Representative image 
Business

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ

ഇന്‍റര്‍നെറ്റ് ഉപയോഗം തുടര്‍ച്ചയായി കൂടുന്നതിനാല്‍ താരിഫ് കൂട്ടിയില്ലെങ്കില്‍ പോലും ടെലികോം നിരക്കുകള്‍ പത്ത് മുതല്‍ 15 ശതമാനം വരെ ഉയരാനിടയുണ്ട്.

ബിസിനസ് ലേഖകൻ

കൊച്ചി: മൊബൈല്‍ കോളുകളുടെ നിരക്ക് വർധിപ്പിക്കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ ഒരുങ്ങുന്നു. ജൂണ്‍ നാലിന് പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം നിരക്കുകള്‍ 25 ശതമാനം ഉയര്‍ത്താനാണ് മുന്‍നിര മൊബൈല്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ(വി) തുടങ്ങിയ കമ്പനികള്‍ ധാരണയിലെത്തിയിരിക്കുന്നത്. സ്പെക്‌ട്രം ലേലത്തില്‍ കമ്പനികള്‍ക്ക് മേല്‍ അധിക ഫീ ബാധ്യത കൂടി വരുന്നതിനാല്‍ നിലവിലുള്ള നിരക്കുകള്‍ ഉയര്‍ത്താതെ മാര്‍ഗമില്ലെന്ന് ടെലികോം കമ്പനികള്‍ പറയുന്നു. ലോകത്തിലെ മറ്റ് പ്രമുഖ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ഉപയോക്താവില്‍ നിന്നുള്ള പ്രതിയോഹരി വരുമാനം(എആര്‍പിയു) ഏറ്റവും കുറവ് ഇന്ത്യയിലാണ്. താരിഫ് വർധിപ്പിച്ചില്ലെങ്കില്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്നും അവര്‍ പറയുന്നു.

ഇന്‍റര്‍നെറ്റ് ഉപയോഗം തുടര്‍ച്ചയായി കൂടുന്നതിനാല്‍ താരിഫ് കൂട്ടിയില്ലെങ്കില്‍ പോലും ടെലികോം നിരക്കുകള്‍ പത്ത് മുതല്‍ 15 ശതമാനം വരെ ഉയരാനിടയുണ്ട്. പ്രതിയോഹരി വരുമാനം 300 രൂപയിലധികമാകാതെ ഇന്ത്യയിലെ ടെലികോം സേവനങ്ങള്‍ ലാഭകരമാകില്ലെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

രാജ്യം ഡിജിറ്റല്‍വത്കരണം വേഗത്തിലാക്കുമ്പോഴും അഞ്ചാം തലമുറ(5ജി) സേവനങ്ങള്‍ വ്യാപകമാക്കുന്നതില്‍ മുന്‍നിര ടെലികോം കമ്പനികള്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ അധിക നിക്ഷേപം ആവശ്യമാണെങ്കിലും വരുമാനം കാര്യമായി കൂടാത്തതാണ് മുന്‍നിര ടെലികോം കമ്പനികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ജിയോയും എയര്‍ടെല്ലും 5ജി വ്യാപകമാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഇക്കാര്യത്തില്‍ വലിയ ആവേശം ദൃശ്യമല്ല.

അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മൂലധന നിക്ഷേപം ആവശ്യമുള്ള ടെലികോം വിപണിയില്‍ നിന്ന് കൂടുതല്‍ പണം ഊറ്റിയെടുക്കാന്‍ സ്പെക്‌ട്രം ലേലത്തുകയ്ക്കൊപ്പം അധിക ഫീ കൂടി ഈടാക്കുന്നതിനാല്‍ കമ്പനികള്‍ വലിയ ബാധ്യതയാണ് നേരിടുന്നത്.

നിലവില്‍ ഭാരതി എയര്‍ടെല്ലിനാണ് ഉപയോക്താക്കളില്‍ നിന്നും പ്രതിമാസം ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിക്കുന്നത്. എയര്‍ടെല്ലിന് 208 രൂപയും റിലയന്‍സ് ജിയോയ്ക്ക് 182 രൂപയും വൊഡഫോൺ ഐഡിയയ്ക്ക് 160 രൂപയുമാണ് ലഭിക്കുന്നത്.

‌''ആധാർ സ്വീകരിക്കാം''; വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ക്രിക്കറ്റ് ആരാധകർക്ക് നിരാശ; കാര‍്യവട്ടം വനിതാ ലോകകപ്പിന് വേദിയാകില്ല

''പരിശോധിച്ച് തീരുമാനമെടുക്കും; രാഹുലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ബാലവകാശ കമ്മിഷൻ

പാലക്കാട് ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സൈബർ ആക്രമണം: ഹണി ഭാസ്കരന്‍റെ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് മുഖ‍്യമന്ത്രിയുടെ ഓഫിസ്