സൗമ്യകാന്ത് ഘോഷ്
ചീഫ് ഇക്കണോമിക് അഡ്വൈർ, എസ്ബിഐ ഗ്രൂപ്പ്.
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ജഡിപി വളർച്ചാ നിരക്കിലുള്ള സംശയങ്ങൾ നിരാകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഗവേഷകർ. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ 7.8 ശതമാനം വളർച്ച നേടിയെന്ന കണക്കുകൾ ചിലർക്ക് അംഗീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് എസ്‌ബിഐ വിദഗ്ധർ പറയുന്നു. ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ, മുൻ ഫിനാൻസ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, ചില കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ ജഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണം.
തെറ്റായ രീതിയിലുള്ള ഡേറ്റ വ്യാഖ്യാനത്തിലൂടെയാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയതെന്ന് എസ്‌ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ സൗമ്യകാന്ത് ഘോഷ് വ്യക്തമാക്കി. അടിസ്ഥാന വർഷം (base year) മാറ്റിയതാണ് കണക്കുകളിലെ വ്യത്യാസത്തിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (NSO) ഏപ്രിൽ-ജൂൺ പാദത്തിലെ ജിഡിപി കണക്കുകൾ പുറത്തുവിട്ടപ്പോൾ അടിസ്ഥാന വർഷം 2011-12 ആയിരുന്നു. അന്നത്തെ നോമിനൽ ജിഡിപി 86.1 ലക്ഷം കോടി രൂപയുമായിരുന്നു.
എന്നാൽ, ഈ വർഷം ഓഗസ്റ്റ് 31-ന് പുറത്തിറക്കിയ കണക്കുകളിൽ അടിസ്ഥാന വർഷം 2022-23 ആക്കി മാറ്റി. അതുകൊണ്ടു തന്നെ കഴിഞ്ഞ വർഷത്തെ കണക്ക് 80 ലക്ഷം കോടി രൂപയായി പുനർനിർണയിച്ചിരുന്നു. ഈ വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിലെ ജിഡിപി കണക്കാകട്ടെ, 88.3 ലക്ഷം കോടി രൂപയാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 7.8 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്.
ഈ വർഷത്തെ 88.3 ലക്ഷം കോടി രൂപയും കഴിഞ്ഞ വർഷത്തെ പഴയ കണക്കായ 86.1 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്ത് ചിലർ 2.6 ശതമാനമാണ് വളർച്ചയെന്ന് തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്നും ഇത് ബൗദ്ധികമായ സത്യസന്ധതയില്ലായ്മയുടെ ലക്ഷണമാണെന്നും സൗമ്യകാന്ത് കുറ്റപ്പെടുത്തി.
പുതിയ പാദത്തിലെ കണക്കുകൾ കഴിഞ്ഞ വർഷത്തെ പരിഷ്കരിച്ച കണക്കുകളുമായി താരതമ്യം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജിഡിപി കണക്കുകളിലെ ഇത്തരം പുനഃപരിശോധനകൾ തികച്ചും സ്വാഭാവികമാണെന്നും കൂടുതൽ പുതിയ ഘടകങ്ങൾ ഉൾപ്പെടുത്താനാണ് ഇത് ചെയ്യുന്നതെന്നും എസ്.ബി.ഐ ഗവേഷണ രേഖ വ്യക്തമാക്കുന്നു.