ജർമനി കൂടുതൽ ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യും 
Career

ജർമനി കൂടുതൽ ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യും

2035 ആകുന്നതോടെ ജര്‍മനിയിൽ എഴുപതു ലക്ഷം തൊഴിലാളികളുടെ കുറവു വരുമെന്നാണ് കണക്കാക്കുന്നത്

ബര്‍ലിന്‍: ജർമനിയിൽ വർധിച്ചു വരുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കൂടുതൽ ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന് ജർമൻ തൊഴിൽ മന്ത്രി ഹുബർട്ട് ഹെയ്ൽ. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളിൽ ജർമൻ തൊഴിൽ മന്ത്രാലയം നേരത്തെ തന്നെ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിൽനിന്ന് കൂടുതൽ വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി ബര്‍ലിനിലെ ഫ്രീ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഇതിനായി പ്രത്യേകം ഇന്ത്യന്‍ സ്കില്‍ഡ് വര്‍ക്കര്‍ സ്ട്രാറ്റജിയും രൂപീകരിക്കും.

2035 ആകുന്നതോടെ ജര്‍മനിയിൽ എഴുപതു ലക്ഷം തൊഴിലാളികളുടെ കുറവു വരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ എഴുപതിലധികം തൊഴിൽ മേഖലകളിലാണ് കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നത്. ഗതാഗതം, നിര്‍മാണം, ആരോഗ്യ സംരക്ഷണം, എൻജിനീയറിങ്, ഐടി തുടങ്ങിയ മേഖലകള്‍ ഇതിൽ ഉൾപ്പെടുന്നു.

നിയന്ത്രണങ്ങളിൽ വരുത്തിയിട്ടുള്ള ഇളവുകൾ പ്രകാരം, അതത് വിദഗ്ധ തൊഴിൽ മേഖലകളിൽ രണ്ടോ അതിലധികമോ വര്‍ഷത്തെ പരിചയവും സ്വന്തം രാജ്യത്ത് അംഗീകാരമുള്ള പ്രൊഫഷണല്‍ / യൂണിവേഴ്സിറ്റി ബിരുദവുമുള്ള വിദേശ തൊഴിലാളികളെ ആ മേഖലയില്‍ ജര്‍മനിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. പെർമനന്‍റ് റെസിഡൻസ് പെർമിറ്റായ ബ്ളൂ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും അംഗീകൃത വിദഗ്ധ തൊഴിലാളികള്‍ക്ക് ഇളവുകളുണ്ട്.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ