കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപനത്തിനു പിന്നാലെ ടിസിഎസിന്‍റെ ഓഹരികളിൽ 2 ശതമാനം ഇടിവ്
ന്യൂഡൽഹി: കൂട്ട പിരിച്ചുവിടൽ പ്രഖ്യാപനത്തിനു പിന്നാലെ ടിസിഎസിന്‍റെ (ടാറ്റ കൺസൾട്ടൻസി സർവീസസ്) ഓഹരികൾ ഏകദേശം 2 ശതമാനം ഇടിഞ്ഞു. എൻഎസ്‌ഇയിൽ 1.7 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ്, 2026 സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ ഏകദേശം 2 ശതമാനം പേരെ പിരിച്ചുവിടുമെന്ന് ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതോടെ മിഡിൽ, സീനിയർ മാനേജ്‌മെന്‍റ് തലങ്ങളിലായി ജോലി നഷ്ടപ്പെടുക 12,200 ഓളം ജീവനക്കാർക്കാണ്.
വിവിധ മേഖലകളിൽ എഐയുടെ സാധ്യത പ്രയോജപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടപ്പിരിച്ചുവിടൽ. ലാഭവിഹിതം നിലനിര്‍ത്തുന്നതിനും വിപണിയില്‍ മത്സരക്ഷമത തുടരുന്നതിനും കമ്പനിയുടെ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഐടി രംഗത്ത് വന്‍കിട കമ്പനികളെല്ലാം എഐയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുകയും ജോലിക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
പല തസ്തികകളിലേക്കും പുനർപരിശീലന, പുനർവിന്യാസ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ, ഭാവിയിലെ വളർച്ചയ്ക്കായി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനാൽ ചില പിരിച്ചുവിടലുകൾ അനിവാര്യമാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ടിസിഎസിലെ കൂട്ടപ്പിരിച്ചുവിടൽ ബാധിച്ച ജീവനക്കാർക്ക് ഉചിതമായ ആനുകൂല്യങ്ങൾ, ഔട്ട്‌പ്ലേസ്‌മെന്‍റ്, കൗൺസിലിംഗ്, പിന്തുണ എന്നിവ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.