തിരുവനന്തപുരം: അഗ്‌നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പൊലീസ്) റിക്രൂട്ട്‌മെന്‍റ് റാലി കർണാടകം, കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്ത വനിതാ ഉദ്യോഗാർഥികൾക്കായി ജനുവരി 6,7 തീയതികളിൽ ബംഗളൂരുവിലെ ജയനഗർ കിത്തൂർ റാണി ചെന്നമ്മ സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യൻ ആർമിയിൽ വനിതാ ഉദ്യോഗാർഥികളെ അഗ്നിവീർ ജനറൽ ഡ്യൂട്ടിയായി (വനിതാ മിലിട്ടറി പൊലീസ്) എൻറോൾ ചെയ്യുന്നതിനാണ് റാലി. ആർമിയിൽ നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ റാലി വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയുടെ (സിഇഇ) ഫലം ഇതിനകം www.joinindianarmy.nic.in-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അഡ്മിറ്റ് കാർഡും നൽകി. ഉദ്യോഗാർഥികൾ അവരുടെ റാലി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് www.joinindianarmy nic-ലെ അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യണം. അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഉദ്യോഗാർഥികൾ ജനുവരി 6ന് ജയനഗർ കിത്തൂർ റാണി ചെന്നമ്മ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് നമ്പർ 2-ൽ നിശ്ചിത സമയത്ത് റിപ്പോർട്ട് ചെയ്യണം.