-ൽ മാത്രം 70ലധികം ചട്ടലംഘനങ്ങൾ കണ്ടെത്തിയതായും 90ലധികം ജീവനക്കാരെ പുറത്താക്കിയതായും 20ലധികം കേസുകൾ ക്രിമിനൽ അന്വേഷണത്തിനായി നിയമനടപടികൾക്ക് കൈമാറിയതായും കമ്പനി വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജീവനക്കാർ ശമ്പള വിവരങ്ങൾ, വ്യാപാര രഹസ്യങ്ങൾ, ആഭ്യന്തര ആശയവിനിമയങ്ങൾ, പ്രസിദ്ധീകരിക്കാത്ത സോഴ്‌സ് കോഡ്, ജീവനക്കാരുടെ രേഖകൾ എന്നിവ പുറത്തുവിടുന്നത് ടെൻസെന്‍റിന്‍റെ നയപ്രകാരം കർശനമായി നിരോധിച്ചിട്ടുണ്ടെന്നും കമ്പനി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇനി തെരഞ്ഞെടുപ്പിലേക്കില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

'അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക'; സഞ്ജുവിനോടുള്ള അവഗണനയിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ താരം

എല്ലാ കണ്ണുകളും നിതിൻ ഗഡ്കരിയിലേക്ക്; ഇ20 പെട്രോളിനെതിരേ സോഷ‍്യൽ മീഡിയയിൽ പുതിയ മൂവ്മെന്‍റ്, ബിജെപിക്ക് വെല്ലുവിളി

ലഹരി വിറ്റ അധ്യാപകർ ഇനി കുട്ടികളെ പഠിപ്പിക്കണ്ട; കീർത്തനയെ പിരിച്ചു വിട്ടു, കാവ്യക്കെതിരായ നടപടി ഉടൻ

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്