ജർമനിയിൽ നികത്താനാവാതെ നാല് ലക്ഷം തൊഴിലവസരങ്ങൾ
കൊച്ചി: നിർമാണം, ആരോഗ്യപരിപാലനം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലായി പ്രതിവര്‍ഷം നാല് ലക്ഷത്തിലധികം വിദഗ്ധ തൊഴിലാളികളെ ജര്‍മനിക്ക് ആവശ്യമുണ്ടെന്ന് ജർമനിയിലെ ഇന്‍റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്‍ പ്രസിഡന്‍റ് പ്രൊഫ. കാള്‍ ഹെയ്ന്‍സ് നൊയേട്ടല്‍. കൊച്ചിയില്‍ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സും സീഗള്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ഇന്തോ-ജർമന്‍ തൊഴില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ വൈദഗ്ധ്യത്തിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ സുരക്ഷാ മാർഗനിർദേശങ്ങള്‍ പാലിക്കുന്നവര്‍ക്ക് ജർമനി മുന്‍ഗണന നല്‍കും. ഇതിനായി 'വിഷന്‍ സീറോ' സുരക്ഷാ മാര്‍ഗനിര്‍ദേശത്തെ ആസ്പദമാക്കി ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജർമനിയിലെ തൊഴില്‍ സംസ്‌കാരത്തില്‍ സുരക്ഷയ്ക്കും ആരോഗ്യത്തിനും ക്ഷേമത്തിനും വലിയ പ്രാധാന്യമുണ്ട്. 'വിഷന്‍ സീറോ' ഈ മൂന്ന് ഘടകങ്ങളും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് വിഭാവനം ചെയ്തതാണ്. റിക്രൂട്ട്‌മെന്‍റ് സുഗമമാക്കുന്നതിന്‍റെ ഭാഗമായി വിസ നടപടികള്‍ പൂർണമായും ഡിജിറ്റലാക്കിയതായും അദ്ദേഹം പറഞ്ഞു. സമ്മേളനം, അന്താരാഷ്ട്ര തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാന ചര്‍ച്ചകള്‍ക്ക് വേദിയായി. വിഷന്‍ സീറോയുടെ ഏഴ് സുവര്‍ണ റൂളിനെ കുറിച്ച് പ്രത്യേക ക്ലാസും സംഘടിപ്പിച്ചു. സെഷനില്‍ പങ്കെടുത്ത എന്‍ജിനീയറിങ്, നഴ്‌സിങ് വിദ്യാർഥികള്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
മാന്‍പവര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്‍റ് കെ. ശ്രീനിവാസന്‍ കൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സീഗള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ ഇന്തോ-ജർമന്‍ തൊഴില്‍ സഹകരണത്തിന്‍റെ വിശദ രൂപരേഖ അവതരിപ്പിച്ചു.
ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ ഡോ. എന്‍. എം. ഷറഫുദ്ദീന്‍, ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി ഡോ. ജീവന്‍ സുധാകരന്‍, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള ഡിജിഎഫ്എഎസ്എല്‍ഇ മുന്‍ ഡയറക്റ്റര്‍ ജനറല്‍ ഡോ. അവ്‌നീഷ് സിംഗ്, കേരള സര്‍വകലാശാല ജർമന്‍ വിഭാഗം പ്രൊഫസര്‍ കെ. എന്‍. ശ്രീകുമാര്‍, സീഗള്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്റ്റര്‍ ശ്രേയസ് സുരേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.